Kerala
ഇടുക്കി: കുമളിയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു. പത്തനംതിട്ട മൈലപ്ര പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ദേശീയപാതയിൽ കുമളി 66-ാം മൈലിൽ വച്ചാണ് അപകടമുണ്ടായത്.
കുമ്പഴയിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുകയായിരുന്ന അഞ്ചംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: പൊന്നുരുന്നിയില് ട്രെയിനില് നിന്നു വീണ് 18കാരന് ദാരുണാന്ത്യം. കൊല്ലം സ്വദേശി രാഹുല് ആണ് മരിച്ചത്. പുലര്ച്ചെ 3.30 ഓടെയായിരുന്നു അപകടം. കണ്ണൂരില് നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
വൈറ്റില പൊന്നുരുന്നി റെയില്വേ ട്രാക്കില് രാവിലെ എട്ടരയോടെയാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം എറണാകുളം ജനറല് ആശുപത്രിയിലേക്ക് മാറ്റി.
International
ധാക്ക: ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കൈയാങ്കളി. വിമാനത്തിനുള്ളിൽ വച്ച് ഏറ്റുമുട്ടിയ രണ്ട് യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാർ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയാങ്കളിയിൽ കലാശിച്ചത്. വിമാനത്തിനുള്ളിൽ ഇരുവർക്കുമിടയിൽ വാക്കേറ്റം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
അടിപിടിക്കിടെ ഒരു യാത്രക്കാരന്റെ ഷർട്ട് കീറിപ്പോയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.
വാക്കുതർക്കത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് - ഫോർട്ട്വർത്തിൽ നിന്ന് ന്യൂജഴ്സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു.
സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. പിന്നീട് അധികൃതർ യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസുകാരൻ ആർതർ ലുണ്ടീൻ എന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീൻ ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വംശീയ, സ്വവർഗവിരുദ്ധ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണാത്മകമായി പെരുമാറിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. വിമാനത്തിലുണ്ടായിരുന്ന മുൻ നിയമപാലന ഉദ്യോഗസ്ഥനായ ജുവാൻ മെഹിയ ഉൾപ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചു.
ഇതിനിടെ ലുണ്ടീൻ മെഹിയയുടെ കൈയിൽ കടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് സിപ്പ് ടൈ ഉപയോഗിച്ച് കൈകൾ ബന്ധിക്കുകയും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ഉറപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് രാത്രി ഏകദേശം 10.15ഓടെ വിമാനം Baltimore/Washington International Thurgood Marshall Airport (BWI)-ൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെത്തിയ Maryland Transportation Authority Police ലുണ്ടീനെ കസ്റ്റഡിയിലെടുത്തു.
ലുണ്ടീനെതിരെ disorderly conduct, second-degree assault എന്നീ സംസ്ഥാനതല കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ FBI അന്വേഷണം തുടരുകയാണ്.
ഫെഡറൽ കുറ്റങ്ങൾ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനായി Maryland U.S. Attorney’s Office-മായി ആലോചിക്കുമെന്നും FBI അറിയിച്ചു.
യാത്രക്കാരനെ വിമാനത്തിൽ നിന്ന് നീക്കിയതിന് പിന്നാലെ വിമാനം ന്യൂവാർക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണനയെന്നും വിമാനത്തിനുള്ളിലെ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.
2026ൽ ഇതുവരെ 1,100ലധികം അക്രമാസക്തമോ നിയന്ത്രണം വിട്ടതോ ആയ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിമാനക്കമ്പനികൾ FAA-യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.
National
മുംബൈ: ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ ബോട്ടിൽ നിന്ന് 34 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 38 പേരെ മുംബൈ പൊലിസ് സുരക്ഷിതമായി കരയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് വിനോദസഞ്ചാരികളുമായി പോയ 'അൻവരി' എന്ന ബോട്ടാണ് യാത്രാമധ്യേ അപകടത്തിൽപ്പെട്ടത്.
ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനിടെ തീരത്ത് നിന്ന് ഏകദേശം 1.5 നോട്ടിക്കൽ മൈൽ അകലെ വച്ച് ബോട്ടിന്റെ എൻജിൻ തകരാറിലാവുകയും പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടന്നതിന് സമീപം 'ആസാദ് ഹിന്ദ്' എന്ന മറ്റൊരു ബോട്ട് ഉള്ളതായി മനസിലാക്കിയ പൊലിസ്, ഉടമയായ ജുനൈദ് മുല്ലയുമായി ബന്ധപ്പെട്ടു. പൊലിസിന്റെ നിർദേശപ്രകാരം ഉടൻ സ്ഥലത്തെത്തിയ ആസാദ് ഹിന്ദ് ബോട്ട് ഉപയോഗിച്ച് തകരാറിലായ ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതരായി തിരിച്ചെത്തി.
National
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റൽ പോളിലിടിച്ചു. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മാനുവൽ എയർക്രാഫ്റ്റ് സ്റ്റെയർകേസുകൾ ഉപയോഗിച്ചാണ് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയത്.
സംഭവത്തിന് കാരണമായ സാഹചര്യങ്ങൾ അന്വേഷിക്കും. അന്വേഷണം പൂർത്തിയായാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്.
Kerala
തമ്പാനൂര്: ട്രെയിൻ യാത്രികയുടെ മൊബൈല്ഫോണ് കവര്ന്നയാളെ റെയില്വേ പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (39) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലര്ച്ചെയാണ് സംഭവം.
നിസാമുദ്ദീനില് നിന്ന് തിരുവനന്തപുരത്തേക്കു വന്ന നിസാമുദ്ദീന് എക്സ്പ്രസിന്റെ എ വണ് കോച്ചിലെ യാത്രക്കാരിയുടെ 90,000 രൂപ വിലവരുന്ന വിവോ എസ് 200 ഫോണാണ് പ്രതി കവര്ന്നത്. കവര്ച്ചയുണ്ടായത് കായംകുളത്തിനും വര്ക്കലയ്ക്കും ഇടയ്ക്കാണ്. യാത്രക്കാരി നല്കിയ പരാതിയില് സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് തൃശൂരില് നിന്നാണ് മുഹമ്മദ് ഷാഫിയെ റെയില്വേ പോലീസ് പിടികൂടിയത്.
