"മണിപ്പുരിലെ സാഹചര്യം കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ ദുരിതപൂർണമായ അവസ്ഥ സമുദായ നേതാക്കളോ, മത നേതാക്കളോ, രാഷ്ട്രീയ നേതാക്കളോ അല്ല അനുഭവിക്കുന്നത്; മറിച്ച് ഇവിടത്തെ ഓരോ മനുഷ്യനുമാണ് അത് നേരിടുന്നത്. ഇത് ഇത്രയധികം നീണ്ടുപോകുന്നു എന്നത് തന്നെയാണ് ഏറ്റവും ദുഃഖകരം.’’
മണിപ്പുരിന്റെ ദുരവസ്ഥയെക്കുറിച്ച് ഇംഫാൽ ആർച്ച്ബിഷപ് ഡോ. ലിനസ് നെലി പറയുന്നു.
ഇതൊരു വംശീയ പ്രതിസന്ധിയായി കാണപ്പെടുമ്പോഴും, വംശീയത മാത്രമല്ല യഥാർഥ കാരണം. ഒട്ടനവധി ചരിത്രപരമായ കാരണങ്ങളും ജനങ്ങളുടെ പരാധീനതകളും വികസനമില്ലായ്മയും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവും പ്രാദേശിക നേതാക്കളുടെ ഇടപെടലുകൾ ഉണ്ടാകാത്തതുമൊക്കെയുണ്ട്- അദ്ദേഹം വ്യക്തമാക്കുന്നു.
ഡോ. ലിനസ് നെലിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
ഞങ്ങൾ അങ്ങേയറ്റം ദുഃഖിതരാണ്; പ്രകാശത്തിന്റെ ഒരു കിരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയൊരു നേരിയ പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതായ ഒരു പരിഹാരമാർഗവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
? കത്തോലിക്കാ സഭയ്ക്ക് ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുന്നത്.
മണിപ്പുരിലുള്ള ഹിന്ദു, സനമഹി, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ, മുസ്ലിംകൾ തുടങ്ങിയ നിരവധി സമുദായങ്ങൾക്കിടയിൽ കത്തോലിക്കാ സഭ എന്നത് വളരെ ചെറിയൊരു കൂട്ടായ്മയാണ്.അതേസമയം വളരെ സജീവവും ദൃശ്യവുമായ സാന്നിധ്യവുമാണ്. ആ നിലയ്ക്ക്, സാന്നിധ്യംകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും സമാധാനം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും, ഒരു സഭ എന്ന നിലയിൽ ഞങ്ങൾ നൽകിയ ഏറ്റവും വലിയ സംഭാവന മാനവീയമായ ഇടപെടലുകളാണ്.
വിഭാഗീയതകൾക്കതീതമായി ഞങ്ങൾ ഒട്ടേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്റർ ഫെയ്ത്ത് ഫോറവുമായി ചേർന്ന് സമാധാനത്തിനായി ഒന്നിച്ച് ശബ്ദമുയർത്തുന്നു.
? പരസ്പരം പോരടിക്കുന്ന സമുദായങ്ങളിലെല്ലാം സഭാംഗങ്ങളുണ്ട്. സമാധാനം സ്ഥാപിക്കുന്നതിനായി അവർ വഴി നമുക്ക് എന്തൊക്കെ
സംഭാവനകൾ നൽകാൻ സാധിക്കും.
അത് വളരെ വ്യക്തമായ കാര്യമാണ്. കത്തോലിക്കാ സഭ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതിനെ മറ്റുള്ളവർ വലിയ കാര്യമായാണ് കാണുന്നത്. വ്യത്യസ്ത ഇടവകകളിലും വംശീയ വിഭാഗങ്ങളിലും ഉള്ള നമ്മുടെ വൈദികരെയും സന്യസ്തരെയും മാറ്റി നിയമിച്ചുകൊണ്ട് ഞങ്ങൾ ഈ ഐക്യം വളർത്തുന്നുണ്ട്. വിശുദ്ധ കുർബാനകൾ ഒരുമിച്ച് ആഘോഷിക്കുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും എവിടെയൊക്കെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ വേർതിരിവുകളില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു.
? ജീവന്റെ പവിത്രതയെ മാനിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ നേരിടുന്ന പ്രധാന തടസങ്ങൾ എന്തൊക്കെയാണ്.
