ടെഹ്റാൻ: സമാധാന കരാറിന് തയാറാകണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ഭീഷണിപ്പെടുത്തി ചര്‍ച്ച നടത്താമെന്ന് ആരും കരുതേണ്ടന്നും ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരല്ലെന്നും ഇറാന് സ്പീക്കര്‍ മുഹമ്മദ് ബാഗർ ഖാലിബഫ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ വെടിനിർത്തലിന്റെ ലംഘനമാണെന്നും മുഹമ്മദ് ബാഗർ ഖാലിബഫ് വ്യക്തമാക്കി.
അതേസമയം, ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുമെന്ന് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടെഹ്റാൻ ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കപ്പലുകൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉപരോധം വെടിനിർത്തലിന്റെ ലംഘനമാണെന്ന് ടെഹ്റാൻ പ്രതികരിച്ചു.
സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.