ഇയാള് സ്ഥിരം മോഷ്ടാവാണെന്നും ഒരുമാസത്തിനിടെ 10 ഓളം മോഷണക്കേസുകളില് ഇയാളുടെ പങ്കുണ്ടെന്നു തെളിഞ്ഞതായും പോലീസ് അറിയിച്ചു. റെയില്വേ പോലീസ് എസ്എച്ച്ഒ ബാലു ബി. നായര്, സ്ക്വാഡ് സി.ഐ. ജിബിന്, സിപിഒമാരായ സരിന്, ആദര്ശ് തിങ്കള്, മനോജ്, അനീഷ് എന്നിവര് അന്വേഷണസംഘത്തില് ഉണ്ടായിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കാക്കൂര് സ്വദേശി ചാലങ്ങോട്ട് മനയില് ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ്സംഭവമുണ്ടായത്. കോഴിക്കോട് നിന്നും കണ്ണൂര് ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്ടിസി ബസില് യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
ബസ് മാനാഞ്ചിറ എത്തിയപ്പോള് യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില് ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില് നടക്കാവ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ശ്രീജേഷിന്റെ നേതൃത്വത്തില് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില് ഹാജരാക്കിയ ബിജുവിനെ റിമാന്ഡ് ചെയ്തു.
NRI
ബെർലിൻ: വിമാനത്തിനുള്ളിൽ ഇരിക്കവെ പെട്ടെന്ന് കാബിൻ ജാലകം തകർന്ന് തലയും കൈയും 600 കിലോമീറ്റർ വേഗതയിലുള്ള കാറ്റിലേക്ക് തെറിച്ചുവീണ ഭീകരമായ സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുന്നു.
കഴിഞ്ഞ ജൂലൈയിൽ തെസലോനികിയിൽ നിന്ന് ജർമനിയിലെ മെമ്മിംഗണിലേക്ക് പറന്ന റയാൻഎയർ (Ryanair) വിമാനത്തിലാണ് ജീവൻ വരെ നീണ്ട ഈ അത്ഭുതാപഹമായ അപകടമുണ്ടായത്.
അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട 61 കാരനായ ല്യുബിഷ കാറോവിച്ച് എന്ന യാത്രക്കാരനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ മില്യൺ ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
ഒപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും അദ്ദേഹം നിയമപരമായി പ്രതിനിധീകരിക്കുന്നുണ്ട്.
എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?
വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാറും പക്ഷികൾ ഇടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ പക്ഷികൾ മാത്രമാണ് ഈ ദുരന്തത്തിന് കാര്യമെന്ന വാദം യാത്രക്കാരന്റെ അഭിഭാഷകൻ പൂർണമായും തള്ളിക്കളയുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചകൾ, മെറ്റീരിയൽ തകർച്ച, കൂടാതെ റയാൻഎയർ, ബോയിംഗ്, എഞ്ചിൻ നിർമാതാക്കൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.
അപകടം നടന്ന് നിമിഷങ്ങൾക്കകം വിമാനത്തിലുണ്ടായ കടുത്ത മർദ്ദവ്യത്യാസവും ഭീതിയും യാത്രക്കാരെ മാനസികമായി തകർത്തിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വിമാനക്കമ്പനികളുടെയും നിർമാതാക്കളുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബാധിതരായ യാത്രക്കാരുടെ തീരുമാനം.
Kerala
തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ഇതിനു പുറമെ ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും. ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇന്നാരംഭിക്കും.
ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറിൽ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്സൈറ്റിലൂടെയും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
Kerala
തിരുവനന്തപുരം: ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിൽ വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് അറിയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം സ്ഥലത്ത് തുടരുകയും ഗിരീഷിന്റെ ആരോഗ്യനില അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു.
ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫാണ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തത്. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ഗവർണറുടെ സ്റ്റാഫിൽപ്പെട്ടയാൾ തന്നെ ബന്ധപ്പെടുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഗിരീഷിന്റെ വീട് വെള്ളയമ്പലത്ത് ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ്. കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.
ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.
അടിയന്തര സാഹചര്യത്തിൽ യാത്ര നിർത്തിവെച്ച് വഴിയാത്രക്കാരന്റെ സഹായത്തിനായി ഗവർണർ നേരിട്ട് ഇടപെട്ടത് അദ്ദേഹത്തിന്റെ മാനുഷിക സമീപനത്തിന്റെ മാതൃകയായി.
Kerala
മാനന്തവാടി: നിയന്ത്രണംവിട്ട കാര് പുഴയിലേക്ക് മറിഞ്ഞു. എള്ളുമന്ദം സ്വദേശി അജിസണിന്റെ കാറാണ് എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
കാറിലുണ്ടായിരുന്നയാളെ നാട്ടുകാര് രക്ഷപ്പെടുത്തി. പൂര്ണമായും പുഴയില് മുങ്ങിയ കാര് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമിന്റെ നേതൃത്വത്തില് കയറിന് കെട്ടിവലിച്ചാണ് കരയില് എത്തിച്ചത്.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോലഞ്ചേരി റോഡില് കടാതി ക്ലബ്ബ് ഷവായ റസ്റ്ററന്റിന് സമീപം ഉണ്ടായ വാഹനാപകടത്തില് സ്കൂട്ടര് യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്, റസ്റ്ററന്റിന് മുന്വശത്ത് പാര്ക്ക് ചെയ്തിരുന്ന വാഗണ്ആര് കാറിന്റെ പിന്ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് തെറിച്ചു വീണ സ്കൂട്ടര് യാത്രികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന് തന്നെ നാട്ടുകാരും പോലീസും ചേര്ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ പേരോ വിവരങ്ങളോ വ്യക്തമായിട്ടില്ല.
National
സഹർസ: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. സമഷ്ടിപുർ-സഹർസ മെമു ട്രെയിനിലെ രണ്ട് കോച്ചുകൾക്കാണു തീപിടിച്ചത്.
ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ മൂന്നിന് സിമ്രി ബക്തിയാർപുർ സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററാണ് മോട്ടോർ കോച്ചിൽനിന്ന് അടുത്ത കോച്ചിലേക്കതു തീ പടരുന്നതു കണ്ടത്. ആർക്കു പരിക്കില്ല.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടി. ആറോടെ തീ പൂർണമായും അണച്ചതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സരസ്വതി ചന്ദ്ര അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ ബസിനകത്ത് യാത്രക്കാരിയോട് യുവാവ് അപമര്യാദയായി പെരുമാറി. ബംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം.
ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി സ്പർശിച്ചെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ യുവാവിനെ ആക്രമിച്ചു. പ്രതി ഓടിപ്പോകാതിരിക്കാൻ ബസിന്റെ വാതിലുകൾ അടച്ചു.
മോശമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതി ഇയാളുടെ മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. തുടര്ന്ന് ഡ്രൈവർ തന്റെ സീറ്റിൽ കയറി നിന്ന് യുവാവിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തിനിടെ പ്രതിയുടെ ഷർട്ട് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
സംഭവത്തിന് ശേഷം യുവാവ് മാന്യത ടെക് പാർക്ക് ബസ് സ്റ്റോപ്പിലും, പരാതിക്കാരിയായ യുവതി ബാബുസാപാളയ സ്റ്റോപ്പിലും ഇറങ്ങിപ്പോയി. നിലവിൽ പോലീസിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല.
National
സൂററ്റ്: സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് എമർജൻസി എക്സിറ്റ് വാതിൽ തുറന്ന യാത്രക്കാരൻ പിടിയിൽ. ഹിതേന്ദ്ര മാനിയ എന്ന വ്യാപാരിയെയാണ് ഇൻഡിഗോ അധികൃതരും സിഐഎസ്എഫ് സേനയും ചേർന്ന് പുറത്തിറക്കി ദുമാസ് പോലീസിന് കൈമാറിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സൂററ്റിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-419 വിമാനത്തിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:20-ഓടെ വിമാനം യാത്രതിരിക്കാൻ ഒരുങ്ങുമ്പോഴാണ് എമർജൻസി വാതിൽ തുറന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എയർപോർട്ട് അധികൃതരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്ന്ന് 19എ സീറ്റിലിരുന്ന ഹിതേന്ദ്രയെ വിമാനത്തിൽ നിന്ന് ഇറക്കി ചോദ്യം ചെയ്യലിനായി പോലീസിന് കൈമാറി.
എന്നാൽ അബദ്ധത്തിലാണ് ഇത് സംഭവിച്ചതെന്നാണ് ഹിതേന്ദ്ര പോലീസിനോട് പറഞ്ഞത്. സീറ്റ് പിന്നിലേക്ക് ചാരിയിടാനായി ഹാൻഡിൽ വലിച്ച് നോക്കിയപ്പോൾ മാറിപ്പോയതാണെന്നും എമർജൻസി എക്സിറ്റിന്റെ വാതിലാണെന്ന് കരുതിയില്ലെന്നും ഇയാൾ വ്യക്തമാക്കി. അബദ്ധം മനസിലായ ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരമറിയിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകാനാണ് ഹിതേന്ദ്ര വിമാനത്തിൽ കയറിയത്. ഇയാളുടെ പ്രവർത്തിക്ക് പിന്നിൽ മനഃപൂർവമുള്ള എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഇൻസ്പെക്ടർ എം.വി. പട്ടേൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം യാത്ര തുടർന്നത്. അശ്രദ്ധമായി എമർജൻസി ഡോർ കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസിൽ വച്ച് ജീവനക്കാരൻ ഇവരെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ യാത്രക്കാരി ഉടൻ തന്നെ ബഹളം വച്ചതോടെ, പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് ബസിലെ ഡ്രൈവർ പ്രതിയെ പിന്നാലെ ഓടിച്ചെന്ന് പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം.
ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള മറ്റേയാളുടെ തലയിൽ ആഞ്ഞടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കല്യാൺ റെയിൽവേ പോലീസ് കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
International
ഏഥൻസ്: പറന്നുയർന്ന റയാൻ എയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് യാത്രക്കാരൻ പകുതിയോളം പുറത്തേക്ക് തെറിച്ചുപോയി. ഗ്രീസിലെ തെസലോനിക്കിയിൽനിന്നും ജർമനിയിലെ മെമ്മിങ്ങിലേക്ക് രാവിലെ 5.55 ന് പുറപ്പെട്ട റയാൻ എയറിന്റെ ബോയിംഗ് 737-800 വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം.
61കാരനായ സെർബിയൻ സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.വിമാനം ഉയർന്ന് പത്തു മിനിറ്റായപ്പോൾ ശക്തമായ ഒരു സ്ഫോടനശബ്ദത്തോടെ ജനൽപ്പാളി തകരുകയായിരുന്നു. വായുമർദത്തിലുണ്ടായ വ്യത്യാസം കാരണം യാത്രക്കാരൻ ജനലിലൂടെ പകുതിയോളം പുറത്തേക്ക് വലിപ്പിച്ചു.
ഇദ്ദേഹത്തിന്റെ ഭാര്യ കാലുകളിൽ മുറുകെ പിടിച്ചതിനാലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സഹയാത്രികർ ചേർന്നാണ് ഇദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് വലിച്ചുകയറ്റിയത്. എൻജിന്റെ ഭാഗങ്ങൾ തെറിച്ചുവീണാണു ജനൽ തകർന്നതെന്ന് യാത്രക്കാർ ആരോപിച്ചെങ്കിലും കമ്പനി ഇതു സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തെത്തുടർന്ന് വിമാനം പെട്ടെന്നുതന്നെ 9,000 അടി താഴേക്ക് ഇറക്കുകയും ഗ്രീസിൽ അടിയന്തരമായി ലാൻഡിംഗ് നടത്തുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരനെ ഘർഷണം മൂലമുണ്ടായ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഗ്രീക്ക് വ്യോമയാന സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് - തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
National
മുംബൈ: മഴവെള്ളം കയറാതിരിക്കാൻ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യാത്രക്കാരനെ സഹയാത്രികൻ കുത്തിക്കൊലപ്പെടുത്തി.
മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരനായ മായങ്ക് രമേശ് ലോഹാറാ(22)ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ റോഷൻ സുവർണ (30) എന്ന യാത്രക്കാരനെ കുർളയിൽനിന്ന് അറസ്റ്റ് ചെയ്തു.
റെയിൽവേ പോലീസിന്റെ ആറു സംഘങ്ങൾ നഗരത്തിലുടനീളം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓടെ ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചിലായിരുന്നു സംഭവം. അന്ധേരി-ബോറിവലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് തർക്കം രൂക്ഷമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തർക്കത്തെത്തുടർന്ന് യാത്രികനെ കത്തികൊണ്ടു കുത്തിയ പ്രതി ബോറിവലി സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനുമുമ്പ് പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ റോഷൻ മുംബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
District News
കഴക്കൂട്ടം: കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശിയായ അബ്ദുൽ റബ്ബാണ് (82) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒന്പതോടെ കണിയാപുരം ആലുംമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസിൽ കണിയാപുരത്തു നിന്നാണ് ഇദ്ദേഹം കയറിയത്. ശ്രീധരമംഗലം മഹാവിഷ്ണു ക്ഷേത്രത്തിനു മുൻവശത്തുള്ള വളവിലായിരുന്നു അപകടം നടന്നത്. ബസ് വളവ് തിരിയുമ്പോൾ കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ ഇദ്ദേഹം ബസിലെ കൈപ്പിടിയിൽനിന്നും പിടിവിട്ട സമയത്ത് ബാലൻസ് തെറ്റുകയായിരുന്നു.
