ന്യൂഡൽഹി: മെറ്റ തങ്ങളുടെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ചിത്ര നിർമാണ ടൂളായ 'മ്യൂസ് ഇമേജ്' പുറത്തിറക്കി. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ടൂൾ, ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ സ്വകാര്യതാ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുകയാണ്. 'മാംഗോ' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ഫീച്ചർ നിലവിൽ മെറ്റാ എഐ ആപ്പ്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാണ്.
ഈ പുതിയ എഐ ടൂളിന് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് മെറ്റ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. അതായത്, ഒരു ഉപയോക്താവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആണെങ്കിൽ, മറ്റേതൊരു വ്യക്തിക്കും ആ അക്കൗണ്ട് 'ടാഗ്' ചെയ്തുകൊണ്ട് അവരുടെ ചിത്രങ്ങൾ എഐ വഴി നിർമിച്ചെടുക്കാൻ സാധിക്കും.
വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ അവരുടെ യഥാർഥ ചിത്രങ്ങൾ എഐ ഫോട്ടോകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. മെറ്റയുടെ നയമനുസരിച്ച് പബ്ലിക് അക്കൗണ്ടുകളിലെ വിവരങ്ങൾ എഐ ഫീച്ചറുകൾക്കായി ഉപയോഗിക്കാമെന്നും, എന്നാൽ ഇത്തരത്തിൽ എഐ ചിത്രങ്ങൾ നിർമിക്കപ്പെടുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് നോട്ടിഫിക്കേഷൻ ലഭിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.
നിലവിൽ ഈ ഫീച്ചർ ഫോണുകളിൽ തനിയെ ആക്റ്റീവ് ആയിരിക്കുമെങ്കിലും, ഉപയോക്താക്കൾക്ക് സെറ്റിങ്സ് വഴി ഇത് ഓഫാക്കാനോ അക്കൗണ്ട് പ്രൈവറ്റ് ആക്കാനോ സാധിക്കും. എന്നാൽ, മുൻപ് ഇത്തരത്തിൽ നിർമിക്കപ്പെട്ട ചിത്രങ്ങൾ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സ്വകാര്യതാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിരവധി നൂതന ഫീച്ചറുകളുമായാണ് മ്യൂസ് ഇമേജ് എത്തിയിരിക്കുന്നത്. സാധാരണ എഐ ടൂളുകളെപ്പോലെ കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങൾ, പോസ്റ്റ്കാർഡുകൾ, ഇൻവിറ്റേഷൻ കാർഡുകൾ എന്നിവ നിർമിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ചിത്രങ്ങൾക്കുള്ളിൽ തന്നെ ക്യുആർ കോഡുകൾ നിർമിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30 പുതിയ എഐ ഇഫക്റ്റുകളും ഫിൽട്ടറുകളും ഈ ടൂൾ വഴി മെറ്റാ ഒരുക്കുന്നുണ്ട്.
അലക്സാണ്ടർ വാങ് നയിക്കുന്ന മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സിന്റെ രണ്ടാമത്തെ വലിയ റിലീസാണിത്. ഓപ്പൺഎഐയുടെ ജിപിടി ഇമേജ് 2 വിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ റേറ്റിങ്ങിൽ മ്യൂസ് ഇമേജ്. ഇതോടൊപ്പം മ്യൂസ് വീഡിയോ എന്ന എഐ വീഡിയോ ജനറേറ്ററും മെറ്റ വികസിപ്പിച്ചുവരികയാണ്.
മ്യൂസ് ഇമേജ് സൗജന്യമായാണ് നൽകുന്നതെങ്കിലും, ഒരു നിശ്ചിത ഉപയോഗ പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് മെറ്റാ വൺ പോലുള്ള പെയ്ഡ് പ്ലാനുകൾ എടുക്കേണ്ടി വരും. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് ഡയറക്ട് മെസ്സേജുകളിലും ലഭ്യമായിട്ടുള്ള ഈ ടൂൾ ഈ വർഷം അവസാനത്തോടെ ഫേസ്ബുക്കിലും മെസ്സഞ്ചറിലും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പരസ്യദാതാക്കൾക്കായി ബിസിനസ് ടൂളുകളിലും ഈ എഐ സേവനം മെറ്റ ലഭ്യമാക്കുന്നുണ്ട്.