അമ്പലപ്പുഴ: ഹോമിയോ ആശുപത്രിയിൽ മോഷണം. ഒപി ചീട്ടിന്റെ പണം കവർന്നു. അമ്പലപ്പുഴ തെക്ക് ഹോമിയോ ആശുപത്രിയിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാരിയെത്തിയപ്പോൾ ആശുപത്രിയുടെ രണ്ടു വാതിലും പൊളിച്ച നിലയിലായിരുന്നു. ഒരു വാതിൽ വെട്ടിപ്പൊളിച്ച നിലയിലും മറ്റൊരു വാതിലിന്റെ പൂട്ട് തകർത്ത നിലയിലുമായിരുന്നു.
പിന്നീട് മെഡിക്കൽ ഓഫീസർ ഡോ. സൂര്യയുടെ നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ഒപി ചീട്ട് നൽകിയ ഇനത്തിൽ ലഭിച്ച 460 രൂപയാണു നഷ്ടപ്പെട്ടത്. മറ്റു വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോ. സൂര്യ പറഞ്ഞു. അമ്പലപ്പുഴ പോലീസെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ വ്യക്തമല്ലാത്ത ചിത്രം പതിഞ്ഞിട്ടുണ്ട്. ആശുപത്രിക്കു വെളിയിൽ വച്ചിരുന്ന യോഗാ മാറ്റ് പുതച്ചുകൊണ്ട് പോകുന്ന ദൃശ്യമാണ് പതിഞ്ഞിരിക്കുന്നത്.
ഒരു മാസത്തിനിടെ അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങളാണ് നടന്നത്. കാക്കാഴം എസ്എൻവി ടിടിഐ, അമ്പലപ്പുഴ നന്ദാവനം സ്കൂളുകളിൽ മോഷണം നടന്നതിന് പിന്നാലെയാണ് ഇപ്പോൾ ഹോമിയോ ആശുപത്രിയിലും മോഷണം നടന്നിരിക്കുന്നത്.