ബസിന്റെ വാതിലിലേക്കു മറിഞ്ഞ ഇദ്ദേഹം പിന്നീട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു അപകടത്തിൽ അബ്ദുൽ റബ്ബിന്റെ തോളെല്ലിനു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ചെന്നൈ: വസ്ത്രം ഉപയോഗിച്ച് റെയിൽവേ സിഗ്നൽ മറച്ച് ട്രെയിൻ നിർത്തിച്ച ശേഷം കോച്ചിൽ കയറി യാത്രക്കാരിയുടെ മാല കവർന്നു. സംഭവത്തിൽ വില്ലിവാക്കം സ്വദേശി കുമരേശനെ (36) തമിഴ്നാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന നെല്ലൈ എക്സ്പ്രസിലാണ് കവർച്ചാ ശ്രമം നടന്നത്. താംബരത്തിനും കട്ടാൻകുളത്തൂരിനും ഇടയിലെത്തിയപ്പോഴാണ് സംഭവം.
റെയിൽവേ ട്രാക്കിലെ സിഗ്നൽ ലൈറ്റ് പെട്ടെന്ന് കാണാതായതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സിഗ്നൽ ലൈറ്റ് ഒരു ഷർട്ട് ഉപയോഗിച്ച് മറച്ച നിലയിൽ കണ്ടെത്തി.
ട്രെയിനിലെ ഗാർഡ് ഇറങ്ങി ഈ വസ്ത്രം മാറ്റുന്നതിനിടയിലാണ് കുമരേശൻ റിസർവ്ഡ് കോച്ചിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് ശുചിമുറിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ 11 പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. യുവതി ചെറുത്തുനിന്നതോടെ മാലയുടെ ഒരു ഭാഗം മാത്രം പൊട്ടിച്ചെടുത്ത് ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് താംബരം റെയിൽവേ പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാൾ മുൻപ് ഗുണ്ടാനിയമ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി : എറണാകുളം അയ്യപ്പൻകാവിൽ വഴിയാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി കാമറകൾ പരിശോധിച്ച് നോർത്ത് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പട്ടാപ്പകൽ റോഡരികിലൂടെ നടന്നുപോയ യുവതിക്കു നേരെയാണ് പിന്നിലൂടെവന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടിത്തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നുകളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മേയ് 16ന് നോർത്ത് പോലീസിനു മുന്നിൽ പരാതി എത്തിയത്.
നഗരത്തിൽ നമ്പർ ഡീറ്റെക്ക്ഷൻ കാമറകൾ ഉൾപ്പെടെ പ്രവർത്തന രഹിതമായതാണ് പോലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
International
ബെർലിൻ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ യാത്രക്കാർ കയറുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങൾ ഒടിഞ്ഞു. ലുഫ്താൻസ എയർലൈൻസിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻചക്രങ്ങളാണ് ഒടിഞ്ഞു വീണത്. വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനായി ഗേറ്റിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം ഉണ്ടായത്. വിമാന ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും യാത്രക്കാരും അടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. ഷാങ്ഹായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എൽഎച്ച്728 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിനുള്ള ബോർഡിംഗ് ബ്രിഡ്ജ് ഘടിപ്പിച്ച് ഇതുവഴി യാത്രക്കാർ കയറുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ഇടിച്ചിറങ്ങി. ബോർഡിംഗ് ബ്രിഡ്ജിനും തകരാർ സംഭവിച്ചു. ചക്രങ്ങൾ തകരുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തിൽ വിമാനത്തിനകത്തുണ്ടായിരുന്ന ജീവനക്കാർക്കും വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റു. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് വിവരം.
അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. തകർന്ന ചക്രങ്ങൾ മാറ്റുന്നതിനും വിമാനം റൺവേയിൽ നിന്ന് നീക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തിവരികയാണ്. അപകടത്തെ തുടർന്ന് ഷാങ്ഹായിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം കണ്ടെത്താൻ ജർമ്മൻ ഫെഡറൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്ഡിലാണ് സംഭവം. പുല്ലാടന് ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില് സ്റ്റാന്ഡില് വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള് മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന് തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര് ചേര്ന്നു കോട്ടയം മെഡിക്കല് കോളജില് എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല് കോളജിലെ റെഡ് സോണ് വിഭാഗത്തില് പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
Kerala
പരവൂർ: കായംകുളം ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്ന റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ കോട്ടയം വഴിയുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകളുടെ സേവനം ലഭ്യമാകില്ല.
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് (16348): നാളെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴി സർവീസ് നടത്തും. പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344): നാളെ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴിയാകും സഞ്ചരിക്കുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350): നാളെ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനും ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
കായംകുളം ജംഗ്ഷനിൽ പുതിയ ഫുട്ട് ഓവർബ്രിഡ്ജിന്റെ ഗാംഗ്വേ ഗർഡറുകൾ സ്ഥാപിക്കുന്നതിനാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാർ നാളത്തെ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്.
കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ പി.കെ. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്.
ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു ആനന്ദ് യാത്ര ചെയ്തത്. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ഒരു ലക്ഷത്തിന്റെ 25 കെട്ടുകളായാണ് പൊതിഞ്ഞു വച്ച നിലയിൽ പണം സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
National
ചെന്നൈ: ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തിൽ ഇന്ന് പുലർച്ചെ നാടകീയ രംഗങ്ങൾ. വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്സി വേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ അടിയന്തര വാതിൽ തുറന്ന് ഒരു യാത്രക്കാരൻ പുറത്തേക്ക് ചാടുകയായിരുന്നു.
വിമാനം റൺവേയിൽ നിന്നും മാറി പാർക്കിംഗ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. വിമാനം പൂർണമായും നിശ്ചലമാകുന്നതിന് മുൻപായിരുന്നു യാത്രക്കാരന്റെ സാഹസം. ഉടൻ തന്നെ പൈലറ്റ് വിവരം ഗ്രൗണ്ട് സെക്യൂരിറ്റിയെ അറിയിക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയും ചെയ്തു.
