International
ജറൂസലെം: ഇസ്രേലി പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികൾക്കു വധശിക്ഷ നിർബന്ധമാക്കുന്ന നിയമം ഇസ്രയേൽ പാർലമെന്റായ ക്നെസെത്ത് പാസാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണു ബിൽ പാസാക്കിയത്.
തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേൽ പൗരൻമാരെ കൊലപ്പെടുത്തുന്നവർക്കാണ് പുതിയ നിയമപ്രകാരം വധശിക്ഷ നൽകുന്നത്. ഇസ്രയേലിന്റെ നിലനില്പ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കിൽ നടക്കുന്ന കൊലപാതകങ്ങൾക്കു നിയമം ബാധകമാകും. 62 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 48 പേർ എതിർത്തു.
പുതിയ നിയമപ്രകാരം ശിക്ഷ വിധിച്ച് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാണു പ്രധാന വ്യവസ്ഥ. വധശിക്ഷ വിധിക്കാൻ ജഡ്ജിമാരുടെ കേവലഭൂരിപക്ഷം മതിയാകും. പ്രതികൾക്ക് അപ്പീൽ നൽകാനുള്ള അവകാശവും പുതിയ നിയമം എടുത്തുകളയുന്നു. സൈനിക കോടതികളിൽ വിചാരണ നേരിടുന്ന പലസ്തീനികൾക്കു മാത്രമാണ് നിയമം ബാധകമാകുന്നത്.
ഇസ്രയേലിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നത് അപൂർവമാണ്. 1962ൽ നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയതാണ് അവസാനസംഭവം. തീവ്രവാദകേസുകളിൽ ഇസ്രയേലിൽ മുമ്പ് വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.
വിവേചനപരമായ വധശിക്ഷാ നിയമം റദ്ദാക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലും ഇസ്രയേലിലുമുള്ള പലസ്തീനികൾക്കു മാത്രം ബാധകമാകുന്ന നിയമം വർണവിവേചനത്തിന് ആക്കം കൂട്ടുന്നതാണെന്ന് യുഎൻ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധക്കുറ്റമാണു പുതിയ തീരുമാനമെന്ന് പലസ്തീൻ അഥോറിറ്റി പ്രതികരിച്ചു.
യൂറോപ്യൻ കൗൺസിൽ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ഇസ്രേലി തീരുമാനത്തെ അപലപിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ഏകപക്ഷീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ പൗരൻമാരുടെ വിചാരണ സിവിൽ കോടതികളിൽ നടക്കുന്നതിനാൽ ജൂതന്മാരായ കുറ്റവാളികളെ നിയമത്തിൽനിന്ന് ഒഴിവാക്കിയെന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
National
ന്യൂഡൽഹി: സെലക്ട് കമ്മിറ്റി നിർദേശിച്ച 12 ഭേദഗതികൾ ഉൾപ്പെടുത്തി ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
പാപ്പരത്ത നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ കർശന സമയപരിധി, കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിന് അവസരം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും കൂടുതൽ പരിശോധനകൾക്കായി സെലക്ട് കമ്മിറ്റിക്കു വിടുകയായിരുന്നു. പിന്നീട് ശിപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഡിസംബറിൽ സമർപ്പിച്ചു.
കമ്മിറ്റിയുടെ ശിപാർശകൾ എല്ലാം അംഗീകരിച്ചതായി ബിൽ ചർച്ചയ്ക്കു മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
പാപ്പരത്തവുമായി ബന്ധപ്പെട്ട അപേക്ഷയിലെ നടപടിക്രമങ്ങൾ, വീഴ്ച സ്ഥിരീകരിച്ചു 14 ദിവസത്തിനുള്ളിൽ ആരംഭിക്കണമെന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്.
ഐബിസി നടപടികളുമായി ബന്ധപ്പെട്ട അപ്പീലീലിൽ ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും വ്യവസ്ഥയുണ്ട്.
National
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ പേഴ്സണ്സ് (അവകാശ സംരക്ഷണ) ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിനു കൃത്യമായ നിർവചനം നൽകാനും വിവിധ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വയ അവബോധത്തിൽ സൃഷ്ടിച്ച ലൈംഗിക വ്യക്തിത്വങ്ങളെയും’ നിയമപരിധിയിൽനിന്ന് ഒഴിവാക്കുന്നതുമായ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസും ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധമുയർന്നതിനിടെയാണ് ബിൽ ലോക്സഭ കടന്നത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ സമത്വവും വിവേചനമില്ലായ്മയും അന്തസും ഉയർത്തിക്കാട്ടി ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്ക് സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുമുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധി നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചനകൾ നടത്താതെ കൊണ്ടുവന്ന ബിൽ ബഹുമാനമില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നാണ് കോണ്ഗ്രസ് എംപി ജ്യോതിമണി സഭയിൽ പറഞ്ഞത്.
