കൊച്ചി: ഹരിത കേരളം മിഷന്റെ ഹരിതഭവനം ആശയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും കൈമാറി. ആലുവ നഗരസഭയിലെ ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉത്പാദിപ്പിച്ച ജൈവവളം ഉപയോഗിച്ച് വളര്‍ത്തിയെടുത്ത പച്ചക്കറി തൈകള്‍ ജില്ലാ കളക്ടര്‍ ജി പ്രിയങ്ക ഏറ്റുവാങ്ങി. തണല്‍ ഒരുക്കുന്ന പച്ചത്തുരുത്ത് നിര്‍മിക്കുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധയിനം ഫലവൃക്ഷ തൈകളും കൈമാറി.
ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, സംസ്കരണ യുണിറ്റ് ഡയറക്ടര്‍ ഷിബു വിജയവേദം, അസോസിയേറ്റ് പാര്‍ട്ണര്‍ കെ.ആര്. റിഷി എന്നിവര്‍ ചേര്‍ന്നാണ് തൈകള്‍ കൈമാറിയത്.
നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത് നിര്‍മിക്കുന്ന ഗുണനിലവാരമുള്ള ചട്ടികളിലാണ് തൈകള്‍ തയാറാക്കുന്നത്. വിളവെടുപ്പിന് ശേഷം കുറഞ്ഞ നിരക്കില്‍ റീപ്ലാന്റ് ചെയ്തു നല്കുന്ന സംവിധാനവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാന്‍ പ്രത്യേക കൃഷിക്കൂട്ടായ്മയും ഫോണ്‍ വഴി മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ പ്ലാസ്റ്റിക് സംരംഭകനായ ഷിയാസ് സി. അലി, ഹരിതകേരളം മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ എ. നിസ, കെ.എല്‍. അരുണ്‍, ജെഫിന് ജോയ്, ടി.എസ്. ദീപു, കൊച്ചിന് കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.സി. സൂര്യമോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.