NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, ഡിഎഫ്ഡബ്ല്യു എയർപോർട്ട് നോർത്ത്, കോപ്പേൽ ടെക്സസിൽ നടക്കും.
"നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക' എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനയുടെയും ഐനന്റിന്റെയും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ നഴ്സ് ലെന ജോണിന്റെ മരണത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആലുവ പോലീസ്. ലെനയുടെ ആകസ്മിക മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് ലെനയുടെ പിതാവ് ജോണ്‍ (റെജി) കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലെന. കഴിഞ്ഞ മാര്‍ച്ച് 24ന് എറണാകുളത്ത് പരീക്ഷ എഴുതാനായാണ് ലെന പോയത്. ഇതിനിടെ കടുത്ത പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ആലുവ ബാങ്ക് ജംഗ്ഷനിലുള്ള നജാത്ത് ആശുപത്രിയില്‍ രാവിലെയും ഉച്ചയ്ക്കുമാണ് ലെന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ലെന എത്തിയത്.
ആദ്യം മരുന്ന് വാങ്ങി മടങ്ങിയ ലെന അസുഖം മാറുന്നില്ലെന്ന് പറഞ്ഞാണ് വീണ്ടും ഉച്ചയ്ക്ക് ആശുപത്രിയില്‍ വന്നത്. അബോധാവസ്ഥയിലായതോടെ രാജഗിരി ആശുപത്രിയിലേക്ക് നജാത്ത് ആശുപത്രിയിലെ ലേഡി ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നുവെന്ന് നജാത്ത് ആശുപത്രി പിആര്‍ഒ സഗീര്‍ ദീപികയോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തും മുമ്പ് യുവതി മരണപ്പെട്ടു. എന്നാല്‍ ആലുവയില്‍ വച്ച് കുഴിമന്തി കഴിച്ച ശേഷം യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ഉള്ളതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പിതാവിന്റെ പരാതി.
സുഹൃത്തായ രണ്ടു യുവാക്കള്‍ക്കും മകളുടെ മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ലെനയുടെ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അത് ലഭിച്ചതിന് ശേഷം മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാവുകയുള്ളു എന്നാണ് പോലീസ് നല്കുന്ന സൂചന. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
Kerala
വടക്കഞ്ചേരി: കൂട്ടുകാർക്കൊപ്പം കുഴിമന്തി കഴിച്ച മകൾ പെട്ടെന്നു കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലെനയുടെ പിതാവ് വാൽക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കൽ ജോൺ (റെജി) ആലുവ റൂറൽ എസ്പിക്കു പരാതി നൽകി. ഇന്നലെയാണ് എസ്പിയുടെ ഓഫീസിൽ നേരിട്ടുപോയി പരാതി കൊടുത്തത്.
മകളെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനുപിന്നിൽ രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നു ജോൺ പറഞ്ഞു. വിഷം ഉള്ളിൽചെന്നാണ് മകൾ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതെങ്ങനെ സംഭവിച്ചു എന്നത് അന്വേഷിക്കണം. മറ്റാർക്കും ഇത്തരത്തിൽ ഇനി സംഭവിക്കാതിരിക്കാൻ കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം.
സംഭവദിവസം രാവിലെ 11ന് മകൾ അമ്മയെ വിളിച്ചിരുന്നു. പിന്നീട് നാലുമണിക്കൂറിനുശേഷം മകൾ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നു റെജി പറഞ്ഞു. മാർച്ച് 24ന് ആലുവയിൽവച്ചാണ് സംഭവം ഉണ്ടാകുന്നത്. കുഴിമന്തി കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെട്ട ലെനയ്ക്കു ഛർദിയും വയറിളക്കവുമുണ്ടായി.
ബിപി കുറഞ്ഞ് അവശയായ ലെനയെ സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചു.എന്നാൽ രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ മകൾ മരിച്ചിരുന്നെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും ജോൺ പറഞ്ഞു.
നഴ്സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നു തലേന്നു മകൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയ്ക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന സംശയങ്ങളാണ് പിതാവിനും വീട്ടുകാർക്കുമുള്ളത്. മകളെ ആരോക്കെയോ ചേർന്ന് അപായപ്പെടുത്തി എന്നാണ് വീട്ടുകാരുടെ ബലമായ സംശയം. തൃശൂർ ഒളരിയിലുള്ള മദർ ഹോസ്പിറ്റലിൽ നഴ്സായിരുന്നു ലെന ജോൺ.
NRI
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രശസ്തമായ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ ഡ്യൂട്ടിക്കിടെ ടിക് ടോക് ലൈവ് സ്ട്രീം ചെയ്ത നഴ്സിംഗ് വിദ്യാര്‍ഥിനിയെയും രോഗിയെ അധിക്ഷേപിച്ച ജീവനക്കാരെയും പിരിച്ചുവിട്ടു.
