ജീവിതം പ്രതിസന്ധിയിൽ
മുക്കം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ജീവിതം സമർപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് വീണ്ടും ദുരിതകാലം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഇരുന്നൂറോളം സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഏഴുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
ഈ അധ്യായനവർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട ഗ്രാന്റ് സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ അധ്യായനവർഷത്തെ ശമ്പളം പോലും രണ്ട് ഗഡുക്കളായാണ് ലഭിച്ചത്. അതാകട്ടെ ഈ വർഷം മാർച്ചിലാണ് വിതരണം ചെയ്തത്. ഇതിന് പിന്നാലെ പുതിയ അധ്യായനവർഷവും ആരംഭിച്ചെങ്കിലും ഇതുവരെ ഗ്രാന്റ് അനുവദിക്കാത്തത് ജീവനക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും ദൈനംദിന ജീവിതത്തിനാവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്ന അധ്യാപകരാണ് മാസങ്ങളായി വേതനമില്ലാതെ ജോലി തുടരുന്നത്. 18 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് സർക്കാർ ഗ്രാന്റ് അനുവദിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരു അധ്യാപകൻ, 15 കുട്ടികൾക്ക് ഒരു ആയ എന്നതാണ് നിലവിലെ സ്റ്റാഫ് പാറ്റേൺ.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം നിശ്ചയിക്കപ്പെടുന്നതിനാൽ ഗ്രാന്റ് ലഭിക്കാത്തത് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 2019ൽ പ്രത്യേക ഗ്രാന്റ് സംവിധാനം ആരംഭിച്ച സമയത്ത് സംസ്ഥാനത്ത് ഏകദേശം 300 സ്പെഷ്യൽ സ്കൂളുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ ഈ എണ്ണം ഇരുന്നൂറോളമായി കുറഞ്ഞു. കഴിഞ്ഞവർഷം മാത്രം 12 സ്കൂളുകൾ അടച്ചുപൂട്ടി.
സാങ്കേതിക തടസങ്ങളും ജീവനക്കാർക്ക് വേതനം നൽകാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയും സ്കൂളുകൾക്ക് പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് സ്പെഷ്യൽ സ്കൂളുകൾ.
എന്നാൽ ഗ്രാന്റ് അനുവദിക്കുന്നതിലെ കാലതാമസവും തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയും ഈ മേഖലയെ തളർത്തുകയാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം ഉറപ്പാക്കുന്നതിനൊപ്പം സ്കൂളുകളുടെ നിലനിൽപ്പും കുട്ടികളുടെ പഠനവും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.