മലപ്പുറം: പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. പ്രവാസി യുവതിയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്. ശ്രീജിയാണ് അറസ്റ്റിലായത്.
വിജിലൻസാണ് ശ്രീജിയെ അറസ്റ്റ് ചെയ്തത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായത്.