രോഗികളുടെ സ്വകാര്യത ലംഘിച്ചും അവരെ ക്രൂരമായി പരിഹസിച്ചും നടത്തിയ ലൈവ് സ്ട്രീം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
സംഭവത്തിന്റെ ചുരുക്കം:
ടിക് ടോക് ലൈവ്: നെഫ്രോളജി വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ട്രെയിനി നഴ്സ് തന്റെ മൊബൈലിലൂടെ ടിക് ടോക്കില്‍ ലൈവ് പോവുകയും സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു. ഈ സംഭാഷണത്തിനിടെ വാര്‍ഡിലെ രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും പങ്കുവയ്ക്കപ്പെട്ടു.
ക്രൂരമായ പരിഹാസം: ബെല്‍ അടിച്ച് നഴ്സുമാരുടെ സഹായം തേടിയ ഒരു രോഗിയെക്കുറിച്ച് ജീവനക്കാര്‍ ലൈവില്‍ വളരെ മോശമായാണ് സംസാരിച്ചത്. "കെെയില്‍ ഗ്രനേഡ് ഉണ്ടോ?' എന്നും "രോഗിയുടെ വിരല്‍ അറുത്തുമാറ്റാന്‍ പോക്കറ്റ് കത്തി വാങ്ങണം' എന്നും ഒരു പുരുഷ നഴ്സ് പരിഹസിക്കുന്നത് ലൈവില്‍ കേള്‍ക്കാമായിരുന്നു.
കൈയോടെ പിടികൂടി: മുന്‍പ് നഴ്സായിരുന്ന കെവിന് ഹാര്‍ട്ട്വിഗ് എന്ന യൂട്യൂബറാണ് ഈ ലൈവ് സ്ട്രീം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചത്.
ആശുപത്രിയുടെ നടപടി:
സംഭവം ഗൗരവകരമായി എടുത്ത ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാരായ ജീവനക്കാരുടെ ജോലി അവസാനിപ്പിക്കുകയും ചെയ്തു.
രോഗികളുടെ സുരക്ഷയും അന്തസും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ ക്ലിനിക്കിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആശുപത്രി വക്താവ് അറിയിച്ചു.
ജര്‍മനിയിലെ നഴ്സുമാരും ജീവനക്കാരും ശ്രദ്ധിക്കാന്‍:
ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഈ സംഭവം ഒരു പാഠമായി കാണേണ്ടതുണ്ട്.
ഡ്യൂട്ടിക്കിടെ സോഷ്യല്‍ മീഡിയ ഉപയോഗവും, അനുവാദമില്ലാതെ ഡ്യൂട്ടിക്കിടെ ഫോട്ടോ എടുക്കുന്നതോ ലൈവ് ചെയ്യുന്നതോ ജര്‍മനിയില്‍ കടുത്ത കുറ്റമാണ്.
കൂടാതെ രോഗികളുടെ സ്വകാര്യത: രോഗികളുടെ വിവരങ്ങളോ ദൃശ്യങ്ങളോ പുറത്തുവിടുന്നത് കടുത്ത നിയമനടപടികള്‍ക്കും ജോലി നഷ്ടപ്പെടാനും കാരണമാകും.
പരാതികള്‍: ജോലിഭാരം എത്ര കൂടുതലായാലും രോഗികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ അച്ചടക്ക നടപടികള്‍ക്ക് വഴിവെക്കും.
ജര്‍മനിയിലെ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേകിച്ച് പുതുതായി ജോലിക്ക് കയറിയവരും കൂടാതെ ഔസ്ബില്‍ഡൂംഗ് ചെയ്യുന്നവരും ഒക്കെ ഇക്കാര്യം ഒന്നു ശ്രദ്ധിച്ചാല്‍ ഏറെ നന്നായിരിക്കും.
ഞങ്ങള്‍ ഇതു പറയുമ്പോള്‍ ഇവിടെ എത്തിയ വിദ്യാര്‍ഥികള്‍ക്കും ഔസ്ബില്ഡൂംഗ്കാര്ക്കും ഒട്ടും ഇഷ്ടപ്പെടില്ല. താനാരാടോ ഞങ്ങളെ ഉപദേശിക്കാന്‍ എന്ന മട്ടിലുള്ള കമന്റും പുച്ചവും ഒക്കെ ഞങ്ങളെ തേടിയെത്താറുണ്ട്.
അത്രമാത്രം അസഹനീയമാണ് ഇത്തരക്കാര്‍ക്കുള്ള ഞങ്ങളുടെ മുന്നറിയിപ്പുകള്‍. ഞങ്ങള്‍ അതൊന്നും തന്നെ കൂട്ടാക്കുന്നില്ല, ഞങ്ങള്‍ക്ക് ഇത് കേട്ടാല്‍ ഒരു കൂസലുമില്ല, ഒരു കാര്യം പറയാം ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നഷ്ടം നിങ്ങള്‍ക്കു മാത്രമായിരിക്കും.
എന്നുകൂടി ഓര്‍ക്കുക. ഫ്രാങ്ക്ഫര്‍ട്ടിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ നിയമങ്ങള്‍ എന്തൊക്കെയാണന്നു ഒന്നുകൂടി അറിഞ്ഞിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത്.
