ഇസ്ലാമാബാദ്: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ പാകിസ്ഥാന് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണമായും സർക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നടക്കേണ്ടത്.