കാസര്‍ഗോഡ്: കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഇന്‍വേര്‍ഡ്, ഔട്ട് വേര്‍ഡ് പാഴ്സല്‍ സര്‍വീസുകള്‍ 25 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്നും അടിയന്തരമായി ഇതു പിന്‍വലിക്കണമെന്നും കല്ലട്ര മാഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ 49.70 കോടി രൂപയിലധികം വരുമാനം നല്കുന്ന ദക്ഷിണ റെയില്‍വേയിലെ തന്നെ പ്രധാനപ്പെട്ട ജില്ലാ ആസ്ഥാന സ്റ്റേഷനുകളിലൊന്നായ കാസര്‍ഗോഡിനോട് കാണിക്കുന്ന ഈ വിവേചനം യാതൊരു ന്യായീകരണവുമില്ലാത്തതാണ്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന സ്റ്റേഷനില്‍ നിന്ന് പാഴ്സല്‍ ഗതാഗതം നിര്‍ത്തലാക്കുന്നത് തികച്ചും പരസ്പരവിരുദ്ധവും വികസന കാഴ്ചപ്പാടിന് നിരക്കാത്തതുമാണ്.
ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ ഇരുചക്ര വാഹനങ്ങളും മറ്റ് അവശ്യസാധനങ്ങളും അയക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാഴ്സല്‍ കേന്ദ്രത്തെയാണ്. സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ ഇവര്‍ മംഗളുരുവിനെയോ കണ്ണൂരിനെയോ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത ദുരിതമുണ്ടാക്കും. വ്യാപാരികള്‍ , കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ പ്രധാന ചരക്കുനീക്കത്തെ ഇതു ബാധിക്കുകയും റോഡ് മാര്‍ഗമുള്ള ചെലവേറിയ ഗതാഗതത്തിലേക്ക് ഇവര്‍ മാറേണ്ടിവരുന്നത് സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.
ജൂലൈ 21-ന് ഉത്തരവിറക്കി ജൂലൈ 25 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പോലും സമയം നല്കാതെയുള്ള തികച്ചും ഏക പക്ഷീയമായ നീക്കമാണ്.
പാഴ്സല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള നീക്കത്തില്‍ നിന്നു റെയില്‍വേ അടിയന്തരമായി പിന്മാറണമെന്നും അമൃത് ഭാരത് പദ്ധതി യുടെ ഭാഗമായി പാഴ്സല്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിആര്‍എം എന്നിവര്‍ക്ക് കത്തയച്ചതായി എംഎല്‍എ അറിയിച്ചു.
തീരുമാനം പുനഃപരിശോ ധിച്ചില്ലെങ്കില് ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.