ജര്‍മനിയിലെ മലയാളി നഴ്സുമാര്‍ ശ്രദ്ധിക്കാന്‍: ആശുപത്രിയിലെ ടിക് ടോക് ലൈവ് ജോലി തെറിപ്പിച്ചു. നിയമങ്ങള്‍ കടുപ്പമേറിയതാണ്. ആശുപത്രി ഡ്യൂട്ടിക്കിടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും രോഗികളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും ജര്‍മ്മനിയില്‍ എത്രത്തോളം ഗുരുതരമാണെന്ന് തെളിയിക്കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ലിനിക്കിലെ പുതിയ സംഭവം.
ടിക് ടോക് ലൈവിലൂടെ രോഗിയെ പരിഹസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിക്കും സഹപ്രവര്‍ത്തകര്‍ക്കും ജോലി നഷ്ടമായത് പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു മുന്നറിയിപ്പാണ്.
ജര്‍മനിയിലെ കര്‍ശന നിയമങ്ങള്‍ (മലയാളികള്‍ അറിഞ്ഞിരിക്കേണ്ടത്):
രോഗികളുടെ സ്വകാര്യത: ജര്‍മ്മനിയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ (GDPR/BDSG) ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഒന്നാണ്. രോഗിയുടെ പേരോ, മുഖമോ, എന്തിന് അവരുടെ മുറിയുടെ ദൃശ്യങ്ങള്‍ പോലും അനുവാദമില്ലാതെ പകര്‍ത്തുന്നത് കടുത്ത നിയമലംഘനമാണ്.
രഹസ്യ സ്വഭാവം: ജര്‍മന്‍ ക്രിമിനല്‍ കോഡ് (StGB § 203) പ്രകാരം രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നത് ജയില്‍ ശിക്ഷയോ വന്‍ തുക പിഴയോ (ഒരു ലക്ഷം യൂറോ വരെ) ലഭിക്കാവുന്ന കുറ്റമാണ്.
ജോലിസ്ഥലത്തെ സോഷ്യല്‍ മീഡിയ: മിക്ക ജര്‍മ്മന്‍ ആശുപത്രികളിലും ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്.
ഡ്യൂട്ടി സമയത്ത് ലൈവ് സ്ട്രീമിംഗ് നടത്തുന്നത് വിശ്വസ്തത ലംഘനം (Breach of Trust) ആയി കണക്കാക്കി മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തന്നെ പിരിച്ചുവിടാന്‍ (Fristlose keundigung) മാനേജ്മെന്റിന് അധികാരമുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഫോട്ടോകളും വീഡിയോകളും: യൂണിഫോമില്‍ നില്ക്കുന്ന ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ രോഗികളോ മെഡിക്കല്‍ രേഖകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
സംഭാഷണങ്ങള്‍: സ്ററാഫ് റൂമുകളിലോ ഇടനാഴികളിലോ വെച്ച് രോഗികളെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ പോലും മറ്റൊരാള്‍ കേള്‍ക്കാനിടയായാല്‍ അത് പരാതിക്ക് കാരണമാകും.
പ്രൊഫഷണലിസം: ജര്‍മ്മനിയില്‍ ജോലിഭാരം കൂടുതലാണെങ്കിലും രോഗികളോടുള്ള മോശം പെരുമാറ്റം ഒരു കാരണവശാലും അധികൃതര്‍ വെച്ചുപൊറുപ്പിക്കില്ല.
ചുരുക്കത്തില്‍: നഴ്സിംഗ് മേഖലയില്‍ ജോലി തേടുന്നവരും നിലവില്‍ ജോലി ചെയ്യുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ അശ്രദ്ധ നിങ്ങളുടെ കരിയറും ജര്‍മ്മനിയിലെ ജീവിതവും തന്നെ ഇല്ലാതാക്കിയേക്കാം.
ഇനിയും ജര്‍മന്‍ ശിക്ഷാനിയമത്തിലെ (StGB) വളരെ പ്രധാനപ്പെട്ട ഒരു വകുപ്പാണ് വകുപ്പ് 203 § 203 Strafgesetzbuch). ഇത് പ്രധാനമായും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള ബാധ്യത (Violation of Personal Secrets) എന്നതുമായി ബന്ധപ്പെട്ടതാണ്.
ജര്‍മ്മനിയില്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര് തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് ഈ വകുപ്പ് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. ഇതിന്റെ ലളിതമായ വിശദീകരണം താഴെ നല്കുന്നു:
എന്താണ് വകുപ്പ് 203 (StGB § 203)?
ഒരു വ്യക്തി തന്റെ ഔദ്യോഗിക പദവിയുടെ ഭാഗമായി (ഉദാഹരണത്തിന് ഒരു നഴ്സ് എന്ന നിലയില്‍) ഒരാളുടെ സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ ഇടയായാല്‍, ആ വിവരം അയാളുടെ അനുവാദമില്ലാതെ മറ്റൊരാളോട് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്.
