രാമങ്കരി: ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽപി സ്കൂളിനു മുന്നിലൂടെ, മാന്പുഴക്കരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ വടക്കേ ആറ്റുതീരം വരെ നീളുന്ന റോഡ് കാലവർഷം ശക്തമായതോടെ കുളമായി. അധ്യാപകരും കുട്ടികളും നാട്ടുകാരുമുൾപ്പെടെ നിരവധി ആളുകളുടെ യാത്ര ഇതോടെ കടുത്ത ദുരിതത്തിലായി. രാമങ്കരി പഞ്ചായത്തിലെതന്നെ വളരെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഇവിടെ മഴവെള്ളം ഒഴുകിപ്പോകാൻ നിർവാഹമില്ലാതെ കെട്ടിനില്ക്കുകയാണ്.
പുതിയ അധ്യയനവർഷത്തിനു തുടക്കംകുറിച്ചപ്പോൾത്തന്നെ ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായത് വിദ്യാർഥികളെയും രക്ഷാ കർത്താക്കളെയും കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ കാലവർഷത്തിലും ഇവിടത്തെ സ്ഥിതി ഇങ്ങനെതന്നെയായിരുന്നു.
നാട്ടുകാർ ശ്രമദാനവുമായി രംഗത്തെത്തി അന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് അന്നുതന്നെ കഴിഞ്ഞ പഞ്ചായത്ത് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലൊരു പരിഹാരം കാണാൻ അന്നത്തെ ഭരണസമിതി തയാറാകാതെ വന്നതാണ് വീണ്ടും യാത്ര പ്രതിസന്ധിയിലാകാൻ കാരണമായത്.
ഗ്രാമശക്തിഫോറം കുട്ടനാട് നേതൃത്വത്തിൽ പ്രതിഷേധിക്കും
നിരവധി കുട്ടികളാണ് ഇതുവഴി നിത്യവും സ്കൂളിലേക്ക് പോവുന്നത്. വെള്ളക്കെട്ടു നിറഞ്ഞ വഴികൾ കുട്ടികൾക്കു കടുത്ത ഭീഷണിയാണ്. ഇതിലേ ഒരു ഓട്ടോറിക്ഷ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽഅടിയന്തിര പരിഹാരം കാണാൻ അധികൃതർ തയാറാകണം. അല്ലാത്ത പക്ഷം ഗ്രാമശക്തി കുട്ടനാട് ഫോറം നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ തയാറാകുമെന്ന് രക്ഷാധികാരി ജിമ്മിച്ചൻ നടിച്ചിറ, സെക്രട്ടറി സൈനോ തോമസ് മൂക്കോടി എന്നിവർ പറഞ്ഞു.