തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നെയ്യാർഡാം ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിനെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 24ന് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്താണ് അപകടമുണ്ടായത്.
കട്ടയ്ക്കോടുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ഷിജുവിന്റെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടത്തിനു പിന്നാലെ കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിനു കൈമാറുകയായിരുന്നു.
സംഭവത്തിൽ എക്സൈസ് കമ്മീഷണർ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചത്.