സാൻഫ്രാൻസിസ്കോ: ഗണിതശാസ്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഓപ്പൺഎഐ. പതിറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞർക്ക് പരിഹരിക്കാൻ കഴിയാതെ കിടന്നിരുന്ന 10 സങ്കീർണമായ തുറന്ന പ്രശ്നങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'ആസ്ട്ര' വിജയകരമായി പരിഹരിച്ചതായി ഓപ്പൺഎഐ അറിയിച്ചു.
ഗ്രൂപ്പ് തിയറി, കംപ്ലക്സിറ്റി തിയറി, സ്ഫിയർ പാക്കിംഗ് തുടങ്ങിയ സങ്കീർണ്ണ മേഖലകളിലെ പ്രശ്നങ്ങൾക്കാണ് ആസ്ട്ര ഉത്തരം കണ്ടെത്തിയത്. വർഷങ്ങളായി തർക്കത്തിലായിരുന്ന ഗണിത സമസ്യകൾക്ക് കൃത്യമായ തെളിവുകളോടെയാണ് ആസ്ട്ര പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത്.
മുൻപ് എഐ നൽകിയ പല ഉത്തരങ്ങളും തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ഇത്തവണ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയ 'ലീൻ സർട്ടിഫിക്കറ്റുകൾ' സഹിതമാണ് ഓപ്പൺഎഐ ഈ തെളിവുകൾ ഗിറ്റ്ഹബ്ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം $2,000 (ഏകദേശം 1.67 ലക്ഷം രൂപ) മാത്രമാണ് ഈ 10 സങ്കീർണ സമസ്യകൾ പരിഹരിക്കാൻ എഐക്ക് വേണ്ടിവന്ന ചെലവ്.
ഓപ്പൺഎഐ മാത്രമല്ല, ഗൂഗിൾ ഡീപ്മൈൻഡിന്റെ ആൽഫാപ്രൂഫ് നെക്സസ്, ആന്ത്രോപിക്കിന്റെ 'ഫേബിൾ' തുടങ്ങിയ മറ്റ് എഐ മോഡലുകളും അടുത്തിടെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിച്ച് രംഗത്തെത്തിയിരുന്നു.
നിലവിൽ വാഷിംഗ്ടണിലെ നിയമനിർമാതാക്കൾക്കും ഭരണാധികാരികൾക്കും മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'ആസ്ട്ര' പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ആസ്ട്ര ജിപിടി-6 ആയോ അതോ പുതിയൊരു നിരയായോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.