തൃശൂർ: പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയംശുശ്രൂഷയാണ് വായന. ആശുപത്രികൾ അനുഭവങ്ങളുടെ ഖനിയാണ്, അതിനാൽ വായന പ്രോത്സാഹിപ്പിക്കാൻ നല്ല ശ്രമം വേണമെന്നു സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വായനവാരാഘോഷങ്ങളും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമലയിലെ വിവിധ കോളജുകളിലെയും ഓഫീസുകളിലെയും നല്ല വായനക്കാർക്കുള്ള പദ്മഭൂഷൺ ഫാ. ഗബ്രിയേൽ സിഎംഐ അവാർഡുകളും അഖില കേരളാടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കായി നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പേരിഞ്ചേരി അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി സർവകലാശാല മുൻ ലൈബ്രേറിയൻ ഡോ.ഇ.കെ. മോഹൻലാൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കാർഷിക സർവകലാശാല ചീഫ് ലൈബ്രേറിയൻ ഡോ.എൻ.ബി. നിഷ വായനപ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽമാരായ ഡോ. റെന്നിസ് ഡേവിസ്, ഷീബ ഭാസ്കർ, സിസ്റ്റർ മിനി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, വിദ്യാർഥിപ്രതിനിധികളായ ഡോൺ തോമസ്, സോനു സൂസൻ അബി, ടി.എസ്. അമൽ, ആൽവ മേരി ചാക്കോ, വി.കെ. അജ്നാൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയൻ ഗ്ലാഡിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അമല മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, മെഡിക്കൽ സ്റ്റുഡൻസ് കൗൺസിൽ അരോഹ, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനവാരാഘോഷം നടത്തിയത്.
തിങ്കളാഴ്ച നടക്കുന്ന "വായനയും മനഃശാസ്ത്രവും' എന്ന വിഷയത്തിലുള്ള സെമിനാർ മനഃശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ ഡോ. പി.കെ. പ്രീതിമേനോൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ നയിക്കും.