തൊടുപുഴ: നഗരത്തില്‍ രാത്രി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ രാത്രി ഒന്നുവരെ പ്രവര്ത്തിപ്പിക്കുന്നതിനു ധാരണയായി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി രാത്രി 12ന് കടകള്‍ അടയ്ക്കണമെന്നായിരുന്നു നേരത്തേ പൊലിസ് നല്്കിയിരുന്ന നിര്‍ദേശം. നഗരസഭയും പൊലിസും മര്‍ച്ചന്റ്സ് അസോസിയേഷനും വിവിധ സംഘടനാ ഭാരവാഹികളും ചേര്‍ന്ന യോഗത്തിലാണ് സമയക്രമം നീട്ടുന്നതിന് ധാരണയായത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമാഫിയയുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പൊലിസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കടകള്‍ രാത്രി 12ന് അടയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് രാത്രി കച്ചവടക്കാര്‍ക്ക് അവരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുസരിച്ച് പ്രവര്‍ത്തന സമയം പുലര്‍ച്ചെ ഒന്നുവരെയാക്കാന് തീരുമാനിച്ചത്.
ഹോസ്റ്റലുകള്‍, വിദ്യാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരീച്ച് വിവരശേഖരണം നടത്തി നിയന്ത്രണം നടത്തുന്നതിനുള്ള നടപടികള്‍ക്കും തീരുമാനമായി. തട്ടുകടകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി തൊടുപുഴ പൊലിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ കെ.പി. മനീഷ് യോഗത്തില്‍ വിശദീകരിച്ചു.
മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് പ്രതിനിധികള്‍, തട്ടുകട യൂണിയന് തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൊടുപുഴയില്‍ ലഹരി ഇടപാടുകളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായ സാഹചര്യത്തില്‍ പൊലിസ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡിവൈഎസ്പി സജി മാര്‍ക്കോസ് പറഞ്ഞു.