പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ഭക്തര്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ശബരിമല സുരക്ഷാ യാത്ര സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ മണ്ണാറക്കുളഞ്ഞി ജംഗ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച യാത്ര പമ്പ വരെയുള്ള പ്രധാന കേന്ദ്രങ്ങളും തീര്‍ഥാടന പാതകളും സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
തീര്‍ഥാടനകാലത്ത് റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി രണ്ടു മാസം മുമ്പ് പോലീസ്, ആര്‍ടിഒ, പൊതുമരാമത്ത് റോഡ്സ്, ഹൈവേ, കെഎസ്ടിപി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രാഥമിക പരിശോധന നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നാലുകോടി രൂപ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുകയും കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമാണ് സുരക്ഷാ യാത്ര സംഘടിപ്പിച്ചതെന്നും തീര്‍ഥാടനകാലത്ത് നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഒരുക്കങ്ങളും നേരിട്ട് പരിശോധിച്ച് പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറും ഹൈവേ പട്രോളിംഗ്
തീര്‍ഥാടന പാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണാറക്കുളഞ്ഞി മുതല്‍ ഇലവുങ്കല്‍ വരെയുള്ള റോഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹൈവേ പട്രോളിംഗ് സംവിധാനം ആരംഭിച്ചതായി ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദ് പറഞ്ഞു. തീര്‍ഥാടനകാലത്ത് അപകടസാധ്യതയും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി പൊലിസ് നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച സ്പെഷല്‍ പൊലിസ് ഓഫീസര്‍മാരെ റാന്നി, വടശേരിക്കര, ളാഹ, നിലയ്ക്കല്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതലായി വിന്യസിക്കും. തമിഴ്നാട്ടില്‍ നിന്ന് കോന്നി, കൂടല്‍ ഭാഗങ്ങളിലൂടെ എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഈ മേഖലകളിലും പൊലിസിനെ നിയോഗിക്കും. പന്തളം ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടത്താവളങ്ങളിലും പ്രത്യേക പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.
റോഡുകളില ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിനാകും പൊലിസിന്റെ പ്രധാന പരിഗണന. പ്രദേശത്തെ ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. തീര്‍ഥാടന പാതയിലെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആര്‍ടിഒയും ബന്ധപ്പെട്ട സിഐമാരും നേരിട്ടു സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ടിഒയുമായി സഹകരിച്ച് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.
അപകടമേഖലയിൽ കൂടുതൽ സുരക്ഷ
സുരക്ഷാ യാത്രയില്‍ റോഡുകളിലെ തടസങ്ങള്‍, അപകടസാധ്യതയുള്ള സ്ഥലങ്ങള്‍, വഴികളിലെ സുരക്ഷ, വഴിയരികിലെ കാടുകള്‍ വെട്ടിത്തെളിക്കല്‍, വൈദ്യുതവിളക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, കടവുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു. ആവശ്യമായ ഇടങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
മണ്ണാറക്കുളഞ്ഞി - ചാലക്കയം പാതയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനം ശക്തമാക്കും. മുൻകാലങ്ങളിൽ അപകടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ വേർതിരിച്ച് സുരക്ഷ ഏർപ്പെടുത്തും. പൊലിസിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടതെ മോട്ടോർ വാഹനവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് ശബരിമല പാതകൾ. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ശബരിമല പാതയിൽ സുരക്ഷാ ചുമതലയിലുണ്ടാകും.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊലിസ്, വനം, അഗ്നി സുരക്ഷാ സേന, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, കെഎസ്ഇബി, ജലസേചനം, ജല അഥോറിറ്റി, ഗതാഗതം, തദ്ദേശസ്വയംഭരണം, വനം, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സുരക്ഷാ യാത്രയില്‍ പങ്കെടുത്തു.