യാത്രയ്ക്കിടെ ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിനുള്ളിൽ ഇയാൾ രണ്ട് തവണ ഛർദ്ദിച്ചിരുന്നു. ഛർദ്ദിക്കാനുള്ള അസ്വസ്ഥത കൂടിയതിനെത്തുടർന്നാണ് വെപ്രാളത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
അനിഷ്ട സംഭവത്തെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റൺവേ പുലർച്ചെ 03:23 മുതൽ 04:23 വരെ അടച്ചിട്ടു. ഈ സമയത്തു വന്ന വിമാനങ്ങൾ സെക്കൻഡറി റൺവേയിലേക്കാണ് തിരിച്ചുവിട്ടത്. വിമാനത്തിനോ മറ്റ് യാത്രക്കാർക്കോ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണ് ഇയാളെന്നാണ് അനൗദ്യോഗിക വിവരം. വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരനെ വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുമായി കൈമാറി.
Kerala
കൊച്ചി: എറണാകുളം മഞ്ഞുമ്മലില് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകര്ത്ത് കാര് യാത്രികന്. ബസ് കാറില് ഇടിച്ചെന്ന് പറഞ്ഞാണ് ചില്ല് അടിച്ചു തകര്ത്തത്. എറണാകുളം-ഗുരുവായൂര് റൂട്ടില് സര്വീസ് നടത്തുന്ന ബസിന്റെ മുന്വശത്തെ ചില്ലാണ് കാര് യാത്രികന് അടിച്ചു തകര്ത്തത്.
റോഡിന് നടുവില് ബസ് തടഞ്ഞു നിര്ത്തിയാണ് ആക്രമണം നടത്തിയത്. സംഭവ സമയത്ത് ബസില് നിരവധി യാത്രക്കാര് ഉണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ബസ് അടിച്ചു തകര്ത്തത് യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തി സൃഷ്ടിച്ചു.
ബസ് ജീവനക്കാരുടെ പരാതിയില് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിക്കായി പോലീസ് പ്രദേശത്തെ സിസിടിവികള് പരിശോധിച്ചു വരികയാണ്.
District News
കയ്പമംഗലം: പെരിഞ്ഞനത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തെക്കേപനക്കൽ ഗോവിന്ദന്റെ മകൻ സുനിൽ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമുക്കാലോടെ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം താടിവളവിന് അടുത്താണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
ആലുവ: ബസില്നിന്ന് കളഞ്ഞുകിട്ടിയ സ്വര്ണമാല ഉടമയ്ക്ക് തിരിച്ചുനല്കി ആലുവയിലെ കെഎസ്ആര്ടിസി കണ്ടക്ടര്. ആലുവ പറവൂര് സര്വീസ് ബസിലെ കണ്ടക്ടര് കൊട്ടാരക്കര സ്വദേശി അജികുമാറിനാണ് മാല സീറ്റിനടിയില് നിന്ന് പറവൂര് എത്താറായപ്പോള് കിട്ടിയത്.
ആലുവ - പറവൂര്കവല മണപ്പുറം റോഡില് അര്ച്ചനാസ് ബ്യൂട്ടി പാര്ലര് ജീവനക്കാരി കൂത്താട്ടുകുളം പെരുമ്പിള്ളിക്കുന്നേല് കൃഷ്ണേന്ദു ഷാജിയുടെ ആറ് ഗ്രാമിന്റെ മാലയാണ് ബസില് നഷ്ടമായത്. മാല നഷ്ടപ്പെട്ടു എന്ന പരാതിയുമായി കൃഷ്ണേന്ദു ഡിപ്പോയിലെത്തി.
യാത്രചെയ്ത ടിക്കറ്റും ഹാജരാക്കിയപ്പോഴാണ് കണ്ടക്ടര് അജികുമാര് ഉടമ കൃഷ്ണന്ദുവിന് കൈമാറിയത്. ആലുവയില് വച്ച് തന്നെ ഊരിപ്പോയ മാല പറവൂരില് ബസ് എത്തുന്നത് വരെ ആരുടേയും ശ്രദ്ധയില് പെടാതിരുന്നതാണ് ഭാഗ്യമായത്.
Kerala
കാസര്ഗോഡ്: ബിസ്കറ്റില് മയക്കുമരുന്ന് കലര്ത്തി ട്രെയിന് യാത്രികനെ കൊള്ളയടിച്ച ബിഹാര് അരാരിയ സ്വദേശികള് അറസ്റ്റില്.
അബ്ദുള്ള രജക് (34), സഫര് (40), മഹമൂദ് ആലം (35) എന്നിവരെയാണ് റെയില്വേ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി വി.പി. സരിന് ആണ് കവര്ച്ചയ്ക്കിരയായത്. മാര്ച്ച് 13നു വൈകുന്നേരം മലബാര് എക്സ്പ്രസിന്റെ എസ് 4 കംപാര്ട്ട്മെന്റിലാണ് കവര്ച്ച നടന്നത്.
മംഗളൂരുവില്നിന്നു വടകരയ്ക്ക് യാത്രചെയ്യുകയായിരുന്ന സരിൻ കാസര്ഗോഡ് കുമ്പളയില്നിന്നാണ് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള് നല്കിയ ബിസ്കറ്റ് കഴിച്ചു. അതിനുശേഷം മയങ്ങിയ സരിന്റെ ലാപ്ടോപ്പ്, സ്വര്ണമോതിരം, മൊബൈല് ഫോണ്, പഴ്സ് എന്നിവ ഉള്പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള് കവര്ച്ചാസംഘം തട്ടിയെടുത്തു.
