നിയമം നീതി നടപ്പിലാക്കാൻ മനുഷ്യവർഗം കണ്ടെത്തിയ ഉപകരണമാണ്. നീതിയുടെ അനന്തരഫലമാണ് സമാധാനവും പുരോഗതിയും. എന്നാൽ, കേന്ദ്രസർക്കാർ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന എഫ്സിആർഎ നിയമ ഭേദഗതി ബിൽ അടിസ്ഥാന നീതിയെ അട്ടിമറിക്കാൻ ലക്ഷ്യംവച്ചുള്ളതാണ്. നിയമത്തെ സ്വാർഥലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്നത് ഈ ഭേദഗതിയിലൂടെ വ്യക്തമാകുന്നു.
നിയമലംഘനത്തിന്റെ ശിക്ഷ
സമൂഹത്തിൽ നീതി നടപ്പിലാക്കാൻ നിയമലംഘകർക്ക് ശിക്ഷ നൽകുന്നു. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നതായിരുന്നു ബാബിലോണിയൻ നിയമദാതാവായ ഹജുറാബിയയുടെ നിയമം അനുശാസിച്ചിരുന്നത്. രാഷ്ട്രനിയമം രൂപപ്പെടുന്നതിന്റെ ഏറ്റവും പ്രാകൃതഘട്ടത്തിൽപോലും ശിക്ഷ കുറ്റത്തിന് ആനുപാതികമാകണം എന്ന തത്വം പാലിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലും ഭാരതത്തിലും നിർമിക്കപ്പെടുന്ന പല നിയമനിർമാണവും രാഷ്ട്രപുരോഗതിയേക്കാൾ ചില വിഭാഗം ജനങ്ങളെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാനുള്ള നീചലക്ഷ്യത്തിന്റെ പ്രകാശനങ്ങളാണ്.
ഇക്കാര്യം മനസിലാക്കാൻ 1957ൽ ഇഎംഎസ് നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിന്റെ ഒരു വാചകം പരിശോധിച്ചാൽ മതി. ഏതെങ്കിലും കാരണവശാൽ സ്കൂളിന്റെ മാനേജർ സ്കൂൾ നടത്തിപ്പിൽ ഒരു തെറ്റു ചെയ്താൽ സ്കൂൾ സർക്കാർ കണ്ടുകെട്ടും.
നൂറും നൂറ്റന്പതും വർഷമായി സ്വകാര്യവ്യക്തികൾ സ്വന്തം പണമുപയോഗിച്ചു നിർമിച്ച് സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കുന്ന വസ്തുക്കളും സംവിധാനങ്ങളും അതിലെ ഒരു അധികാരി ചെയ്യുന്ന തെറ്റുമൂലം സർക്കാർ വസ്തുവായി മാറും. ഇത്തരം ശിക്ഷാവിധിയാണ് മൊട്ടുസൂചി മോഷ്ടിച്ചവനെ തൂക്കിക്കൊല്ലുക എന്ന പ്രയോഗത്തിലൂടെ മനസിലാക്കേണ്ടത്.
ക്രിസ്ത്യൻ സ്ഥാപനങ്ങൾ ദേശസാത്കരിക്കുക എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നീചലക്ഷ്യത്തിനുവേണ്ടി ഇഎംഎസ് സർക്കാർ രൂപപ്പെടുത്തിയ നിയമത്തിൽ കുറ്റത്തിന് നൽകുന്ന ശിക്ഷയുടെ അനുപാതരാഹിത്യം കോടതി തിരിച്ചറിഞ്ഞതുകൊണ്ട് പ്രസ്തുത ബിൽ ചവറ്റുകൊട്ടയിലെറിഞ്ഞു.
കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ച അതേ ഗൂഢലക്ഷ്യം സംഘപരിവാർ സംഘടനകളുടെ അടുക്കളയിൽ വേവിച്ചെടുത്തതാണ് എഫ്സിആർഎ ഭേദഗതി ബില്ലിന്റെ ചില വാചകങ്ങൾ എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. ഏതെങ്കിലും കാരണവശാൽ ഒരു സംഘടനയുടെ എഫ്സിആർഎ അക്കൗണ്ടിൽ തെറ്റു കാണുകയോ പ്രസ്തുത അക്കൗണ്ട് പുതുക്കാൻ കഴിയാതെവരികയോ ചെയ്താൽ പ്രസ്തുത സംഘടനയുടെ സന്പത്ത് മുഴുവൻ സർക്കാർ സംവിധാനത്തിന് കീഴിലാക്കി ഭരണം നടത്തും എന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.
