രാഷ്ട്രീയ, മത താത്പര്യങ്ങള്‍ കലര്‍ത്തി വിദ്യാഭ്യാസരംഗം ആരും കുളമാക്കരുത്. ഉന്നതവിദ്യാഭ്യാസ മേഖല കലുഷിതമായാല്‍ വിദ്യാര്‍ഥികളുടെ ഭാവിയാകും തകരുക. അമേരിക്കയിലെ ഹാര്‍വാഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്റ്റാന്‍ഫഡ്, ബെര്ക്ലി, യേല്‍, കൊളംബിയ, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, ചൈനയിലെ സിന്‍ഹുവ തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ഒന്നെങ്കിലും ഇന്ത്യക്ക് അന്യമായതിനു കാരണം രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളാകും.രാഷ്ട്രീയ, മത താത്പര്യങ്ങള്‍ കലര്‍ത്തി വിദ്യാഭ്യാസരംഗം ആരും കുളമാക്കരുത്. ഉന്നതവിദ്യാഭ്യാസ മേഖല കലുഷിതമായാല്‍ വിദ്യാര്‍ഥികളുടെ ഭാവിയാകും തകരുക.
അമേരിക്കയിലെ ഹാര്‍വാഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്റ്റാന്‍ഫഡ്, ബെര്ക്ലി, യേല്‍, കൊളംബിയ, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, ചൈനയിലെ സിന്‍ഹുവ തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ഒന്നെങ്കിലും ഇന്ത്യക്ക് അന്യമായതിനു കാരണം രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളാകും.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ (വിബിഎസ്എ)-2025 ബില്‍ വിവാദമാകുന്നതില്‍ അതിശയിക്കാനില്ല. ഹിന്ദിയിലും സംസ്കൃതത്തിലും ശിക്ഷാ അധിഷ്ഠാന്‍ എന്നുപയോഗിക്കുന്ന പദങ്ങളെ വിദ്യാഭ്യാസ സ്ഥാപനം എന്നു മലയാളത്തിലും എഡ്യൂക്കേഷന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്താം.
ഇനിയെല്ലാം കേന്ദ്രീകൃതം
ഒരൊറ്റ ഉന്നത റെഗുലേറ്ററി കൗണ്‍സിലിലൂടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ പുനഃസംഘടനയാണ് വിബിഎസ്എ ബില്ലില്‍ നിര്‍ദേശിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി), ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) തുടങ്ങിയവ മാറ്റിയാണു പകരം ഒരൊറ്റ നിയന്ത്രണ സംവിധാനം നിര്‍ദേശിക്കുന്നത്.പുതിയ ബില്ലിലെ സിംഗിള്‍ റെഗുലേറ്ററി സ്ഥാപനത്തിലെ 12 അംഗങ്ങളെ രാഷ്ട്രപതി നിയമിക്കും. ഫലത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ മാത്രമാകും ഉണ്ടാകുക. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലുള്ള വിബിഎസ്എ ബില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സമര്‍പ്പിച്ചു പാസാക്കാനാണ് കേന്ദ്രനീക്കം.
മൂന്നു കൗണ്‍സിലുകള്‍
യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നിവയുടെ കീഴിലെ നിയന്ത്രണം, അക്രഡിറ്റേഷന്, മാനദണ്ഡങ്ങള്‍ എന്നിവയ്ക്കായി മൂന്നു സ്വതന്ത്ര കൗണ്‍സിലുകള്‍ ബില്ലിലെ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. പൊതുവിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും ഇതിലുള്‍പ്പെടുന്നു. മെഡിക്കല്‍, ദന്തൽ, നിയമ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. അതതു പ്രഫഷണല്‍ കൗണ്‍സിലുകള്‍ക്കു കീഴില്‍ ഇവ തുടരും. അക്കാഡമിക്, സ്ഥാപന മാനദണ്ഡങ്ങള്‍ സജ്ജമാക്കുന്ന സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷ മനക് പരിഷത്ത്), ചട്ടങ്ങളുടെ അനുസരണവും ഏകോപനവും നിരീക്ഷിക്കുന്നതിനായി റെഗുലേറ്ററി കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷാ വിനിയാമന് പരിഷത്ത്), ഗുണനിലവാര ഗ്രേഡിംഗും അക്രഡിറ്റേഷനും മേല്‍നോട്ടം വഹിക്കുന്ന അക്രഡിറ്റേഷന് കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷാ ഗുണ്വത്ത പരിഷത്ത്) എന്നിവയാണ് ഏകീകൃത റെഗുലേറ്ററി സ്ഥാപനത്തിനു കീഴിലുള്ള സ്വതന്ത്ര കൗണ്‍സിലുകള്‍.
ഫണ്ടധികാരം സര്‍ക്കാരിന്
സാങ്കേതികമേഖലയടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലേക്കു മാറ്റും. മികച്ച സ്ഥാപനങ്ങള്‍ക്കു സ്വയംഭരണം നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഒപ്പം, ക്രമക്കേടുകള്‍ക്കു കര്‍ശന സാമ്പത്തിക പിഴകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണു പിഴ. പക്ഷേ, പുതിയ സംവിധാനം ഫണ്ട് വിതരണം ചെയ്യുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളാകും ധനസഹായം കൈകാര്യം ചെയ്യുക. യുജിസി അടക്കമുള്ളവയുടെ ഫണ്ടുവിതരണം ഇല്ലാതാകും. ഗ്രാന്റ് വിതരണത്തില്‍നിന്നു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കും. നിലവിലെ ഫീസ് ഘടനകള്‍, ധനകാര്യം, ഭരണനയങ്ങള്‍ എന്നിവ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ കേന്ദ്രീകൃത പ്ലാറ്റ്ഫോമില്‍ പരസ്യമായി പട്ടികപ്പെടുത്തണമെന്നതു നിര്‍ബന്ധമാക്കുന്നുണ്ട്.