സംഭവത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട സരിന് ഫറോക്ക് സ്റ്റേഷനില് ഇറങ്ങുകയും എങ്ങനെയോ തിരൂര് ഗവ. ആശുപത്രിയില് എത്തുകയും ചെയ്തു. അവിടെ അഡ്മിറ്റായപ്പോഴാണ് കവര്ച്ച നടന്ന വിവരം പുറംലോകമറിയുന്നത്. തുടര്ചികിത്സയ്ക്കായി സരിനെ ഇപ്പോള് കോഴിക്കോട് മെഡിക്കല് കോളജില് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
സംഭവത്തിനുശേഷം പ്രതികള് കോഴിക്കോട് ഇറങ്ങുകയും ലോഡ്ജില് താമസിക്കുകയും ട്രെയിനില് കറങ്ങിനടക്കുകയും ചെയ്യുകയായിരുന്നു. അതിനിടെയാണ് ഇവരെ കോഴിക്കോട് നിന്നും സംയുക്ത സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. നഷ്ടപ്പെട്ട മുതലുകള് പോലീസ് വീണ്ടെടുത്തു. പ്രതികളുടെ പേരില് സമാനമായ കേസുകള് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
District News
കറുകച്ചാൽ: ടോറസ്ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. നെടുങ്ങാടപ്പള്ളിയിൽ താമസിക്കുന്ന ഇരവിനെല്ലൂർ സ്വദേശി ചീരംകുളം ചാക്കോ (68) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45-ഓടെ കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിനെ മറിടക്കുന്നതിനിടയിൽ മുൻവശത്തു തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ടോറസിന്റെ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറും ചാക്കോയുമായി ടോറസ് 10 മീറ്ററോളം മുന്നോട്ട് പോയി. നാട്ടുകാർ ബഹളം കൂട്ടിയപ്പോഴാണ് ടോറസ് ലോറിയുടെ ഡ്രൈവർ അപകടവിവരം അറിയുന്നത്. ചാക്കോയുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ടോറസ് പിന്നോട്ടെടുത്ത ശേഷമാണ് ചാക്കോയെ പുറത്തെടുത്തത്. ചാക്കോയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: പാപ്പനംകോടിന് സമീപം സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന തളിയല് എസ്എംആര്വി.ലെയ്ന് ദേവികൃപയില് വിജി (53) ആണ് മരിച്ചത്.
കരമന-കളിയിക്കാവിള ദേശീയ പാതയില് തുലവിളയില് ആയിരുന്നു സംഭവം. സ്കൂട്ടര് ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
നെയ്യാറ്റിന്കര ഭാഗത്ത് നിന്നും തമ്പാനൂര് ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില് സഞ്ചരിച്ചിരുന്ന സ്കൂട്ടര് മറിഞ്ഞത്. സ്കൂട്ടറിന് പുറകിലിരുന്ന വിജി മറിഞ്ഞ് ബസിന്റെ പിന്നിലെ ചക്രങ്ങള്ക്കടിയില്പ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
NRI
വാഷിംഗ്ടൺ ഡിസി: അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച സോഫിയ സാഹു (40) എന്ന യാത്രക്കാരിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു.
വിമാന ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ ഹീലുള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റിൽ കയറി നിന്ന് ബഹളം വച്ചതായും എഫ്ബിഐ പറഞ്ഞു.
എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.
Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ. പ്രദീപനാണ് മരിച്ചത്. തലശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
District News
കോതമംഗലം: ചെറുവട്ടൂരില് സ്കൂട്ടറില് പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികൻ തത്ക്ഷണം മരിച്ചു. കുറ്റിലഞ്ഞി സൊസൈറ്റിപ്പടി തേലക്കാട്ട് ടി.കെ. മക്കാര് (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
പൂവത്തൂരിലെ പമ്പില്നിന്ന് സ്കൂട്ടറില് പെട്രോളടിച്ച് റോഡിലേക്ക് പ്രവേശിക്കുമ്പോള് പിക്കപ്പ് വാന് ഇടിക്കുകയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ മേതല തേലമ്പ്രം കുടുംബാംഗം. മക്കള്: സുമി, കരിം, സുധീര്. മരുമക്കള്: റഹിം, സുമയ്യ, ഷാനി.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ജയിൽശിക്ഷ അനുഭവിക്കാതെ സ്വതന്ത്രനായി. 45കാരനായ ജീസസ് റാമിറസ് എന്നയാളാണ് നിയമത്തിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ശിക്ഷാവിധിയിൽ നിന്ന് ഒഴിവായത്.
2024 ഏപ്രിലിൽ ഷിക്കാഗോയിലെ പിങ്ക് ലൈൻ ട്രെയിനിൽ വച്ചാണ് റാമിറസ് ഒരു യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ഇരയായ 37കാരൻ ഒരാഴ്ചയോളം കോമയിലാവുകയും രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിയുകയും ചെയ്തു.
കോടതിയിൽ കുറ്റം സമ്മതിച്ച റാമിറസിന് രണ്ട് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇലിനോയ് നിയമപ്രകാരം ഇലക്ട്രോണിക് മോണിറ്റൽ (ആങ്കിൾ മോണിറ്റർ) കഴിഞ്ഞ സമയം ശിക്ഷാ കാലാവധിയായി കണക്കാക്കും. റാമിറസ് ഒരു വർഷത്തിലധികം ഇത്തരത്തിൽ നിരീക്ഷണത്തിലായിരുന്നു. കൂടാതെ, നല്ല പെരുമാറ്റത്തിന്റെ പേരിൽ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാനും നിയമം അനുവദിക്കുന്നു.
ഇരയുടെ തലച്ചോറിൽ രക്തസ്രാവം, വാരിയെല്ലുകൾക്ക് ഒടിവ് എന്നിവയുൾപ്പെടെ ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ച പ്രതി ഇത്ര വേഗം സ്വതന്ത്രനായത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ വിമാനത്താവളത്തിൽ നിന്ന് യാത്രികന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി രമേശ് സക്രാനി (60) ക്കെതിരെ കേസെടുത്തു.
എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി എക്സ്-റേ സ്കാനിംഗ് നടത്തിയപ്പോഴാണ് ബാഗിനുള്ളിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു.
വെടിയുണ്ട കൈവശം വയ്ക്കാനുള്ള ലൈസൻസോ അംഗീകാരമോ ഇയാൾക്കില്ലെന്ന് സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ ഹനുമാൻ മീണ പറഞ്ഞു.
വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ രമേശും ഭാര്യയും കുറച്ച് ദിവസങ്ങൾക്കു മുന്പാണ് മഹാരാഷ്ട്രയിൽ എത്തിയതെന്നും സംശയാസ്പദമായ മറ്റൊന്നും കണ്ടെത്തിയില്ലെന്നും ഇൻസ്പെക്ടർ സോമനാഥ് ജാദവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള് മോശമായി പെരുമാറിയത്. ദോഹയില് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
National
വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്മിതബുദ്ധിയുടെയും സാധ്യതകള് പ്രയോജനപ്പെടുത്താൻ തയാറെടുത്ത് റെയിൽവേയും. പ്രാരംഭമായി സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ.
പരീക്ഷണാർത്ഥം ഈസ്റ്റ് കോസ്റ്റ് റെയില്വേയ്ക്കു കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്നിന്നു പ്രചോദനം ഉള്ക്കൊണ്ട് " എഎസ്സി അര്ജുന്' എന്നാണ് റോബോട്ടിനു പേര് നല്കിയിരിക്കുന്നത്. വിജയമെന്നു കണ്ടാൽ രാജ്യത്തെ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും റോബോട്ടിനെ രംഗത്തിറക്കും.
റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സി (ആർപിഎഫ്) ന്റെ ആധുനികവത്കരണത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായി ആന്ധ്രയിലെ റോബോകോപ്ലർ എന്ന കമ്പനിയാണ് റോബോട്ട് നിർമിച്ചത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് നിരവധി പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് ഇതു വികസിപ്പിച്ചെടുത്തത്. 20 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഭാവിയിൽ റോബോട്ടിന്റെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള് ലഭ്യമാക്കല്, സ്റ്റേഷന് മേല്നോട്ടം എന്നീ മേഖലയിലാണ് അര്ജുന് റോബോട്ട് പ്രവര്ത്തിക്കുക. യാത്രക്കാര്ക്ക് റെയില്വേയുമായി ബന്ധപ്പെട്ട സംശയങ്ങള്, ട്രെയിന് വിവരങ്ങള് മുതലായവയെല്ലാം റോബോട്ടിനോടു ചോദിച്ചറിയാം. ഇതിന്റെ എല്ലാ വശങ്ങളിലും നിരീക്ഷണ കാമറകളുണ്ട്. ഈ സവിശേഷതകൾക്കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നു.
റെയില്വേ സ്റ്റേഷനിലെ തിരക്ക് സംബന്ധിച്ച വിവരം അര്ജുന് സ്വയം അവലോകനം ചെയ്ത് ആര്പിഎഫിനു കൈമാറും. റെയില്വേ സ്റ്റേഷന് വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള് നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റക്കഗ്നിഷന് സംവിധാനം റോബോട്ടിനു നല്കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്ക്ക് വിവരം നല്കും. നമസ്തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല് സല്യൂട്ട് അടിക്കും. പുത്തന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണു റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്പിഎഫ് ഇന്സ്പെക്ടര് ജനറല് അലോക് ബോറ പറഞ്ഞു.
Kerala
കൊച്ചി: ആലുവയില് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില് കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്റണിയെ രണ്ടു മണിക്കൂര് നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര് ഫോഴ്സ് ഉദ്യോഗസ്ഥര് പുറത്തെടുത്തത്. ഇന്ന് പുലര്ച്ചെ അഞ്ചിനായിരുന്നു അപകടം.
ആലുവ മംഗലപ്പുഴ പാലത്തിന് മുകളില് വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില് മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്. അപകടത്തില് കാര് പൂര്ണമായും തകര്ന്നു. അപകടം നടന്നയുടന് കാറിലുണ്ടായിരുന്ന മറ്റുള്ളവര്ക്ക് പുറത്തിറങ്ങാന് കഴിഞ്ഞിരുന്നു.
എന്നാല് പിന്സീറ്റിലിരുന്ന ആന്റണിയുടെ കാല് സീറ്റിനിടയില് കുടുങ്ങിപ്പോയി. തുടര്ന്ന് ആലുവയില് നിന്നും ഫയര്ഫോഴ്സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള് ഉപയോഗിച്ച് കാറിന്റെ ഡോര് മുറിച്ചു മാറ്റിയാണ് ആന്റണിയെ പുറത്തെടുത്തത്.
District News
അടൂർ: റോഡരികില് വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ് ഇടത്തിട്ട മണ്ണില് വടക്കേതില് വീട്ടില് എം.എസ്. മിഥുന് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്യാത്രികന് കൊടുമണ് ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.
Kerala
കാട്ടാക്കട: മൈലോട്ടുമൂഴിയിൽ രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ശാന്ത എന്ന സ്ത്രീയുടെ കൈയ്ക്കു ഗുരുതരമായി പരിക്കേറ്റു. കൈവിരലുകൾ അറ്റുപോകാറായ സ്ഥിതിയിലായിരുന്നു.
ഒരു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇറക്കവും വളവും കൂടിയ റോഡ് ഭാഗമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇറക്കവും വളവും അപകടത്തിന്റെ തീവ്രത കൂട്ടിയതായി പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
District News
നർക്കിലക്കാട്: കെഎസ്ആർടിസിയുടെ വെള്ളരിക്കുണ്ട്-എറണാകുളം സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ സ്റ്റോപ്പിൽനിന്ന് കയറ്റാതെ ജീവനക്കാരുടെ പിടിവാശി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാനായി ടിക്കറ്റെടുത്ത ദിലീപ് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. നർക്കിലക്കാട് സ്റ്റോപ്പിൽവച്ച് യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ജീവനക്കാർ ഒരു മണിക്കൂറോളം നേരം ബസ് ഇവിടെത്തന്നെ നിർത്തിയിടുകയും ചെയ്തു. ഒടുവിൽ ചിറ്റാരിക്കാലിൽ നിന്ന് പോലീസെത്തി പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനു ശേഷമാണ് ബസ് യാത്ര തുടർന്നത്. ഇന്നലെ സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു സംഭവം.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെള്ളരിക്കുണ്ട് കഴിഞ്ഞാൽ ഈ ബസിന് അടുത്ത ബുക്കിംഗ് സ്റ്റേഷനായി കാണിക്കുന്നത് ചിറ്റാരിക്കാലാണ്. എന്നാൽ ഈ രണ്ട് സ്ഥലങ്ങൾക്കിടയിലെ മറ്റു സ്റ്റോപ്പുകളിലും സാധാരണനിലയിൽ ബസ് നിർത്തി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാറുണ്ട്. ഈ രീതിയിൽ ഇന്നലെ നർക്കിലക്കാട് ആളുണ്ടെന്ന് ദിലീപ് കണ്ടക്ടറെ മുൻകൂട്ടി വിളിച്ച് അറിയിച്ചിരുന്നു.
