നിലമ്പൂര്‍: രോഗബാധയെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുന്നു. മുട്ടിയേല്‍ വലിയാട്ട് കെ. ബീരാന്കുട്ടിയുടേത് അടക്കമുള്ള നെല്‍പ്പാടം കരിഞ്ഞ് ഉണങ്ങുകയാണ്.കൃഷി വകുപ്പ് നിര്‍ദേശിച്ച കീടനാശിനികള്‍ നെല്‍കൃഷിയില്‍ തളിച്ചിട്ടും രോഗബാധയ്ക്ക് കുറവില്ല. ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേലിലുള്ള മൂന്നേക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് കരിഞ്ഞുണങ്ങുന്നത്. വിളവെടുപ്പിന് ഒന്നര മാസം കൂടി വേണ്ട സാഹചര്യത്തില്‍ അപ്പോഴേക്കും നെല്ല് പൂര്‍ണമായി കരിഞ്ഞുണങ്ങി നശിക്കുമെന്നും ബീരാന്‍കുട്ടി പറയുന്നു.
കഴിഞ്ഞ 57-വര്‍ഷമായി നെല്‍കൃഷി നടത്തിവരുന്ന കര്‍ഷകനാണ് 70കാരനായ ബീരാന്‍കുട്ടി. പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തുമായാണ് ഇദ്ദേഹത്തിന്റെ നെല്‍കൃഷി. ഈ വര്‍ഷവും എട്ട് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ട്.ഇതില്‍ സ്വന്തം സ്ഥലത്തുള്ള നെല്‍കൃഷിയാണ് കരിഞ്ഞുണങ്ങുന്നത്.നെല്‍കൃഷിക്ക് ഇത്തരത്തില്‍ ഒരു അപൂര്‍വ രോഗബാധ ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നെല്ലിന്റെ ഇലകള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുകയാണ്.
അകമ്പാടം കൃഷിഭവനില്‍ എത്തി തന്റെ കൃഷിക്ക് രോഗം ബാധിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രോഗബാധ തടയാന്‍ കീടനാശിനികള്‍ നിര്‍ദേശിക്കുകയായിരുന്നു.10 മില്ലിക്ക് 250 രൂപയും 300 രൂപയും വരുന്ന ഈ കീടനാശിനികള്‍ രോഗബാധയുള്ള നെല്‍പ്പാടത്ത് തളിച്ചെങ്കിലും രോഗബാധ കൂടിയതല്ലാതെ ഒരു മാറ്റവുമില്ല. 16 ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി ചേര്‍ത്താണ് ഇത് തളിക്കുന്നത്.
കീടനാശിനി പ്രയോഗത്തിനായി വലിയ തുകയാണ് ചെലവായത്. ബീരാന്‍കുട്ടിയുടെ സഹോദരന് പി. അബ്ദുറഹ്മാന്റെ നെല്പ്പാടത്തും രോഗബാധയില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങി തുടങ്ങിയിട്ടുണ്ട്.രോഗബാധ തടയാനുള്ള കീടനാശിനി കണ്ടെത്താനും നിര്‍ദേശിക്കാനും കൃഷി വകുപ്പിന് കഴിയാത്തതാണ് ഈ മേഖലയിലെ കര്‍ഷകരുടെ ആശങ്ക കൂട്ടുന്നത്. ചാലിയാര്‍ പഞ്ചായത്തില്‍ പെരുമ്പത്തൂരും മുട്ടിയേലും കൂടുതല്‍ നെല്‍കര്‍ഷകരുള്ള പ്രദേശമാണ്.