വടക്കാഞ്ചേരി: വാഴാനി ഡാമിലെ മ്യൂസിക് വാട്ടർഫൗണ്ടൻ തുരുമ്പെടുക്കുന്നു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു ആറുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മ്യൂസിക് ഫൗണ്ടനാണ് പാതിവഴിയിൽ നിർമാണം നിലച്ചത്. വർഷം രണ്ട് കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയില്ല.
കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി വി.ജെ. ജമാൽ ആരോപിച്ചു. നിർമാണത്തിന്റെ അവശിഷ്ടങ്ങൾ നടവഴിയിൽ കൂട്ടിയിട്ടിരിക്കുന്നതും വിനോദസഞ്ചാരികളെ കുറേക്കാലമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വഴിയിലെ ടൈൽസുകൾ ഇളകിമാറിയ നിലയിലാണ്. ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ വലിയ തുകകൾ പാസാക്കുന്നുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല.
ഡാമിലെ സോളാർ പാനൽ കളവുപോയതിലും ലൈറ്റുകൾ പ്രവർത്തിക്കാത്തതിലും അധികാരികൾ മറുപടി പറയുന്നില്ല. ഉന്നത അധികാരികൾക്ക് പരാതിനൽകുമെന്ന് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയും വിജിലൻസ് അന്വോഷണം വേണമെന്ന് നിയോജക മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.