ഒരു പാട്ടിനെ ഇഷ്ടപ്പെടുന്നവരുണ്ടാകാം ഇഷ്ടപ്പെടാത്തവരുമുണ്ടാകാം. എന്നാൽ ഒരു പാട്ടുകൊണ്ട് സ്വന്തം മേഖലയിൽ ഒരു പ്രതിയോഗിയെ സൃഷ്ടിച്ച കഥ കേട്ടിട്ടുണ്ടോ ?
കവിയരശ് കണ്ണദാസൻ, തമിഴ് ചലച്ചിത്ര ഗാനരചയിതാക്കളിൽ സർവാദരണീയൻ. കവികളുടെ രാജാവ് എന്നതാണ് കവിയരശ് എന്ന വാക്കിനർഥം. ഒരു മനുഷ്യന് ആവശ്യമുള്ള എല്ലാം പാട്ടിലൂടെ പ്രദാനംചെയ്യാൻ കഴിവുള്ള കവി.
രാഷ്ട്രീയവും സമൂഹവും തമിഴ് സിനിമയെ നോക്കി മുന്നോട്ടുപോയിരുന്ന കാലത്ത് തന്റെ ഗാനങ്ങളിലൂടെ മൂന്നിനെയും പ്രചോദിപ്പിച്ചിരുന്ന ദാർശനീകന്. കണ്ണദാസൻ ഉപദേശരൂപേണ രചിച്ച ആറു മനമേ ആറ്, ഉന്നൈ അറിന്താൽ, പോന്നാൽ പോകട്ടും പോടാ തുടങ്ങിയ ഗാനങ്ങളെല്ലാം തമിഴകത്തിൽ ഏതു സാരോപദേശ കഥകളെക്കാളും വേദപുസ്തകങ്ങളെക്കാളും ജനപ്രിയമാണ്.
തമിഴകത്ത് കണ്ണദാസൻ ജ്വലിച്ചു തുടങ്ങിയ സമയത്ത് ശ്രീരംഗത്തുനിന്നു കവിതാവാസനയുള്ള രംഗരാജൻ എന്നൊരു യുവാവ് മദ്രാസിലെത്തുന്നു. സിനിമകളിൽ ഗാനരചനയ്ക്ക് അവസരം തേടിയാണ് വരവ്.
1958ൽ 'അഴകർമലൈ കള്ളൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിക്കാൻ ആദ്യമായി അവസരം ലഭിച്ചു. തുടർന്നു നാലഞ്ചുവർഷം ഇടയ്ക്കൊക്കെ ചിത്രങ്ങൾ ലഭിച്ചെങ്കിലും ഭാവിയുറപ്പിക്കാൻ തക്ക അവസരങ്ങളോ, വരുമാനമോ രംഗരാജനു ലഭിച്ചില്ല.
ഹതാശനായ രംഗരാജൻ 1962ൽ നാട്ടിലേക്ക് തിരിച്ചുപുറപ്പെട്ടു. പോകുംവഴി ഒരു സ്ഥലത്തുനിന്നു ഒരു ചലച്ചിത്രഗാനം കേട്ടു.
'മയക്കമാ കലക്കമാ' എന്നുതുടങ്ങുന്ന ഗാനം. ജെമിനി ഗണേശൻ നായകനായി പുറത്തിറങ്ങിയ 'സുമൈതാങ്കി' എന്ന സിനിമയിലെ ഗാനമായിരുന്നു അത്.
കണ്ണദാസൻ രചിച്ച്, എം.എസ്. വിശ്വനാഥൻ - രാമമൂർത്തി സംഗീതംനൽകിയ ഗാനം. പി.ബി. ശ്രീനിവാസനാണ് ആലാപനം. വരികൾ ഇങ്ങനെയാണ്.
മയക്കമാണോ, കലങ്ങിയിരിക്കുകയാണോ ? മനസ് കുഴപ്പത്തിലാണോ ?
ജീവിതത്തിൽ നടുക്കമാണോ ? ജീവിതത്തിൽ ആയിരക്കണക്കിന് സംഭവങ്ങളുണ്ടാകും, ഓരോ വാതിലുകളിലും വേദനയുണ്ടാകും.വരുന്നതെന്തായാലും ദുഃഖിച്ചിരുന്നാൽ അത് പോവുകയില്ല. എന്തും സഹിക്കാൻ ശേഷിയുള്ള ഹൃദയമുണ്ടായാൽ മരണംവരെ സമാധാനമുണ്ടാകും.
ചിത്രത്തിൽ ദുഖിതനായ നായകനെ മന:സാക്ഷി സാന്ത്വനിപ്പിക്കുന്നതാണ് രംഗം. ഗാനം രംഗരാജനെ ഉണർത്തി. പുത്തനുണർവ് ലഭിച്ച ആ യുവകവി മടങ്ങിപ്പോകാനുള്ള ശ്രമം ഉപേക്ഷിച്ചു മദ്രാസിലേക്ക് തിരിച്ചുകയറി.
പിന്നീടുണ്ടായത് ചരിത്രമാണ്. ഡിഎംകെ വക്താവായി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കണ്ണദാസൻ അന്ന് സിനിമയിലും രാഷ്ട്രീയത്തിലും വിപ്ലവം സൃഷ്ടിച്ചിരുന്ന മക്കൾ ദൈവം എം.ജി.ആറിന്റെ കടുത്ത വിമർശകൻ കൂടിയായിരുന്നു.
കണ്ണദാസന്റെ പ്രതിഭയെ ആദരിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിലും സിനിമയിലും തന്റെ പ്രതിച്ഛയയ്ക്ക് പോറലേൽക്കുന്നതൊന്നും അനുവദിക്കാത്ത എം.ജി.ആർ. കണ്ണദാസനെ തന്റെ ചിത്രങ്ങളിൽനിന്നു ഒഴിവാക്കിത്തുടങ്ങി. പകരം ലളിതമായ വരികളിലൂടെ ശ്രദ്ധനേടി ഉയർന്നുവന്നിരുന്ന രംഗരാജനെ ശ്രദ്ധിച്ചു.