കാഞ്ഞങ്ങാട്: ഇടുങ്ങിയ വഴിയില്‍ കനത്ത മഴയ്ക്കൊപ്പം വെള്ളക്കെട്ടും കൂടിയായപ്പോള്‍ കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിലേക്കുള്ള യാത്ര വിദ്യാര്‍ഥികള്‍ക്ക് ദുരിതമയമായി. മൂവായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
പഴയ കൈലാസ് തിയേറ്ററിനു സമീപമുള്ള ഇടുങ്ങിയ റോഡാണ് സ്കൂളിലേക്ക് പോകാനായി കുട്ടികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഒരേസമയം രണ്ട് ഓട്ടോറിക്ഷകള്‍ക്ക് കടന്നുപോകാനുള്ള വീതി പോലും ഈ റോഡിനില്ല.
സ്കൂള്‍ സമയത്ത് ഇരുഭാഗത്തു നിന്നുള്ള ഓട്ടോറിക്ഷകള്‍ കൂട്ടത്തോടെ വരുമ്പോള്‍ റോഡില്‍ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അതിനൊപ്പം വെള്ളക്കെട്ട് കൂടിയാകുമ്പോള്‍ കുട്ടികള്‍ക്ക് ഇതുവഴിയുള്ള കാല്‍നടയാത്ര അസാധ്യമായ സ്ഥിതിയാണുള്ളത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടി നഗരസഭ അധികൃതര്‍ കൈക്കൊണ്ടില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.