ഒരൊറ്റ കുടക്കീഴില്
ബിരുദ അംഗീകാരത്തിനുള്ള പുതിയ നിര്‍വചനവും വിവാദമാകും. 1956ലെ യുജിസി നിയമം അനുസരിച്ച് പരമ്പരാഗത സ്ഥാപനങ്ങള്‍ക്കു മാത്രമായി ഡിഗ്രി അംഗീകാരം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, കേന്ദ്ര അംഗീകാരത്തോടെ ഇതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബിരുദങ്ങള്‍ നല്കാന് റെഗുലേറ്ററി കൗണ്‍സിലിനെ അനുവദിക്കുന്നതാണ് വിബിഎസ്എ ബില്ലിലെ വ്യവസ്ഥ. ഒന്നിലധികം പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനി ഒന്നിലധികം മന്ത്രാലയങ്ങളില്നിന്നോ ബോര്ഡുകളില്നിന്നോ അംഗീകാരങ്ങള്‍ ആവശ്യമില്ല.ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ നിയന്ത്രണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി ഏകീകരിക്കുന്നുവെന്ന ലളിതമായ ലക്ഷ്യമാണു ബില്ലിനെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് അവകാശപ്പെട്ടത്. ഉദ്യോഗസ്ഥവൃന്ദം കുറയ്ക്കുന്നതിനും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മേല്‍നോട്ടം പ്രോത്സാഹിപ്പിക്കുന്നതുമാണു പുതിയ സംവിധാനമെന്ന് കേന്ദ്രം പറയുന്നു. പ്രവേശനം, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, ഡിഗ്രി വെരിഫിക്കേഷന് എന്നിവയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ഏകവും സുതാര്യവുമായ ചട്ടക്കൂട് ലഭിക്കുമെന്നു വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.
നീറ്റില്‍ നീറാതെ മന്ത്രി
നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ രാജ്യത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രോഷാകുലരായിരിക്കവേയാണ് വിബിഎസ്എ ബില്‍ പാസാക്കാനുള്ള നീക്കം. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്കാരും സോനം വാങ്ചുകും ജന്തര്‍ മന്തറില്‍ നിരാഹാര സമരം തുടരുമ്പോഴും അനങ്ങാപ്പാറനയം തുടരുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് വിബിഎസ്എ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തച്ചുടയ്ക്കുന്നതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശങ്ങളില്‍ കടന്നു കയറുന്നതുമാണു വിവാദ വിബിഎസ്എ ബില്ലെന്നാണു പരാതി. ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ശിക്ഷാ അധിഷ്ഠാന്‍ ബില്ലിലെ കേന്ദ്രസര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ വ്യവസ്ഥകളെ ഒരുമിച്ചെതിര്ക്കുന്നതില് കാര്യം വ്യക്തം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ് വിദ്യാഭ്യാസം.
ബിജെപി സര്‍ക്കാരും എതിര്
ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മേഘാലയ എന്നിവയുള്‍പ്പെടെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും കേരളം, തമിഴ്നാട്, കര്‍ണാടകം, തെലുങ്കാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും നിരവധി സര്‍വകലാശാലകളും വിവാദ വ്യവസ്ഥകളെ എതിര്‍ക്കുന്നു. കേന്ദ്ര റെഗുലേറ്റര്‍ സംവിധാനം കേന്ദ്രസര്‍ക്കാരിന്റെ കൈയാക്കി മാറ്റുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്യു) മുന്നറിയിപ്പു നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പ്രശസ്ത സര്‍വകലാശാലയാണ് ബിഎച്ച്യു.ഫെഡറല്‍ ഘടനയെ ലംഘിക്കുന്നതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നതും കേന്ദ്രസര്‍ക്കാരില്‍ അധികാരം കേന്ദ്രീകരിക്കുന്നതുമാണു വിബിഎസ്എ ബില്ലെന്നാണു വിമര്‍ശനം. അതിനാല്‍ ആന്ധ്രപ്രദേശ് ഉള്‍പ്പെടെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങള്‍ പാര്‍ലമെന്റില്‍ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇന്നലെ ആവശ്യപ്പെട്ടതിന്റെ പൊരുള്‍ വ്യക്തം.
അധികാര കടന്നുകയറ്റം
ഭരണഘടനാപരമായ കേന്ദ്ര, സംസ്ഥാന അതിരുകള്‍ കടക്കുന്നതാണു വിവാദ ബില്ലെന്ന് ജയ്റാം രമേശ് പറയുന്നു. നിയന്ത്രണാധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വിനാശകരമാകുമെന്നു സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നറിയിപ്പു നല്കി. ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ മാനദണ്ഡങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ണയിക്കാനും പാര്‍ലമെന്റിനു മാത്രം അധികാരം നല്കുന്ന യൂണിയന് ലിസ്റ്റിലെ എന്‍ട്രി 66 പ്രകാരമാണ് ബില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉന്നതവിദ്യാഭ്യാസത്തിനോ ഗവേഷണത്തിനോ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയോ ഏകോപനത്തിനും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനു മാത്രമുള്ളതാണു ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന് ലിസ്റ്റ് എന്‍ട്രി 66. ഇതില്‍ കേന്ദ്രസര്‍ക്കാരിനു പരിമിതവും നിര്‍ദിഷ്ടവുമായ നിയമനിര്‍മാണ അധികാരങ്ങളാണുള്ളത്. ഇതുപയോഗിച്ച് ബില്‍ കൊണ്ടുവന്നതു സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ജയ്റാമിന്റെ ആരോപണം.