കായംകുളം: എട്ടുകണ്ടത്തെ പടക്കളമാക്കി മാറ്റി പോരാട്ട സ്മരണയിൽ ഓണാട്ടുകരയുടെ താളവും മെയ്വഴക്കവും മാറ്റുരയ്ക്കുന്ന പ്രസിദ്ധമായ ഓച്ചിറക്കളി ഇന്നും നാളെയുമായി ഓച്ചിറ പരബ്രഹ്മ സന്നിധിയിലെ എട്ടുകണ്ടത്തിൽ നടക്കും.
ആവേശ പ്പോര് നേരിൽ ദർശിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അനേകം പേർ ഓച്ചിറയിൽ എത്തും. അധിനിവേശ ശക്തികള്‍ക്കെതിരേ ആത്മാഭിമാനം കൈമുതലാക്കി ഒരു ജനത നടത്തിയ പടയോട്ടത്തിന്റെ ഓര്‍മപുതുക്കലാണ് ഓച്ചിറക്കളി.
കായംകുളം രാജ്യത്തിനു നേരേ വേണാട് രാജവംശം പടകൂട്ടി എത്തിയപ്പോള്‍ കായംകുളം രാജ്യത്തെ ജനങ്ങളുടെ നേതൃത്വത്തില്‍ ജാതിമതവ്യത്യാസമില്ലാതെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മയ്ക്കായിട്ടാണ് ഓച്ചിറക്കളി നടത്തുന്നതെന്നും രണ്ടു സൈന്യങ്ങളും ഓച്ചിറ പടനിലത്താണ് ഏറ്റുമുട്ടിയതെന്നുമാണ് ഓച്ചിറക്കളിയെപ്പറ്റിയുള്ള ഐതിഹ്യം. അതിനാലാണ് യുദ്ധസ്മരണയിൽ എല്ലാ വർഷവും മിഥുനം ഒന്നും രണ്ടും ദിവസങ്ങളിൽ ഓച്ചിറക്കളി അരങ്ങേറുക.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലെ നാനൂറിലേറേ കളരികളില്നിന്നായി ജനങ്ങള്‍ ഈ ആചാരത്തില്‍ പങ്കുകൊളളും.
ഇടവമാസം ആദ്യം മുതലേ കളരികളില്‍ ആയോധനകലകളുടെ പരിശീലനം ആരംഭിക്കും. പരിശീലനം പൂര്‍ത്തിയായ പടയാളികള്‍ കളരിപൂജ നടത്തുകയും സമീപവാസികളോടും ബന്ധുമിത്രാദികളോടും യുദ്ധാനുമതി വാങ്ങിക്കുകയും ചെയ്യും. ഇന്ന് രാവിലെ ഘോഷയാത്രയോടുകൂടി പടനിലത്തെത്തി കരപ്പയറ്റ് എന്ന പ്രദര്‍ശന അങ്കം നടത്തും. തുടര്‍ന്ന് ക്ഷേത്രഭരണസാരഥികള് ഋഷഭവീരന്മാരുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെ കരനാഥന്മാരെയും പടയാളികളെയും ആഘോഷപൂര്‍വം പടനിലത്തേക്ക് ആനയിക്കും.
തുടര്‍ന്ന് എട്ടുകണ്ടത്തിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിക്കുന്ന പടയാളികള്‍ കരനാഥന്മാര് ഇരുവശത്തുനിന്നും ഇറങ്ങിപ്പോര് തുടങ്ങുന്നതോടെ എട്ടുകണ്ടത്തിലേക്കിറങ്ങി പയറ്റ് കാഴ്ചവയ്ക്കും. തുടര്‍ന്ന് തകിടിക്കണ്ടം എന്ന വയലിലേക്കും പോരാട്ടം വ്യാപിക്കും. കാഴ്ചക്കാര്‍ക്ക് ആവേശം നൽകുന്ന തരത്തിൽ പടയാളികള്‍ പരസ്പരം പൊരുതുമെങ്കിലും തികച്ചും സൗഹൃദപരമായ പോരാട്ടമാണ് ഓച്ചിറക്കളിയുടെ പ്രത്യേകത.