ഷാർജ: 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ് 2026) നവംബർ നാല് മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കപ്പെടും.
"കഥകളാൽ മെനഞ്ഞത്" (മെയ്ഡ് ഓഫ് സ്റ്റോറീസ്) എന്നതാണ് ഈ വർഷത്തെ പ്രമേയം.
124 രാജ്യങ്ങളിൽ നിന്നുള്ള 2,673 പ്രസാധകരും പ്രദർശകരും മേളയിൽ പങ്കാളികളാകും. 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും ചിന്തകരും അണിനിരക്കുന്ന സാംസ്കാരിക, കലാ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.
പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രത്യേക അതിഥിയായി എത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന അതിഥികൾക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രസംഗകനുമായ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടംപിടിച്ചിരിക്കുന്നത്. ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയാകുന്നത്.
ഷാർജ ബുക്ക് അതോറിറ്റി കേന്ദ്രത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസം പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകരായ എസ്ബിഎ സിഇഒ അഹമദ് റക്കാദ് അൽ അംറി പറഞ്ഞു.
നവംബർ 4ന് യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്യും.
ഇന്ത്യയടക്കം 106 രാജ്യങ്ങളിൽ നിന്ന് 2200 പ്രസാധകർ 15 ലക്ഷത്തിലേറെ ടൈറ്റിലുകളുമായി പങ്കെടുക്കും. 1500ലേറെ പരിപാടികളാണ് 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ നടക്കുക. കവി പി.കെ.ഗോപിയടക്കമുള്ള എഴുത്തുകാരും സംബന്ധിക്കും.
ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം. ഒമാന്റെ സാഹിത്യവും പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പ്രത്യേക പരിപാടികൾ പുസ്തകോത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും. സാഹിത്യം, ശാസ്ത്രം, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങളുമായി 1,151 അറബ് പ്രസാധകരും 1,122 രാജ്യാന്തര പ്രസാധകരും മേളയിലെത്തും.
യുഎഇയിൽ നിന്നും അറബ് ലോകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും മേളയിൽ അണിനിരക്കും. യുഎഇയിൽ നിന്ന് ഡോ. സുൽത്താൻ അൽ അമീമി, അലി അബു അൽ റീഷ്, ഡോ. ഹബീബ് ഗലൂം, ഡോ. ശിഹാബ് ഗാനം, ഡോ. അഹമ്മദ് അൽ ഖൂരി, ഫാത്തിമ അൽ നിമർ, ദുബായ് അബുൽഹൂൾ, ആയിഷ സുൽത്താൻ, നാസർ അൽ ദാഹേരി എന്നിവർ പങ്കെടുക്കും.
അറബ് ലോകത്തുനിന്ന് മൊറോക്കൻ ഗവേഷകൻ ഡോ. സഈദ് യക്തീൻ, ലെബനീസ് നടനും സംവിധായകനുമായ റഫീഖ് അലി അഹമ്മദ്, എഴുത്തുകാരി നജ് വ ബറകാത്ത്, സുഡാനീസ് നോവലിസ്റ്റ് ഡോ. അമീർ താജ് എൽസിർ, കുവൈറ്റ് നോവലിസ്റ്റ് സൗദ് അൽസനൂസി, സിറിയൻ-കനേഡിയൻ എഴുത്തുകാരി സുൽഫ കാത്തൂ എന്നിവരും അണിനിരക്കും.
രാജ്യാന്തരതലത്തിൽ നിന്ന് അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയുമായ ഡെയ്സി റോക്ക്വെൽ, അമേരിക്കൻ-കനേഡിയൻ നോവലിസ്റ്റ് ജോൺ വൈലന്റ്, ചൈനീസ് നോവലിസ്റ്റ് ലിയു ഷെൻയുൻ, ഫിലിപ്പീൻസ് ചരിത്രകാരൻ അംബെത്ത് ആർ. ഒകാമ്പോ, നൈജീരിയൻ എഴുത്തുകാരി നെഡി ഒകോറാഫോർ, ബ്രിട്ടിഷ് നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഷെഹ്നാസ് ട്രഷറിവാല, ഓസ്ട്രേലിയൻ ഡിസൈനർ പീറ്റർ ഗൗൾഡ്, ദക്ഷിണാഫ്രിക്കൻ നടി സലാമിന മൊസെസെ, സിംഗപ്പൂർ കവി നതാലി വാങ്, ജർമൻ നോവലിസ്റ്റ് ഡാനിയല ടുല്ലി, തായ്ലാന്റ് എഴുത്തുകാരൻ രെവാത് പൻപിപത് എന്നിവരും പങ്കെടുക്കും.