ഇതിനെ "Schweigepflicht' (Duty of Confidentiality) എന്ന് വിളിക്കുന്നു.
ഈ നിയമം ബാധകമായവര്‍ ആരെല്ലാം?
ഈ വകുപ്പ് എല്ലാവര്‍ക്കുമുള്ളതല്ല, മറിച്ച് ചില പ്രത്യേക പ്രഫഷണലുകള്‍ക്കാണ്:
ആരോഗ്യപ്രവര്‍ത്തകര്‍: ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍.
നിയമവിദഗ്ധര്‍: വക്കീലന്മാര്, നോട്ടറിമാര്‍.
സാമൂഹിക പ്രവര്‍ത്തകര്‍: സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍.
മറ്റുള്ളവര്‍: ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥര്‍, ടാക്സ് കണ്‍സള്‍ട്ടന്റുമാര്‍.
ഈ നിയമം ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷ: ഒരു രോഗിയുടെയോ ക്ളയന്റിന്റോയോ സ്വകാര്യവിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തുവിട്ടാല്‍ താഴെ പറയുന്ന ശിക്ഷകള്‍ ലഭിക്കാം:
തടവ് ശിക്ഷ: ഒരു വര്‍ഷം വരെ തടവ്. പിഴ (Geldstrafe): വന്‍തുക പിഴയായി ഒടുക്കേണ്ടി വരും. ജോലി നഷ്ടപ്പെടല്‍: ക്രിമിനല്‍ നടപടി ഉണ്ടാകുന്നതോടെ ആ പ്രഫഷണില്‍ തുടരാനുള്ള ലൈസന്‍സ് റദ്ദാക്കപ്പെടാം (Berufsverbot).
നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഫ്രാങ്ക്ഫര്‍ട്ടിലെ സംഭവത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് ജോലി നഷ്ടപ്പെടാന്‍ പ്രധാന കാരണം ഈ വകുപ്പിന്റെ ലംഘനമാണ്. വാട്സ്ആപ്പ്/സോഷ്യല്‍ മീഡിയ: ഒരു രോഗിയുടെ പേരോ അസുഖവിവരമോ അടങ്ങുന്ന ഫോട്ടോയോ വീഡിയോയോ സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്.
സ്റ്റാഫ് റൂമിലെ സംസാരം: ജോലിക്ക് ബന്ധമില്ലാത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ രോഗിയെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. പേപ്പര്‍ വര്‍ക്കുകള്‍: രോഗിയുടെ രേഖകള്‍ (Patient files) മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ അശ്രദ്ധമായി വെക്കരുത്.
നിയമപരമായ ഇളവുകള്‍ (എപ്പോള്‍ വെളിപ്പെടുത്താം?):
ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറാം:
രോഗി രേഖാമൂലം അനുവാദം നല്കിയാല്.
മറ്റൊരു ഡോക്ടര്‍ക്കോ നഴ്സിനോ ചികിത്സയുടെ ഭാഗമായി വിവരം നല്‍കേണ്ടി വന്നാല്‍, കോടതി ഉത്തരവ് ഉണ്ടെങ്കില്‍.
ഒരു വലിയ കുറ്റകൃത്യം തടയാന്‍ (ഉദാഹരണത്തിന് കൊലപാതക ഭീഷണി) വിവരം നല്‍കേണ്ടി വന്നാല്‍.
ചുരുക്കത്തില്‍, ജര്‍മ്മനിയില്‍ ഒരാളുടെ സ്വകാര്യത എന്നത് പവിത്രമാണ്. അത് ലംഘിക്കുന്നത് നിങ്ങളുടെ കരിയറിനെ തന്നെ ബാധിക്കും.
Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരത്തിൽ പ്രതികരണവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ആസാദ് മൂപ്പൻ.
നഴ്സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.കേരളത്തിലെ നഴ്സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ തങ്ങൾ മനസിലാക്കുന്നെന്നും സർക്കാർ സ്വീകരിക്കുന്ന നടപടികളെ ആസ്റ്റർ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. അവരുടെ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്സിംഗ് തൊഴിലിന്റെ ഉദാത്തമായ മാതൃകയാണെന്നും ആസാദ് മൂപ്പൻ പ്രതികരിച്ചു.
CAREER DEEPIKA
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സസ് ആയി പ്രാക്ടീസ് ചെയ്യാനുള്ള വൊക്കേഷണൽ നഴ്സിംഗ് പരിശീലനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം.
നോർക്ക റൂട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റൈപൻഡ് ലഭിക്കും.
ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുള്ള 20 ഒഴിവിലാണ് നിയമനം. മാർച്ച് 1ന് 18നും 27 നും ഇടയിൽ പ്രായമുളള വിദ്യാർഥികൾക്കാണ് അവസരം.
യോഗ്യത: ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് 60% മാർക്ക് വേണം. ജർമൻ ഭാഷയിൽ B1, B2 ലെവൽ പാസാകണം. (ഗോയ്ഥേ, ടെൽക്, OSD, TestDafഎന്നിവിടങ്ങളിൽനിന്ന്).