സമുദായങ്ങൾ തമ്മിലുള്ള വിശ്വാസക്കുറവ് തന്നെയാണ് പ്രധാന തടസം. ജനക്കൂട്ടത്തിന്റെ കോപത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കുന്നില്ല. ആയുധങ്ങൾ കൈയിലേന്തിയ, സ്വന്തം കമാൻഡർമാരുടെയും നേതാക്കളുടെയും മാത്രം വാക്ക് കേൾക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും.
? ഇത്രയും ഭിന്നിച്ചു നിൽക്കുന്ന ഒരു ചുറ്റുപാടിൽ സമുദായ പ്രതിനിധികളെ എപ്രകാരം ഒരു മേശയ്ക്ക് ചുറ്റുമിരുത്താൻ കഴിയും.
ചർച്ചകളുടെ മേശയിലേക്ക് എല്ലാവരെയും കൊണ്ടുവരിക എന്നത് അനിവാര്യമായ കാര്യമാണ്. അതിന് സമയമെടുക്കും, അത് ബുദ്ധിമുട്ടായിരിക്കാം, പക്ഷേ അതൊരിക്കലും അസാധ്യമല്ല. നീതി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അർഹമായ നീതി നടപ്പിലാക്കിക്കഴിഞ്ഞാൽ ജനങ്ങൾക്ക് തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചുവെന്ന ആശ്വാസമുണ്ടാകും.
? മണിപ്പുരിന്റെ പശ്ചാത്തലത്തിൽ ‘വീണ്ടെടുക്കൽ നീതി’ പ്രായോഗികമാകും.
വീണ്ടെടുക്കൽ നീതിക്ക് പല തലങ്ങളുണ്ട്. സ്വത്തുക്കളും ജീവിതവും അവകാശങ്ങളും നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകുക എന്നതാണ് ഒരു വശം. അത് ആത്മീയവും ഭൗതികവുമായ തലത്തിലും വിഭവങ്ങളുടെ പങ്കുവയ്ക്കലിലും ഒക്കെ വരാം. എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ, അതിന് സാധ്യമായതും ന്യായമായതുമായ പരിഹാരം കണ്ടെത്തണം. ഇത് നിരീക്ഷിക്കാനും ഉറപ്പുനൽകാനും ശക്തമായ ഔദ്യോഗിക സംവിധാനം ആവശ്യമാണ്. ഭാവിയിൽ നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന പ്രതീക്ഷയാണ് വളർത്തിയെടുക്കേണ്ടത്.
? മണിപ്പുരിൽ ഒരു സമുദായവും തങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരാണെന്ന് ചിന്തിക്കാതിരിക്കാൻ എന്തൊക്കെ രാഷ്ട്രീയ-ഭരണപരിഷ്കാരങ്ങളാണ് അടിയന്തിരമായി വേണ്ടത്.
മണിപ്പുരിനെ സംബന്ധിച്ചിടത്തോളം ‘ഭൂമി’ എന്നത് വളരെ നിർണായകമായ പ്രശ്നമാണ്. ഭൂമിയുടെ പങ്കുവയ്ക്കലും കൈവശം വയ്ക്കലുമെല്ലാം ഇവിടെ വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. മലയോര മേഖലയിലെ ഗോത്രവർഗക്കാരുണ്ട്, താഴ്വരയിലെ മെയ്തേയി വിഭാഗക്കാരുമുണ്ട്. മെയ്തേയികൾ ഗോത്രവർഗ പദവിയിലുള്ളവരല്ല. സംസ്ഥാനത്തെ ആകെ ഭൂമിയുടെ പത്ത് ശതമാനമാണ് അവരുടെ കൈവശമുള്ളത്. ബാക്കി തൊണ്ണൂറ് ശതമാനം ഗോത്രവർഗക്കാരുടെ ഭൂമിയാണ്.
അതുകൊണ്ട് ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ സർക്കാർ വിഭവങ്ങളും അവസരങ്ങളും ഏതെങ്കിലും ഒരു വിഭാഗം കൂടുതലായി കൈക്കലാക്കുന്നുണ്ടോ, ആർക്കെങ്കിലും അത് നിഷേധിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.