തിരുവനന്തപുരം: ശബരിമല തീർഥാടനകാലത്ത് നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന് സസ്പെൻഷൻ.
ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായിരിക്കെയാണ് ജയപ്രകാശിനെതിരേ ബോർഡ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ജയപ്രകാശിനെതിരേ പ്രോസിക്യൂഷൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. ജയപ്രകാശിനെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് ബോർഡ് അനുമതി നൽകിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
2018-19 കാലത്തെ മണ്ഡല മകരവിളക്ക്-തീർഥാടനകാലയളവിൽ അന്നദാനത്തിനായി പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ ജയപ്രകാശ് തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.
വിജിലൻസ് ഫയൽ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ജയപ്രകാശിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.