തൊടുപുഴ: സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യവും ഭാവിയിലെ വൈദ്യുതി സുരക്ഷയും മുന്‍നിര്‍ത്തി, ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളിലെ ജലാശയങ്ങളില്‍ ഫ്ലോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സണ്ണി ജോസഫിന് ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് നിവേദനം നല്കി. ഡാമുകളിലെ വിശാലമായ ജലോപരിതലം പ്രയോജനപ്പെടുത്തി ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ജലവൈദ്യുതിയും സൗരോര്‍ജവും ഒരേസമയം പ്രയോജനപ്പെടുത്താനാകും.
ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലാത്തതും ഗുണകരമാണ്. ഇതിനു പുറമേ ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നതും പദ്ധതിയുടെ പ്രധാന നേട്ടമാണ്. സംസ്ഥാനത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പാകാന്‍ പദ്ധതി സഹായകരമാകും.
പുരപ്പുറ സോളാര്‍ പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പങ്കാളികളാകാന്‍ നിലവിലെ ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പല പ്രദേശങ്ങളിലും ട്രാന്‍സ്ഫോര്‍മര്‍ ശേഷിയുടെ പരിമിതിമൂലം പുതിയ ഗാര്‍ഹിക സോളാര്‍ കണക്ഷനുകള്‍ നല്കുന്നതില് തടസം നേരിടുന്ന സാഹചര്യം പരിഹരിക്കേണ്ടതുണ്ടെന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
നിര്‍ദേശങ്ങള്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി മനോജ് കോക്കാട്ട് അറിയിച്ചു.