പുല്‍പ്പള്ളി: നെയ്ക്കുപ്പ വനാതിര്‍ത്തിയിലെ വേലിയമ്പം, കണ്ടാമല, മരകാവ്, ഭൂദാനം, മൂഴിമല പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന പരാതിയുമായി നാട്ടുകാര്‍.
കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് ഉണ്ടാക്കുന്നത്. നെയ്ക്കുപ്പ വനാതിര്‍ത്തിയോട് ചേര്‍ന്ന ഫെന്‍സിംഗും ട്രഞ്ചുമുള്പ്പെടെ തകര്‍ന്നുകിടക്കുന്നതാണ് ആനകള്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ കാരണം. സന്ധ്യയോടെ കൃഷിയിടത്തിലിറങ്ങുന്ന ആനകള്‍ നേരം പുലര്‍ന്നശേഷമാണ് മടങ്ങുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്.
നിരവധിതവണ ആനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ ആനശല്യം രൂക്ഷമാകുമ്പോള്‍ വനാതിര്‍ത്തിയില്‍ വാച്ചര്‍മാരെ നിയമിച്ച് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. എന്നാലിപ്പോള്‍ വാച്ചര്‍മാരെ നിയമിക്കാന്‍ വനംവകുപ്പ് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം സന്ധ്യമയങ്ങയിതോടെ കാട്ടാന വേലിയമ്പത്തെ ജനവാസ മേഖലയിലിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.
ആന കൃഷിയിടത്തിലിറങ്ങിയാല്‍ അത് വനംവകുപ്പിനെ അറിയിച്ചാല്‍പോലും ഉദ്യോഗസ്ഥര്‍ എത്താറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതാണ് ഈ മേഖലയില്‍ ആന ശല്യം വര്‍ധിക്കാന്‍ കാരണം.
ഒരു മാസത്തിനിടെ മേഖലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചതെന്നും ഇതിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അടിയന്തരമായി ആനശല്യം പരിഹരിക്കുന്നതിന് തകര്‍ന്ന ട്രഞ്ചും ഫെന്‍സിംഗും നന്നാക്കുന്നതിനും വനാതിര്‍ത്തിയില്‍ വാച്ചര്‍മാരെ നിയമിച്ച് ആനശല്യത്തിന് പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ കര്‍ഷകര്‍.