തൊടുപുഴ: ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് സമുച്ചയത്തിന്റെ വാതില്‍ അവധി ദിവസമായ ഇന്നലെ തുറന്നുകിടന്നു. ഓഫീസ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ലോക്ക് ചെയ്യാതെയുമാണ് ജീവനക്കാര്‍ പോയത്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനു സമീപത്തെ ഓഫീസിന്റെ പ്രധാന വാതിലില്‍നിന്ന് അല്‍പ്പം മാറി വലതുവശത്തുള്ള ചെറിയ വാതിലാണ് ഇന്നലെ വൈകുന്നേരം തുറന്നുകിടക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ സ്റ്റേഷനില്‍നിന്ന് പോലീസെത്തി വാതില്‍ കുറ്റിയിട്ടു. വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
അടയ്ക്കാന്‍ മറന്നതാണോ അതോ മോഷണശ്രമമാണോ എന്ന് ഇന്ന് ജീവനക്കാര്‍ എത്തിയാലേ അറിയാന്‍ സാധിക്കൂ.
പ്രധാന വാതിലും ഗ്രില്ലും പതിവുപോലെ പൂട്ടിയ നിലയിലാണ്. സാധാരണ അകത്തുനിന്ന് പൂട്ടുന്ന വാതിലാണിത്. ഇതുവഴി നേരേ കടന്നുചെല്ലുന്നത് ചെറിയ ഒരു മുറിയിലേക്കും അവിടെ നിന്ന് പ്രധാന ഹാളിലേക്കുമാണ്. അകത്തുനിന്ന് പ്രധാന ഹാളിലേക്കുള്ള വാതിലും തുറന്നുകിടക്കുകയായിരുന്നു.
മുപ്പതോളം കംപ്യൂട്ടറുകളും പ്രധാന ഫയലുകളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രിന്ററടക്കമുള്ള മറ്റ് സാധനസാമഗ്രികളും ഇവിടെയുണ്ട്. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും ഇതിനുള്ളിലാണ്. പോലീസ് പരിശോധിച്ചപ്പോഴാണ് വകുപ്പിന്റെ കാറും ലോക്ക് ചെയ്തിട്ടില്ലെന്ന് മനസിലായത്. സംഭവത്തക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിഡിഇ അറിയിച്ചു.