പാലാ: രാമപുരം റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ബിഎസ്എന്‍എല്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കലുങ്ക് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. കലുങ്കിന്റെ ഉയരക്കൂടുതലാണ് ഇവിടെ അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
ബിഎസ്എന്‍എല്‍ റോഡില്‍നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് കലുങ്ക് കൃത്യമായി കാണാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ തിരിയുന്നതിനിടെ കലുങ്കില്‍ ഇടിച്ചുകയറുന്നത് പതിവായിരിക്കുകയാണ്. ഇന്നലെയും ഇവിടെ കാര്‍ കലുങ്കില്‍ ഇടിച്ചുകയറി അപകടമുണ്ടായി. നിരവധി വാഹനങ്ങളാണ് ഇതിനോടകം ഇവിടെ അപകടത്തില്‍പ്പെട്ടത്.
അപകടസാധ്യത ഒഴിവാക്കുന്നതിനായി കലുങ്കിന്റെ ഉയരം കുറയ്ക്കുകയോ വാഹനയാത്രക്കാര്‍ക്ക് ദൂരെനിന്നുതന്നെ കാണാവുന്ന വിധത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ളക്ടറുകളും സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.