അപേക്ഷ: മാർച്ച് ഏഴിനകം വെബ് സൈറ്റുകൾ (www.norkaroots.kerala. gov.in, www.nifl.norkaroots.org) വഴി അപേക്ഷിക്കണം. അഭിമുഖം മാർച്ച് അവസാന ആഴ്ചയിൽ.
പരിശീലനം: ജർമൻ ഭാഷാ പരിശീലനം (ബി 2ലെവൽ വരെ) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2770577, 2770536, 2770566, 1800 425 3939 (ഇന്ത്യയിൽ) +91-8802012345 (2) (വിദേശത്തുനിന്നു മിസ്ഡ് കോൾ സർവീസ്).
Kerala
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത.
കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിക്ക് എംആർഐ സ്കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.
രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.
മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.
മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.
NRI
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യവും സ്റ്റൈപ്പൻഡോടെയുമുളള നഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിലവില്‍ ജര്‍മനിയിലെ കെയര്‍ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേക്കാണ് അവസരം. ജര്‍മനിയില്‍ രജിസ്ട്രേഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിംഗ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസായവരുമാകണം (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) അപേക്ഷകര്‍.
താത്പര്യമുള്ളവര്‍ക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സെെറ്റുകള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിനകം അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം മാര്‍ച്ച് അവസാന ആഴ്ച നടക്കും.
ജര്‍മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂണിയര്‍ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും (as on March 1, 2026) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.
നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2770577, 2770536, 2770540, 2770539, 2770566 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവനന്തപുരം: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ സർജറി നടത്തിയ ഡോക്ടർ ഷാഹിദയ്ക്ക് സസ്പെൻഷൻ.
ഷാഹിദയ്ക്കു പുറമേ നഴ്സ് ധന്യയെയും സസ്പെൻഡ് ചെയ്തു. ചികിത്സാപ്പിഴവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്റ് ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് അനസ്ത്യേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ട് നഴ്സുമാരും ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘമാണ് 2021 മേയ് 12ന് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്.
CAREER DEEPIKA
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്സി വിജ്ഞാപനമായി. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 16 ഒഴിവും ഐഎസ്എസിൽ 28 ഒഴിവുമുണ്ട്.
യോഗ്യത
ഐഇഎസ്: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഐഎസ്എസ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സ് ബിരുദം.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായി. ആദ്യ ഘട്ടം എഴുത്തുപരീക്ഷ, തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും ഫീസടയ്ക്കാം.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
NRI
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുള്ള നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി, ജനറല്‍ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത.
ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തേയും ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് മൂന്നു വര്‍ഷത്തെയും പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലിനിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരിക്കണം.
അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയര്‍ന്ന പ്രായപരിധി 2026 മേയ് 31ന് 36 വയസ് കവിയരുത്. ഉദ്യോഗാർഥികള്‍ക്ക് നോര്‍ക്ക റൂട്ട്സ്, എന്‍ഐഎഫ്എല്‍ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ മാസം 23നകം അപേക്ഷ നല്‍കാവുന്നതാണ്.
200ലധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. വയോജന പരിചരണത്തില്‍ ജിരിയാട്രിക്സ് അല്ലെങ്കില്‍ ദീര്‍ഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുള്ള ഹോം കെയര്‍, നഴ്സിംഗ് ഹോം, പ്രത്യേകിച്ച് ഇന്‍പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.
ഐസിയു, ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ മെഡിക്കല്‍ വാര്‍ഡുകള്‍, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. എന്നാല്‍ എമര്‍ജന്‍സി വിഭാഗം, എന്‍ഐസിയു , പീഡിയാട്രിക്സ്, പിഐസിയു, സ്കൂള്‍ നഴ്സിംഗ്, വാക്സീനേഷന് നഴ്സിംഗ്, കമ്യൂണിറ്റി ഹെല്‍ത്ത് എന്നിവയില്‍ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികള്‍ക്ക് ജർമന്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ ജർമന്‍ ഭാഷയില്‍ ബി1 ലെവല്‍ പരിശീലനം നേടേണ്ടതാണ്.
എ2 ലെവലില്‍ 70 ശതമാനം നേടുന്ന ഉദ്യോഗാർഥികളെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നല്കുന്നതുമാണ്. 70 ശതമാനം മാര്‍ക്കോടെ എ1 ലെവല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോഴ്സ് ഫീയുടെ ബാക്കി തുക തിരികെ നല്കുന്നതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമായിരിക്കും ട്രിപ്പിള്‍ വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റനാഷനല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന് കേരള.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
National
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്ത മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം.
സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഖ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. ഇതേചൊല്ലി സുരേഖയും മാതാപിതാക്കളും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
വിവാഹത്തിന് മാതാപിതാക്കൾ ഒരിക്കലും അനുവാദം നൽകില്ലെന്ന് മനസിലാക്കിയ സുരേഖ ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും മോഷ്ടിച്ച മരുന്നുകൾ ഉയർന്ന അളവിൽ സുരേഖ മാതാപിതാക്കളിൽ കുത്തിവച്ചു.
കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു,
മരിച്ചവരുടെ ബന്ധുക്കളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു. തുടർന്ന് സുരേഖ കുറ്റം സമ്മതിക്കുകയായിരുന്നു. സുരേഖയ്ക്കെതിരെ ഇരട്ടക്കൊലപാതകത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
International
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കാന്റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.
കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.
സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.
17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി നിസി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ജോബി ജോസഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു.
ഭാരവാഹികൾ: വിജേഷ് വേലായുധൻ (പ്രസിഡന്റ്), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് (ജനറൽ സെക്രട്ടറി) ബിനുമോൾ ജോസഫ്, നിസി മാത്യു (ജോയിന്റ് സെക്രട്ടറി) കെ.എസ് മുഹമ്മദ് ഷാ (ട്രഷറർ) ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോയിന്റ് ട്രഷറർ), അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ).
രാജലക്ഷ്മി ഷൈമേഷ്, അലക്സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ്), ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി. അനീഷ്, (പ്രഫഷണൽ ഡെവലപ്മെന്റ്) സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ & പബ്ലിക് റിലേഷൻസ്), ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി), മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ), ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).
കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയാറാക്കി. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, വിവിധ പരിശീലന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ ഭാവി പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.
CAREER DEEPIKA
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് എൽഡേർലി കെയർ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 60 ഒഴിവുണ്ട്.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് എൽഡേർലി കെയർ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 60 ഒഴിവുണ്ട്.
യോഗ്യത: ജിഎൻഎം/ബിഎസ്സി നഴ്സിംഗ്/ പിബിബിഎൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. IELTS പരീക്ഷയിൽ എല്ലാ മൊഡ്യൂളിലും 6.0 സ്കോർ അല്ലെങ്കിൽ ഒഇടി പരീക്ഷയിൽ എല്ലാ മൊഡ്യൂളിലും സി ഗ്രേഡ് നേടിയിരിക്കണം.
പ്രായം: 36 കവിയരുത്. തെരഞ്ഞെടുക്കുന്നവർക്ക് ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം നൽകും. 2026 ജൂലൈമുതൽ ഡിസംബർവരെയായിരിക്കും പരിശീലനം. പരിശീലന കാലത്ത് 15,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും നൽകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2027 ജനുവരിയിൽ ബെൽജിയത്തിലേക്ക് യാത്രതിരിക്കാം. ശമ്പളത്തിനു പുറമേ താമസസൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി നൽകും.
ബയോഡേറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, IELTS/OET സർട്ടി ഫിക്കറ്റ്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ജനുവരി 26ന് മുന്‍പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
വിശദ വിവരങ്ങൾക്ക്: https://odepc.kerala.gov.in/recruitments-aurora-nurses-recruitment-to-belgium എന്ന വെബ് പേജ് സന്ദർശിക്കുക.
ഫോൺ: 0471-2329440/41/42/43/45; Mob: 77364 96574.
National
ഇൻഡോർ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചു. ഇൻഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിൽ ബുധനാഴ്ച ചികിത്സക്കിടെയാണ് കുഞ്ഞിന്റെ തള്ളവിരൽ നഴ്സ് മുറിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ന്യൂമോണിയയ്ക്ക് ചികിത്സ തേടിയെത്തിയ കുഞ്ഞിനാണ് കുത്തിവയ്പിനുള്ള ചെറിയ ട്യൂബ് മുറിച്ചുമാറ്റുന്നതിനിടെ അപകടം സംഭവിച്ചത്.
ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർത്തിട്ടുണ്ട്. ജാഗ്രതക്കുറവ് കാട്ടിയ മറ്റ് മൂന്ന് മുതിർന്ന നഴ്സുമാരുടെ ഒരു മാസത്തെ ശന്പളം തടഞ്ഞുവയ്ക്കാനും തീരുമാനമായി.
Kerala
മലപ്പുറം: മാനത്തുമംഗലത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു സുജാത.
ബുധനാഴ്ച രാവിലെ 7.50ന് ആയിരുന്നു പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് അപകടം നടന്നത്. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
സുജാതയെ സമീപത്തെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.
International
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു.
ഹാമില്ട്ടണ് നിവാസിയായ നൈജില്‍ പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കെയർ ഹോം മാനേജറായ നൈജില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു.
എന്നാൽ, ഇന്റര്‍പോള്‍ നിർദേശ പ്രകാരം കൊച്ചിയിൽ വച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിലെന്ന് പഠനസർവേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും രാജ്യത്തെ പരിചരണ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ജനസംഖ്യാപരമായ മാറ്റത്തെ ഈ സംവിധാനത്തിന് നേരിടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
പരിചരണം നല്‍കുന്നവര്‍ക്ക് അതു നല്‍കുന്നതിന് വളരെ കുറച്ച് സമയമേ ഉള്ളൂ എന്ന് സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് അമിത ജോലിഭാരം ഉണ്ടെന്ന് ഏതാണ്ട് അത്രയും തന്നെ പേരും വിശ്വസിക്കുന്നു.
