ചെങ്ങന്നൂർ: പ്രാർഥനയുടെയും പരിത്യാഗത്തിന്റെയും ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം സപ്തതിയുടെ പുണ്യത്തിലേക്ക്. ഒരു ചെറിയ വേദപഠനശാലയിൽനിന്ന് വിശ്വാസത്തിന്റെ മഹാസൗധമായി വളർന്ന ഈ ദേവാലയം പുലിയൂരിന്റെ മണ്ണിൽ ആത്മീയ ചൈതന്യത്തിന്റെ പ്രഭ ചൊരിയുകയാണ്.
തുടക്കം വിനീതം; ലക്ഷ്യം മഹത്തരം
പുലിയൂർ ഗ്രാമത്തിലെ വിശ്വാസികൾ കിലോമീറ്ററുകൾ താണ്ടി ഇടവങ്കാട് സെന്റ് മേരീസ് പള്ളിയിലേക്ക് പ്രാർഥനയ്ക്കായി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ യാത്രകൾക്കൊടുവിൽ സ്വന്തം മണ്ണിൽ ഒരു ആരാധനാലയം എന്ന 28 കുടുംബങ്ങളുടെ തീക്ഷ്ണമായ ആഗ്രഹമാണ് ഇന്നത്തെ മഹാദേവാലയമായി പരിണമിച്ചത്.
പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും നാമത്തിൽ സംയുക്തമായി സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദേവാലയമെന്ന ചരിത്രപരമായ സവിശേഷതയും ഇതിനുണ്ട്. 1956 മേയ് ആറിന് തുമ്പമൺ ഭദ്രാസിനാധിപൻ ഡാനിയേൽ മാർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയാണ് ദേവാലയത്തിന് കല്ലിട്ടത്.
റവ. എം.റ്റി. ജോസഫ് കോർ എപ്പിസ്കോപ്പ 23 വർഷക്കാലം നടത്തിയ ദീർഘമായ ശുശ്രൂഷ ഇടവകയുടെ വളർച്ചയിൽ നിർണായകമായി.1979ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപികൃതമായതോടെ അതിന്റെ ഭാഗമായി ഈ ദേവാലയം 1990-ൽ വികാരി ഫാ. ജോൺപോൾ കോർ എപ്പിസ്കോപ്പയുടെ ആത്മീയ നേതൃത്വത്തിൽ പുനർനിർമിച്ച്, ദേവാലയം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ കൂദാശ ചെയ്തു.
ഇടവകയുടെ വിശ്വാസ തീക്ഷ്ണത ഉൾക്കൊണ്ട് ഇടവകയുടെ പ്രഥമ പുരോഹിതനായി ഫാ. മത്തായി കുന്നിൽ 1994ൽ അഭിഷിക്തനായത് പുലിയൂർ ഇടവകയുടെ വിശ്വാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്.
വികസനവുംപുനർനിർമാണവും
വിവിധ കാലഘട്ടങ്ങളിൽ ഫാ. എസ്. ജേക്കബ്, ഫാ. കോരുത് ചെറിയൻ, ഫാ. എൻ. ബിജു ഈപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുരിശിൻതൊട്ടി മുതൽ സൺഡേ സ്കൂൾ ഹാൾ വരെ വിപുലമായ നിർമാണ പ്രവർത്തനങ്ങൾ നടന്നു.
2017ൽ ഫാ. എബി ഫിലിപ്പിന്റെ നേതൃത്വത്തിൽ ദേവാലയം നവീകരിക്കപ്പെടുകയും അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കൂദാശ നിർവഹിക്കുകയും ചെയ്തു. 70 കുടുംബങ്ങളിലായി 280 അംഗങ്ങൾ ഇടവക വികാരി ഫാ. രഞ്ജൻ ടി. ജോണിനോട് ചേർന്ന് 1956ൽ പൂർവികർ കൊളുത്തിയ വിശ്വാസദീപ്തം ഇന്നും കെടാതെ കാത്ത് സൂക്ഷിക്കുന്നു.