തൃപ്രയാർ: മലയാളികളുടെ അഭിമാനം പത്മശ്രീ ഡോ എം.എ. യൂസഫലി കാരുണ്യത്തിന്റെ നിറകുടമാണെന്നു കൃഷി മന്ത്രി ടി. സിദ്ദിഖ്. കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാത്രമല്ല സാമൂഹ്യ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണകൂടത്തേയും പൊതുസമൂഹത്തെയും സഹായിക്കാനും ചേർത്തുനിർത്താനും എം എ യൂസഫലി കാണിക്കുന്ന സേവന മനോഭാവം അദ്ദേഹത്തെ കേരളത്തിന്റെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാക്കി മാറ്റിയിരിക്കുന്നതായി മന്ത്രി പറഞ്ഞു. നാട്ടിക എസ് എൻ ഹാളിൽ എം.എ. യൂസഫലിയുടെ പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളോടൊപ്പം പിറന്നാൾ കേക്ക് മുറിച്ചും പുതുവസ്ത്രം വിതരണംചെയ്തും മന്ത്രി യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി കെ. രതീഷ്കുമാർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് രഞ്ജില ഗിരി, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി.എം. നൗഷാദ്, ചലച്ചിത്രതാരം സിദ്ധരാജ്, മധു അന്തിക്കാട്, സിന്ധു സിദ്ധപ്രസാദ്, വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, അനിൽ പുളിക്കൽ, കെ. ദിലീപ്കുമാർ, പി.ജി. സുകുമാരൻ, എ.എസ്. പത്മപ്രഭ, പി.എസ്. പി. നസീർ, ടി.വി. ഷൈൻ, പി.സി. ജയപാലൻ, എം.എ. സലീം, ജബ്ബാർ തളിക്കുളം തുടങ്ങി യവർ പ്രസംഗിച്ചു. നാട്ടികയിലെ അഞ്ഞൂറോളം വയോജനങ്ങൾക്ക് യൂസഫലിയുടെ പിറന്നാൾ സമ്മാനമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.