കൊച്ചി: നടിമാരായ രേവതിയും പത്മപ്രിയയും താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ തങ്ങളുടെ തീരുമാനം അറിയിച്ചത്. നിലവിൽ അമ്മയിൽ നടക്കുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഇരുവരും വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങൾക്കായി സംഘടനയ്ക്കുള്ളിൽ പോരാടി. എന്നാൽ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയും മാത്രമാണ് തങ്ങൾക്ക് മറുപടിയായി ലഭിച്ചതെന്നും ഇരുവരും കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഘടനയിലുണ്ടായ കൂട്ടരാജികൾ കേവലം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന് രേവതി തുറന്നടിച്ചു. പൊതുശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും വീണ്ടും തിരികെവന്നു.
തങ്ങളുടെ ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല. മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല മറിച്ച് അതിന്റെ വിശ്വാസയോഗ്യതയാണെന്നും രേവതിയുടെ കുറിപ്പിൽ പറയുന്നു.