പരിചരണ ചെലവ് ചുരുക്കല്‍ പദ്ധതികളില്‍ കെയര്‍ ലെവല്‍ വൺ നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് പണമില്ലാതായി. ജര്‍മനിയിലെ നഴ്സിംഗ് ഹോമുകള്‍ മോശം അവസ്ഥയിലാണ്.
പെന്‍ഷനുകള്‍ തികയാതെ വരുന്നു
ആവശ്യമെങ്കില്‍ പ്രഫഷണല്‍ പരിചരണത്തിനായി പണം നല്കാന് വാര്‍ധക്യത്തില്‍ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്ന് അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന അവസ്ഥയാവുന്നു.
ഹോം കെയറിലെ പ്രശ്നങ്ങള്‍ കൂടിവരികയാണ്. ഒന്നാമത് സാമ്പത്തിക പ്രശ്നം, രണ്ടാമത് ജോലിക്കാരുടെ കുറവും ഭാഷാ തടസവും, അതിനാല്‍ പല ജര്‍മന്‍കാരും വീട്ടില്‍ പരിചരണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.
ജര്‍മനിയില്‍ പതിനായിരക്കണക്കിന് പരിചാരകരുടെ കുറവുണ്ട്. 2035 ആകുമ്പോഴേക്കും പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം ഏകദേശം ആറ് ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ, ആരോഗ്യ മേഖലയിലെ വിദഗ്ധർ വലിയ തോതിലുള്ള പരിചരണ ക്ഷാമം ആസന്നമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടുതല്‍ ഔട്ട്പേഷ്യന്റ്, ഇന്‍പേഷ്യന്റ് പരിചരണ സേവനങ്ങള്‍ സൃഷ്ടിക്കുന്നതിന് നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ജീവനക്കാരുടെയും ഫണ്ടിംഗിന്റെയും ആസൂത്രണത്തിന്റെയും അഭാവമുണ്ട്.
അതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പരിചരണകര്ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നും ഉദ്യോഗസ്ഥ തടസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വിദേശത്തുനിന്നും ജോലി തേടിയെത്തുന്ന നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് മതിയായ ജര്‍മന്‍ ഭാഷാപരിജ്ഞാനം ഇല്ലാത്തതും പ്രതിസന്ധിയാണ്.
National
കോൽക്കത്ത: നഴ്സായി ചമഞ്ഞ് കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതി കുഞ്ഞുമായി കടന്നു. പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു പോകുംവഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്ജുള ബീബി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതി അതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണെന്നാണ് മഞ്ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഡോക്ടറെ കാണിച്ച മഞ്ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ യുവതിയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി.
തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്ത്രിയെയും കാണാനില്ലായിരുന്നു. ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ് മരിച്ചത്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
NRI
ബര്‍ലിന്‍: 2027 മുതല്‍ ജര്‍മനിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ആകാനുള്ള പരിശീലനം രാജ്യവ്യാപകമായി പരിഷ്കരിക്കുന്നു. പുതിയ പരിശീലനം 18 മാസം നീണ്ടുനില്‍ക്കും, ഉചിതമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതു കൂടാതെ ഫെഡറല്‍ സംസ്ഥാനങ്ങളിലെ മുമ്പത്തെതും ഇപ്പോഴുള്ളതുമായ 27 വ്യത്യസ്ത നിയന്ത്രണങ്ങള്‍ മാറ്റിസ്ഥാപിക്കും.
പുതിയ നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനത്തിന്റെ വിശദാംശങ്ങള്‍ കൂടുതലായി പറയുമ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റ് ഇന്‍ട്രൊഡക്ഷന്‍ ആക്ട് പ്രകാരം രാജ്യവ്യാപകമായി സ്റ്റാഡേര്‍ഡ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനത്തിനാണ് ജര്‍മന്‍ ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍
തിയ നിയമം അനുസരിച്ച്, ഫെഡറൽ സംസ്ഥാനങ്ങളിലെ നിലവിലുള്ള 27 വ്യത്യസ്ത നിയന്ത്രണങ്ങൾക്ക് പകരമായി പൊതുസ്വഭാവമുള്ള, രാജ്യവ്യാപകമായി സ്റ്റാൻഡേർഡ് ചെയ്ത ഒരു പരിശീലന പരിപാടി നിലവിൽ വരും. സാധാരണയായി 18 മാസം (മുഴുവൻ സമയം). പ്രസക്തമായ പ്രഫഷനൽ പരിചയമുള്ളവർക്ക് പരിശീലന കാലയളവ് 12 മാസം വരെ അല്ലെങ്കിൽ അതിലും കുറവായി ചുരുക്കാൻ സാധിക്കും. പാർട്ട് ടൈം ആയി 36 മാസം വരെ പരിശീലനം പൂർത്തിയാക്കാം.
