ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നാല് കൂടി വർധിപ്പിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽ നിന്നും 38 ആയി ഉയരും.
പാർലമെന്റ് ഇപ്പോൾ സമ്മേളനത്തിലല്ലാത്തതിനാലും, അടിയന്തിര നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടതിനാലുമാണ് ഇത്തരമൊരു നടപടിയെന്ന് മേയ് 16ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രപതിയുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 123 പ്രകാരം രാഷ്ട്രപതിക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ളത്.