അതിനിടെ രാജ്യത്തുടനീളമുള്ള ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തകർ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും രാഹുൽ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ വ്യക്തിത്വത്തിനെതിരേയും ഭരണഘടനാ അവകാശങ്ങൾക്കെതിരേയുമുള്ള ആക്രമണമാണെന്ന് രാഹുൽ പ്രതികരിച്ചു.
National
റായ്പുർ: കർക്കശമായ വ്യവസ്ഥകളോടെ ഛത്തീസ്ഗഡ് സർക്കാരും മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ല് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.
സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ബില്ലിനെ എതിർത്തു. ബലപ്രയോഗം, വഞ്ചന, തെറ്റായ പ്രതിനിധാനം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനം തടയുകയെന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
കൂട്ട മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, മനോദൗർബല്യമുള്ളവർ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗം എന്നിവരെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കിയാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമാണ് ബില്ലാണ് അവതരിപ്പിച്ചത്. രണ്ടോ അതിലധികമോ പേർ ഒരു ചടങ്ങിൽ മതം മാറുന്നതിനെ കൂട്ട മതംമാറ്റം എന്നാണു ബില്ലിൽ നിർവചിച്ചിരിക്കുന്നത്.
ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ പുനഃപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിരാകരിച്ചു.
നേരത്തേ ബില്ല് അവതരിപ്പിക്കാൻ ഉപമുഖ്യമന്ത്രി സ്പീക്കറോട് അനുവാദം തേടിയപ്പോൾത്തന്നെ പ്രതിപക്ഷനേതാവ് ചരൺദാസ് മഹന്ത് എതിർപ്പറിയിച്ചു. 11 സംസ്ഥാനങ്ങളിൽനിന്നുള്ള സമാനമായ നിയമം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തിടുക്കപ്പെട്ട് ബില്ല് അവതരിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽനിന്നുള്ള വിരമിച്ച ജഡ്ജിമാർ, ഭരണ-പ്രതിപക്ഷ അംഗങ്ങൾ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കായി ബില്ല് വിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് യാതൊരുവിധ വിലക്കുമില്ലെന്നും പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ നിയമസഭയിൽ പറഞ്ഞു. ഇതിനു പിന്നാലെ ബില്ലവതരണത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാരും കർക്കശ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പാസാക്കി.
National
ന്യൂഡൽഹി: എൽപിജി വിലവർധനയിലും ലഭ്യതക്കുറവിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു.
ഇന്നലെ രാവിലെ 11ന് ലോക്സഭയിൽ നടപടികൾ ആരംഭിപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരേ മുദ്യാവാക്യം മുഴക്കിയതോടെ ഉച്ചവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു. പിന്നീട് രണ്ടു തവണ ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ തിങ്കളാഴ്ച ചേരുന്നതിനായി ലോക്സഭ പിരിച്ചുവിട്ടു.
എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ഉപധനാഭ്യർഥന ചർച്ചയ്ക്കു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി നൽകി. അടുത്ത സാന്പത്തികവർഷത്തക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകൾക്കുള്ളിൽ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല വ്യക്തമാക്കി.
ആഗോള സാന്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സാന്പത്തികസ്ഥിരതാ ഫണ്ടുകൾക്കായി 57381.84 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി നിർമല പറഞ്ഞു. എൽപിജി ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽപിജി ക്ഷാമം ഉയർത്തിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യം പറയുന്പോൾ അതു കേൾക്കാതെയുള്ള പ്രതിപക്ഷബഹളം വിരോധാഭാസമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതോടൊപ്പം കർഷകർക്ക് 19230 കോടി രൂപയുടെ വളം സബ്സിഡി അധികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമല മറുപടിപ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയ്ക്കു കീഴിൽ സബ്സിഡിയിനത്തിൽ 23,641 കോടിയുടെയും അധികവിനിയോഗത്തിനും പാർലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനായി 41,822 കോടി രൂപ കൂടുതൽ അനുവദിച്ചതായി നിർമല അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ മാർച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിറാംജി നിയമം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നടപ്പ് സാന്പത്തികവർഷത്തെ ബാക്കിയുള്ള കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികച്ചെലവിനുള്ള ധനാഭ്യർഥന ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
Kerala
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ ലക്ഷദീപം ഈ മാസം 14ന് നടക്കും. ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാർകോഡ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. 15,000 പാസുകളാണ് നൽകുന്നത്.
ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദ്വീപവുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ നിരവധി വ്യാജ പാസുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാർകോഡിംഗ് പാസുകൾ ഏർപ്പെടുത്തിയത്.
ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് അവലോകനയോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സ്റ്റാന്റിൽ ലക്ഷദീപത്തോടനുബന്ധിച്ച് വെൽക്കം ഓഫീസ് തുറക്കുന്നതിനും നിർദേശം നൽകി. ഓൺലൈനായാണ് പാസുകൾ ബുക്ക് ചെയ്യേണ്ടത്. ആധാർ കാർഡ് വഴി ലോഗിൻ ചെയ്യാം. പാസിന്റെ കോപ്പിയും ആധാർ കാർഡുമായി എത്തുന്ന ഭക്തർക്ക് അവരവർക്ക് നിർദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാം.
ജനുവരി 14ന് വൈകുന്നേരം അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടിന് ചടങ്ങുകൾ ആരംഭിക്കും. ശീവേലി ദർശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകൾ തെളിയിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള ലൈറ്റുകൾ, വാഹനങ്ങളുടെ പാർക്കിംഗ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ആണവോർജ ബിൽ പാസായി. സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ 2025 എന്നറിയപ്പെടുന്ന ബില്ല് ഇതോടെ നിയമമാകുന്നതിലേക്ക് ഒരു പടികൂടി അടുത്തു.
ആണവമേഖലയുടെ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന സുപ്രധാന ബില്ല് പാർലമെന്ററി സമിതികൾക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ചെവികൊടുക്കാതെയാണ് ബില്ല് രാജ്യസഭയിൽ കേന്ദ്രം പാസാക്കിയത്.
ആണവോർജം സ്വകാര്യവത്കരിക്കുന്പോഴുള്ള സുരക്ഷാ ആശങ്കകളും ആണവ അപകടത്തിന്റെ ബാധ്യതകളെപ്പറ്റിയുള്ള വ്യവസ്ഥകളും ബില്ല് സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആണവോർജത്തിന്റെ സന്പന്നമായ ചരിത്രം അനുസ്മരിച്ച കോണ്ഗ്രസ് എംപി ജയ്റാം രമേശ്, മേഖലയിലെ നിർണായക വികാസങ്ങൾ 2014നും പതിറ്റാണ്ടുകൾ മുന്പ് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി.
ഹോമി ബാബയെ ചെയർമാനാക്കി 1948 ഓഗസ്റ്റ് 15ന് ആണവോർജ കമ്മീഷൻ രൂപീകരിച്ചതിനുശേഷം ആണവോർജവുമായി ബന്ധപ്പെട്ട ആദ്യ നിയമനിർമാണം 1948 ഏപ്രിൽ ആറിനാണു പാസായതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ബില്ല് ഇന്ത്യയുടെ ആണവോർജ സംവിധാനത്തിന്റെ പ്രഭുവാഴ്ചയ്ക്കു വഴിവയ്ക്കുമെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ മുഖവിലയ്ക്കെടുക്കാതെ ആണവോർജത്തിന്റെ വിതരണ ബാധ്യതയെ ദുർബലപ്പെടുത്തുകയാണ് ബില്ല് ചെയ്യുന്നതെന്ന് ഡിഎംകെ എംപി പി. വിൽസൺ പ്രതികരിച്ചു.
ബില്ല് പ്രഥമമായി ആണവ വിതരണക്കാർക്ക് ഗുണം ചെയ്യുന്നതിനായി അവതരിപ്പിച്ചതാണെന്ന് സിപിഎം എംപി എ.എ. റഹീം പറഞ്ഞു. എന്നാൽ ആണവോർജത്തിന്റെ സുരക്ഷാസംവിധാനത്തിൽ ബില്ല് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പുതിയ നിയമനിർമാണം സുരക്ഷ, നിയന്ത്രണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ ആണവോർജ ചട്ടക്കൂട് ആധുനികവത്കരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരിസഭയും അധോസഭയും കടന്ന ബില്ല് ഇനി രാഷ്ട്രപതിയുടെ അന്തിമ അനുമതിയും ലഭിച്ച് ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമമായി മാറും.
ആണവോർജ ബില്ലിനെതിരേ ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ (എഐപിഇഎഫ്) ഈ മാസം 23ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളുമായും കർഷകസംഘടനയായ സംയുക്ത് കിസാൻ മോർച്ചയുമായും (എസ്കഐം) സഹകരിച്ചാണു പ്രതിഷേധം.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ആര്. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പുലര്ച്ചെയായിരുന്നു അന്ത്യം.
1991 ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല് കോവളത്തുനിന്നും 1991ല് പാറശാലയില്നിന്നും നിയമസഭയില് എത്തി.
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ സി.എം. ഓമന. മക്കള്: ആര്. പ്രപഞ്ച് ഐഎഎസ്, ആര്. വിവേക്.