തൃശൂർ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടുപൂക്കളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണലിന്റെയും തൃശൂർ കോ-ഓപ്പറേറ്റീവ് കോളജിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നാടൻ പൂക്കളുടെ പ്രദർശനം ശ്രദ്ധേയമായി.
തൊണ്ടിപ്പൂവ്, ചേനപ്പൂവ്, കൈതപ്പൂവ്, കാട്ടുതുളസിപ്പൂവ്, പെരുവിലംപൂവ്, ദശപുഷ്പങ്ങൾ, കൊങ്ങിണിപ്പൂവ്, കണ്ണാംതളിപ്പൂവ്, വെള്ളമുക്കുറ്റി, കൊട്ടപ്പൂവ്, നെല്ലിന്റെ പൂവ്, കൊന്നപ്പൂവ് എന്നിവയടക്കം ഇരുനൂറിലേറെ ഇനം നാട്ടുപൂക്കളാണ് പരിചയപ്പെടുത്തിയത്. വംശനാശഭീഷണി നേരിടുന്ന നാട്ടുപൂക്കളും പ്രദർശനത്തിലുണ്ടെന്ന് സംഘാടകർ പറഞ്ഞു.
നാട്ടുപൂച്ചെടികൾ സംരക്ഷിക്കപ്പെടണം: മേയർ
തൃശൂർ: നാട്ടു പൂച്ചെടികളെ സംരക്ഷിക്കുന്നതിതും പരിപാലിക്കുന്നതും ജൈവവൈവിധ്യം നിലനിർത്തുന്നതിനും അത്യാവശ്യ ഘടകമാണ് ഇത്തരം പ്രദർശനങ്ങളെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ. തൃശൂർ കോ-ഓപ്പറേറ്റീവ് കോളജിൽ സംഘടിപ്പിച്ച പ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേയർ. ഒയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം രമാദേവി, കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് എ.ജി. നാരായണൻ പ്രിൻസിപ്പൽ ടി. സുരേഷ്കുമാർ, ഒയിസ്ക സെക്രട്ടറി ഡോ.ടി.എൽ. സോണി, ട്രഷറർ പി.എ. വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.