എന്നാൽ അവിടെ നിർത്താനാകില്ലെന്നും ചിറ്റാരിക്കാലിലേക്ക് വരണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് പെട്ടെന്ന് ചിറ്റാരിക്കാലിലേക്ക് മറ്റു ബസുകളൊന്നും കിട്ടിയില്ല. നർക്കിലക്കാട് സ്റ്റോപ്പിൽ കാത്തുനിന്ന ദിലീപിനു മുന്നിൽ ആദ്യമെത്തിയത് ബുക്ക് ചെയ്ത് സ്വിഫ്റ്റായിരുന്നു. ദിലീപ് കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതോടെയാണ് നാട്ടുകാർ ബസ് തടഞ്ഞുനിർത്തി യാത്രക്കാരനെ കയറ്റിയത്. എന്നാൽ ഇതിന്റെ വാശിക്ക് ജീവനക്കാർ ബസ് അവിടെത്തന്നെ നിർത്തിയിട്ട് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. മലയോരമേഖലയിൽ നിന്ന് നിറയെ യാത്രക്കാരുണ്ടാകാറുള്ള ബസിലെ ജീവനക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ നാട്ടുകാർ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: ട്രെയിനില്വെച്ച് പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരന് കുത്തിപ്പരിക്കേൽപ്പിച്ചു. കോട്ടയം ചിങ്ങവനത്തുവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ ചെങ്ങന്നൂര് സ്വദേശിയായ സനൽകുമാർ ആശുപത്രിയിൽ ചികിത്സതേടി.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പ്രതി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ അനിൽകുമാറും ടിടിഇയുമായി വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിൽ ഇടപെട്ടപ്പോഴാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാറെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: യാത്രക്കാരനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരനായ അങ്കിത് ധവാനെ കൈയേറ്റം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ചെക്കിംഗിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
NRI
ബെര്ലിന്: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന് കാനറിയയില് നിന്ന് ഹാംബുര്ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില് വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്ബാവോയില് വിമാനം അടിയന്തര ലാന്ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
Kerala
തൃശൂര്: ഊരകത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര് യാത്രക്കാരി മരിച്ചു. തൃശൂര് പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ.
സ്നേഹ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനൽകും.
Kerala
തൃശൂര്: കുതിരാന് തുരങ്കത്തിനുള്ളില് മിനി ലോറി അപകടത്തില്പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില് വച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്ന്ന് പോവുന്നതിന്റെയും കൈവരിയില് തട്ടുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. അതിനിടെ സുജിന്റെ കൈ കൈവരിയില് പെടുകയായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലന്സിലും കൈ മറ്റൊരു ആംബുലന്സിലുമായാണ് ആശുപത്രിയില് എത്തിച്ചത്.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.
Kerala
തൃശൂർ: മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു (52) എന്നയാൾക്കാണ് പരിക്കേറ്റത്.
മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം.
സീറ്റിൽ നിന്ന് എഴുന്നേറ്റ് യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന ജയ്ജു മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്.
യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.
അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്കും പരിക്കേറ്റു. ഇരുവരും നിർമാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
Kerala
കൊച്ചി: ചെറായിയില് പതിനാറുകാരന് അമിതവേഗതയില് ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. 18 കിലോമീറ്ററോളം സഞ്ചരിച്ച കാര് നിരവധി വാഹനങ്ങളില് ഇടിച്ചു. പിന്നാലെ പിന്തുടര്ന്ന പോലീസ് കാര് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പ് വൈപ്പിനില്വച്ച് കാര് തടഞ്ഞു നിര്ത്തി.
പതിനാറുകാരന്റെ അച്ഛന് അബ്ദുല് റഷീദിനെതിരെ പോലീസ് കേസെടുത്തു. രാവിലെ വീട്ടില് നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്. വഴിയില്നിന്ന് കാറില് മറ്റൊരാണ്കുട്ടിയും പെണ്കുട്ടിയും കയറി.
ചെറായി ടൗണില് നിന്ന് കാര് തിരിച്ചെടുത്തപ്പോള് ആദ്യഅപകടം. പിന്നെയും മുന്നോട്ട് പോകുന്ന വഴിയില് വഴിയാത്രക്കാരിയെ ഇടിച്ചിട്ടു. മുന്നില്പ്പെട്ട വാഹനങ്ങളിലെല്ലാം തട്ടി. അപകടകരമായ രീതിയില് വഴിമധ്യേ വീണ്ടും വാഹനം തിരിച്ചു. വിവരം ലഭിച്ച പോലസ് കാറിനെ പിന്തുടര്ന്നു.
തീരദേശ പാതയിലൂടെ 18 കിലോമീറ്ററോളം ഓടിയ കാര് ഒടുവില് കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പ് പോലീസ് തടഞ്ഞുനിര്ത്തി പിടികൂടി. ഗുതുരമായ നിയമലംഘനത്തില് കാറിന്റെ ആര്സി ഉടമയായ കൂട്ടിയുടെ രക്ഷിതാവ് കലൂര് സ്വദേശി അബ്ദുള് റഷീദിനെതിരെ പോലീസ് കേസെടുത്തു.
Kerala
കൊല്ലം : ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.
ഇത്തരത്തിലുള്ള യാത്രാ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്. പരീക്ഷണാർഥം ഗയ - ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു.
വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചുവെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.
റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം ഒമ്പത് മണിക്കൂറിനുള്ളിൽ 740 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ യാത്രാ വണ്ടികൾ സർവീസ് നടത്താൻ റെയിൽവേ ആലോചിക്കുന്നത്.
ഇതുവഴി നിലവിലുള്ള റൂട്ടുകളിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുക മാത്രമല്ല ട്രെയിനുകൾ കൃത്യസമയത്ത് ഓട്ടം പൂർത്തിയാക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചരക്കുകളുടെ അതിവേഗത്തിലുള്ള ഗതാഗതം നടപ്പിലാക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ സ്ഥാപിച്ചിട്ടുള്ളത്.
2025 മാർച്ച് വരെ ആകെ 2,843 കിലോമീറ്റർ ഡിഎഫ്സിയുടെ 96.4 ശതമാനം കമ്മീഷൻ ചെയ്തു. ഇതിൽ 1,337 കിലോമീറ്റർ ഈസ്റ്റേൺ സെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും 1,506 കിലോമീറ്റർ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ഉൾപ്പെടുന്നു.
ഇവയിലാണ് അത്യാവശ്യ ഘട്ടങ്ങളിലും ഉത്സവ വേളകളിലും യാത്രാ ട്രെയിനുകൾ ഓടിച്ച് പ്രവർത്തനം വിപുലീകരിക്കാൻ റെയിൽ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ചരക്ക് ട്രെയിനുകളുടെ നീക്കത്തിന് യാതൊരുവിധ തടസവും ഉണ്ടാകാത്ത രീതിയിലായിരിക്കും യാത്രാ വണ്ടികൾ ഈ കോറിഡോറുകൾ വഴി ക്രമീകരിക്കുക.
Kerala
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്ടിസി ബസ് കോട്ടയം സ്റ്റാന്ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നൽകും. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.