ഉദാഹരണമായി, വെല്ലൂർ സിഎംസി മെഡിക്കൽ കോളജ് ഒരു ക്രിസ്ത്യൻ ചാരിറ്റബിൾ സ്ഥാപനമാണ്. അതിന്റെ ആസ്തികൾ 125 വർഷമായി അനേകം ഭാരതീയരുടെ അധ്വാനഫലം സ്വരൂപിച്ച് രൂപം നൽകിയതാണ്. പ്രസ്തുത സ്ഥാപനം നടത്താൻ, വിദേശത്ത് ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ സംഭാവനകൾ നൽകുന്നു. ഈ സംഭാവനകൾ സ്വീകരിക്കാൻ എഫ്സിആർഎ അക്കൗണ്ട് ആവശ്യമാണ്.
ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ തെറ്റുചെയ്യുകയോ ഈ അക്കൗണ്ട് പുതുക്കാൻ സാങ്കേതികമായി കഴിയാതിരിക്കുകയോ ചെയ്താൽ ഈ മെഡിക്കൽ സംവിധാനം സർക്കാർ ഏറ്റെടുക്കും എന്നതാണ് ഈ ബില്ലിന്റെ ചില വാചകങ്ങൾ നൽകുന്ന സാധ്യത. ഈ വ്യാഖ്യാനസാധ്യത ഉപയോഗിച്ചാൽ വിദേശ സഹായം സ്വീകരിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബിജെപി സർക്കാരിന്റെ സ്വന്തക്കാർക്ക് നടത്താൻ നൽകാം. സിഎംസി മെജിക്കൽ കോളജ് ഈ ചാരിറ്റി പ്രസ്ഥാനത്തിലൂടെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് നൂറുപേരെക്കൊണ്ട് പരാതി കേന്ദ്രസർക്കാരിന് നൽകിയാൽ അതോടെ ആ പ്രസ്ഥാനം ഇല്ലാതാകും.
കേരളത്തിലെ അവസ്ഥ
കേരളത്തിലെ ക്രൈസ്തവരുടെ ആസ്തികൾ മുഴുവൻ തദ്ദേശീയ ക്രൈസ്തവരുടെ സന്പത്തിന്റെ ഓഹരിയിൽനിന്നാണ് രൂപംകൊടുത്തത്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ പല വിദ്യാർഥികളും വിദേശത്ത് ജോലിചെയ്യുന്നുണ്ട്. അവർക്ക് ഇന്ത്യയിലെ തങ്ങളുടെ മാതൃസ്ഥാപനത്തിന് സംഭാവന നൽകണമെങ്കിൽ എഫ്സിആർഎ അക്കൗണ്ട് നിർബന്ധമാണ്.
ഉദാഹരണമായി, തൃശൂർ സെന്റ് തോമസ് കോളജ് പോലുള്ള നൂറുകണക്കിന് സ്ഥാപനങ്ങൾ കഴിഞ്ഞ 150 വർഷമായി തൃശൂർ രൂപതയിലെ വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും അധ്വാനഫലം ഉപയോഗിച്ച് നിർമിച്ചതാണ്. ഈ കലാലയങ്ങളിലെ വിദ്യാർഥികൾക്കു വിദേശത്ത് ജോലിചെയ്ത് അവർ നൽകുന്ന സംഭാവനകളും എഫ്സിആർഎ അക്കൗണ്ടിലൂടെയാണ് സഭയ്ക്ക് ലഭിക്കുന്നത്.
അത്തരം സംഭാവനകളാണ് ഇത്തരം സ്ഥാപനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഉപയോഗിക്കുന്നത്. കേരളത്തിലെ സാധാരണക്കാർ മുഴുവൻ പ്രസ്തുത സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളാണ്.
ഈ പ്രസ്ഥാനങ്ങൾക്ക് സംഭാവനകൾ നൽകുന്ന എഫ്സിആർഎ അക്കൗണ്ട് നിർത്തലാക്കിയാൽ പ്രസ്തുത സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുമെന്ന നിയമ ഭേദഗതി പ്രാകൃത നിയമങ്ങളേക്കാൾ പ്രാകൃതമാണ്.
കുറ്റത്തേക്കാൾ അനേക മടങ്ങ് ശിക്ഷ നൽകുന്ന പ്രസ്തുത നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തയാറായില്ലെങ്കിൽ അത് ന്യൂനപക്ഷങ്ങളെ ഞങ്ങൾ ഇല്ലാതാക്കും എന്ന സംഘപരിവാർ ശ്രമങ്ങൾക്ക് കുടചൂടുന്നതിനു തുല്യമാണ്.