ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണവിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു. യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 7.7 ശതമാനം വർദ്ധിച്ച് 78.46 യുഎസ് ഡോളറിലെത്തി.യു.എസ് ക്രൂഡ് ബാരലിന് 7.4 ശതമാനം വർധനവോടെ 71.97 ഡോളറിലെത്തി. 2022-ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വിലക്കയറ്റമാണിത്. യുദ്ധം ഇതേ രീതിയിൽ തുടർന്നാൽ വില ബാരലിന് 100 ഡോളർ കടന്നേക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പോലുള്ള ആഗോള ഏജൻസികൾ പ്രവചിക്കുന്നത്.
എണ്ണവില കുതിച്ചുചാടാൻ പ്രധാന കാരണം ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലെ തടസങ്ങളാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനം (പ്രതിദിനം 15 ദശലക്ഷം ബാരൽ) കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇറാൻ ഈ പാത അടയ്ക്കുകയോ ആക്രമണങ്ങൾ തുടരുകയോ ചെയ്താൽ വിതരണ ശൃംഖല പൂർണമായും തകരും. ഇത് എണ്ണ ലഭ്യത കുറയ്ക്കുകയും വില കുത്തനെ ഉയർത്തുകയും ചെയ്യും.
എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത് ചരക്കുനീക്കത്തിന്റെ ചെലവ് കൂട്ടുന്നു. ഇത് പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കും.എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകും.
ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ പകുതിയിലധികവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടി ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കും.