ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ആംബുലൻസിന്റെ പ്രവർത്തനം അവതാളത്തിലായി. സെക്യൂരിറ്റി ജീവനക്കാരെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കരുതെന്ന് ഡിഎംഒ യോട് നേരിട്ടും കത്ത് മുഖേനയും മെഡിക്കൽ കോളജ് സൂപ്രണ്ട് പലവട്ടം ആവശ്യപ്പെട്ടിട്ടും രണ്ട് ഡ്രൈവർമാരെ മാറ്റിയതാണ് ഗുരുതര പ്രതിസന്ധിക്കു കാരണമായത്.
ഇക്കാര്യം എച്ച്എംസിയുടെ ചെയർമാനായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലത്രെ.
മെഡിക്കൽ കോളജ് ആശുപത്രിയോടുള്ള അധികൃതരുടെ അനാസ്ഥ രോഗികളുടെ ജീവൻവരെ അപകടത്തിലാക്കുകയാണ്.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ആർഎംഒ ഡോ. നവാസ്
സെക്യൂരിറ്റി ജീവനക്കാരിൽ ലൈസൻസുള്ളവരെ ആംബുലൻസ് ഡ്രൈവർമാരായി നിയമിച്ച് ആശുപത്രിയിലെ ഇന്റേണൽ സർവീസിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കയാണ്.
അത്യഹിത വിഭാഗത്തിൽ എത്തുന്ന പ്രത്യേകിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗികളെ പഴയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ഇതിലൂടെ താത്കാലിക പരിഹാരമായത്.
നാല് ആംബുലൻസ് ഡ്രൈവർമാരാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഇതിൽ രണ്ടുപേരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ടുപേർ അപ്രതീക്ഷിതമായി അവധിയിലും പോയി. ഇതോടെയാണ് ഡ്രൈവിംഗ് ലൈസൻസുള്ള സെക്യൂരിറ്റി ജീവനക്കാരെ ഇന്റേണൽ സർവീസിന് ചുമതലപ്പെടുത്തിയത്.
എന്നാൽ പരിചയസമ്പന്നത ഇല്ലാത്ത ഇത്തരം ജീവനക്കാർ ആംബുലൻസ് ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെ എങ്ങനെ പരിഹരിക്കും എന്നതിൽ വ്യക്തതയില്ല. അത്യാഹിത വിഭാഗത്തിലെ രോഗികൾക്ക് അവശ്യസേവനം ലഭ്യമാക്കുന്നതിനു മാത്രമാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തിയതെന്നു ഡോക്ടർ നവാസ് പറഞ്ഞു. ഇതിനു പുറമേ
ഡിസംബർ 30ന് ആശുപത്രിയിലെ അറുപതോളംവരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടക്കുകയാണ്.
പരിചയ സമ്പന്നരായ 60 ജീവനക്കാരെ ഒന്നിച്ച് മാറ്റുന്നതിലൂടെ അതീവ ഗുരുതരമായ സാഹചര്യം മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിടേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.