തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് വലിയൊരു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പദത്തെ ഒരു ദൈവനിയോഗമായി കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്.
തന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എഐസിസി നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശന് നന്ദി രേഖപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി വി.ഡി. സതീശനെ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തന്നെ താനാക്കിയത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണ്. തന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ഐഐസിസുടെ ചുമതലുള്ള ദീപാ ദാസ് മുന്‍ഷി എന്നിവരോടും നന്ദിയുണ്ട്.
കേരളം ഇപ്പോള്‍ കടന്നുപോകുന്നത് സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. കേരളത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ താന്‍ അഭ്യര്‍ഥിക്കുകയാണ്.
നമ്മുടെ കേരളത്തെ രക്ഷിക്കാന്‍, പുതിയ കേരളത്തെ വാര്‍ത്തെടുക്കാന്‍ ഒരുമിച്ചു നില്ക്കാം. നല്ല ഒരു ടീം ഉണ്ടാകണം. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കേരളത്തിന്റെ ചിത്രമുണ്ട്.
നമ്മുടെ കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമെ സാധിക്കൂ. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഒരു ടീമിനാകും അതു ചെയ്യാനാകുക. കേരളത്തെ രക്ഷിക്കാനുള്ള ടീം ബില്‍ഡ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കും.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വൈകിയില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനൊക്കെ നടപടിക്രമങ്ങളുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നേതൃത്വത്തിനു മുന്നില്‍ ഒട്ടേറെ കാര്യങ്ങള്‍ വരുമ്പോള്‍ അതിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ.
എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നങ്ങനെ എല്ലാവരുമായി നടത്തിയ ആശയ വിനിമയത്തിനു ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.