പത്തനംതിട്ട: ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് എസ്യുവിക്ക് ചുമത്തിയ 50,000 രൂപ പിഴത്തുക ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ അടയ്ക്കും. അനധികൃത രൂപമാറ്റങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് എംവിഡി പിഴയായി 5250 രൂപ ഈടാക്കിയിരുന്നു. തുടർന്ന് സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും പിഴത്തുക ഉയർത്തുകയുമായിരുന്നു.
പത്തനംതിട്ട കുളനട സ്വദേശി അമൽ വിദ്വാന്റെ ഉടമസ്ഥതയിലുള്ള ഓഫ് റോഡ് ജീപ്പാണ് ആറന്മുളയിലെ പ്രളയബാധിത മേഖലയിൽ മൂന്ന് ദിവസം ഉപയോഗിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം മടങ്ങുന്നതിനിടെ വാഹനത്തിന് അനധികൃത രൂപമാറ്റങ്ങളും മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതും ചൂണ്ടിക്കാട്ടി അടൂരിലെ എംവിഡി ഉദ്യോഗസ്ഥർ ആദ്യം 5,250 രൂപ പിഴ ചുമത്തിയിരുന്നു. ഈ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾ റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന എൽഇഡി ലൈറ്റുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ തുടങ്ങിയ ഓരോ അനധികൃത മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴ ഈടാക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക 50,000 രൂപയായി പുതുക്കിയത്. തുടർന്നാണ് പിഴത്തുക ഏറ്റെടുക്കാൻ ഹൈക്കോടതി അഭിഭാഷകർ തീരുമാനിച്ചത്.
ആറന്മുളയിൽ വള്ളസദ്യ നേർച്ച നടത്തിയ അഭിഭാഷക കൂട്ടായ്മയാണ് 50,000 രൂപ അടയ്ക്കുന്നത്. അബിൻ വർക്കി എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ആറന്മുളക്കാരനെ പിന്തുണയ്ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വിധിയെ പൂർണമായി മാനിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.