പ്രവേശനത്തിന് സാധാരണയായി സെക്കൻഡറി സ്കൂൾ ഡിപ്ലോമ ആവശ്യമാണ്. എന്നാൽ, നഴ്സിങ് സ്കൂളിന്റെ നിരീക്ഷണത്തിൽ അപേക്ഷാർഥിക്ക് അനുകൂലമായ പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ (മുൻ ജോലി പരിശീലനമോ പ്രവർത്തിപരിചയമോ പരിഗണിച്ച്) ഔപചാരിക യോഗ്യതയില്ലാതെയും പ്രവേശനം സാധ്യമാകും.
പരിശീലന വേതനം: പരിശീലന കാലയളവിൽ ട്രെയിനികൾക്ക് ഉചിതമായ പ്രതിഫലം ലഭിക്കും. ഇത് ഏകദേശം 1,347 യൂറോയും അധിക പ്രത്യേക പേയ്മെന്റുകളും സാമൂഹിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നതാണ്.
പ്ലേസ്മെന്റുകൾ: ഇൻപേഷ്യന്റ് ദീർഘകാല പരിചരണം, ഔട്ട്പേഷ്യന്റ് ദീർഘകാല പരിചരണം, ഇൻപേഷ്യന്റ് അക്യൂട്ട് കെയർ എന്നീ മൂന്ന് പ്രധാന പരിചരണ മേഖലകളിൽ നിർബന്ധിത പ്ലേസ്മെന്റുകൾ ഉൾപ്പെടുത്തും. ധനസഹായം: നഴ്സിംഗ് പ്രഫഷൻസ് ആക്ടിന് കീഴിൽ ഒരു നഴ്സായി പരിശീലനത്തിന് നൽകുന്ന അതേ നടപടിക്രമമനുസരിച്ചാണ് ധനസഹായം നൽകുന്നത്.
കൂടുതല്‍ കാര്യക്ഷമത
പുതിയ നിയമം നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് സ്വതന്ത്രവും രാജ്യവ്യാപകവുമായ ഒരു സ്റ്റാൻഡേർഡ് പ്രഫഷനൽ പ്രൊഫൈൽ സൃഷ്ടിക്കും. ഈ ഏകീകൃത യോഗ്യതയുള്ള ആളുകൾക്ക് ഭാവിയിൽ മറ്റൊരു ഫെഡറൽ സംസ്ഥാനത്തേക്ക് മാറുന്നത് എളുപ്പമാക്കും.
വിദേശ പ്രഫഷനൽ യോഗ്യതകളുടെ അംഗീകാരവും പുതിയ നിയമം ലളിതമാക്കും. സമഗ്രമായ തുല്യതാ വിലയിരുത്തലിന് പകരം വിജ്ഞാന പരിശോധനയോ പൊരുത്തപ്പെടുത്തൽ കാലയളവോ ഉള്ള ഏകീകൃത നിയന്ത്രണങ്ങൾ വരും.
നഴ്സിങ് പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ള നഴ്സുമാർ നിലവിൽ ഭാഗികമായി ചെയ്യുന്ന കൂടുതൽ ജോലികൾ ഭാവിയിൽ നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് ചെയ്യാൻ കഴിയും. ഇത് യോഗ്യതയുള്ള നഴ്സുമാരുടെ ഭാരം കുറയ്ക്കുന്നതിനും പരിചരണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഈ നിയമത്തിന്റെ കരട് ഫെഡറൽ വിദ്യാഭ്യാസ, കുടുംബകാര്യ മന്ത്രി കാറിൻ പ്രിയനും ഫെഡറൽ ആരോഗ്യ മന്ത്രി നീന വാർക്കനും സംയുക്തമായിട്ടാണ് മന്ത്രിസഭയ്ക്ക് സമർപ്പിച്ചത്. നഴ്സിംഗ് പ്രഫഷനുകളിലേക്കുള്ള പ്രവേശനം ലളിതമാക്കാനും തൊഴിലിന്റെ ആകർഷണീയത വർധിപ്പിക്കാനും പുതിയ പരിശീലന പരിപാടി ലക്ഷ്യമിടുന്നു.
മലയാളി ഉദ്യോഗാർഥികൾക്ക് അവസരം
മൂന്ന് വർഷം ദൈർഘ്യമുള്ള നഴ്സിംഗ് ഔസ്ബിൽഡൂംഗിന് താൽപര്യമില്ലാത്തവർക്ക് 18 മാസത്തെ ഈ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയാൽ സാധാരണ നഴ്സുമാരെപ്പോലെ ആരോഗ്യമേഖലയിൽ എവിടെയും ജോലി ചെയ്യാൻ സാധിക്കും.
ഈ മാറ്റം മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രയോജനകരമാണ്. എന്നാല ബി 2 ലെവൽ ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. കൂടാതെ പ്ലസ് ടു യോഗ്യതയും അത്യാവശ്യമായിരിക്കും.