സുൽത്താൻ ബത്തേരി: ഗ്രാമീണ മേഖലയിലെ നിയമാനുസൃത പൊതുഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന സമാന്തര സർവീസുകൾക്കെതിരായ നടപടികളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പരിശോധനയും പട്രോളിംഗും ആരംഭിച്ചു. ഇത് ആശ്വാസമായതായി സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. സമാനന്തര സർവീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയും പട്രോളിംഗും തുടങ്ങിയത്.
മലവയൽ, അന്പുകുത്തി, അന്പലവയൽ റൂട്ടുകളിലെ സ്വകാര്യ ബസുകളെയാണ് സമാന്തര സർവീസുകൾ കാര്യമായി ബാധിച്ചിരുന്നതെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. നിയമാനുസൃതമല്ലാത്ത സർവീസുകൾ പൊതുഗതാഗത സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് അവർ ആരോപിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമായതോടെ സ്വകാര്യ ബസുകളിലേക്ക് യാത്രക്കാർ വീണ്ടും എത്തിത്തുടങ്ങിയതായി ഉടമകൾ പറഞ്ഞു. തങ്ങളുടെ സാന്പത്തിക താത്പര്യത്തിനപ്പുറം യാത്രക്കാരുടെ ദൈനംദിന യാത്രാസൗകര്യവും വിഷയത്തിൽ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, മുതിർന്നവർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ഗ്രാമീണ മേഖലകളിൽ യാത്രയ്ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്.
നിയമാനുസൃത സർവീസുകൾ നഷ്ടത്തിലാകുന്നത് സ്വകാര്യ ബസുകൾ നിർത്തിയിടേണ്ട സാഹചര്യം ഉണ്ടാകുമെന്നും ഇതിന്റെ തിക്തഫലം യാത്രക്കാരാണ് അനുഭവിക്കേണ്ടിവരികയെന്നും ബസ് ഉടമകൾ പറഞ്ഞു. ഗ്രാമീണ മേഖലയിലെ പൊതുഗതാഗതംസംരക്ഷിക്കുന്നതിനു നടപടികൾ തുടരണമെന്ന് അവർ ആവശ്യപ്പെട്ടു.