സയൻസ് ഫിക്ഷൻ സിനിമകളിലെ അദ്ഭുതലോകത്തേക്കാണോ നമ്മൾ നടക്കുന്നത്? ദിനോസറിനെ പുനഃസൃഷ്ടിക്കാൻ കഴിയുമോ? ഗവേഷണങ്ങൾ ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ ദിനോസറിനെ പുനഃസൃഷ്ടിക്കാൻ മനുഷ്യനു കഴിഞ്ഞേക്കാം! മാമത്തിനെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടങ്ങളിലെത്തിനിൽക്കുന്പോഴാണ് ദിനോസർ ഗവേഷണങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്!
പതിനൊന്നര കോടിയിലേറെ വർഷം പഴക്കമുള്ള ദിനോസർ ഫോസിലിൽനിന്നു ഗവേഷകർക്കു രക്തം കണ്ടെത്താൻ കഴിഞ്ഞുവത്രെ! ദിനോസറുകളുടെ കാലഘട്ടത്തെയും അവയുടെ ശരീരഘടനയെയും കുറിച്ച് ഇതുവരെ അജ്ഞാതമായിരുന്ന നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കണ്ടെത്തലിനു സാധിക്കുമെന്നാണു ഗവേഷസംഘത്തിന്റെ പ്രാഥമിക നിഗമനം. ദിനോസറുകളുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ ജനിതക ഘടനയെക്കുറിച്ചും പഠിക്കാൻ ഇതുവഴി കഴിയും.
വടക്കുകിഴക്കൻ ബ്രസീലിൽനിന്നാണ് അരാറ്റസോറസ് ദിനോസറിന്റെ ഫോസിലുകൾ ലഭിച്ചത്. അവ മാംസഭോജിയാണ്. അവയുടെ പിൻകാലിലെ അസ്ഥികൾ പരിശോധിച്ചപ്പോഴാണ് രക്താണുക്കളുടെ ശേഷിപ്പുകൾ കണ്ടെത്തിയത്. 2008-ൽ ആണ് ദിനോസറിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നത്. തുടർന്ന്, ബ്രസീൽ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴും ഗവേഷണങ്ങൾ തുടരുന്നു. ഓസ്ട്രേലിയ കർട്ടിൻ സർവകലാശാല ഗവേഷസംഘമാണു പഠനങ്ങൾക്കു പിന്നിൽ. ദിനോസറിന്റെ പിൻകാലിലെ അസ്ഥികൾ പരിശോധിക്കുന്നതിനിടെയാണു ചുവന്ന രക്താണുക്കളോടു സാമ്യംതോന്നുന്ന ഘടനകൾ ശ്രദ്ധയിൽപ്പെടുന്നത്.