മൂലമറ്റം: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലകളില്‍ മൂലമറ്റം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് ആൻഡ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.
തൃശൂര്‍ പള്ളിപ്പുറം അടിയാനിപ്പറമ്പില്‍ എ.ജെ. ഇജാസും (26) പ്രായപൂര്‍ത്തിയാകാത്ത ആളുമാണ് പിടിയിലായത്. ഇവരില്‍നിന്നു സ്കൂട്ടറില്‍ കൊണ്ടുവന്ന 0.147 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 4.9 ഗ്രാം ഹാഷിഷ് ഓയില്‍, 6.930 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
കാഞ്ഞാര്‍ - പുള്ളിക്കാനം റോഡില്‍ ഇലപ്പള്ളി പുരയിടം കവലയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ലഹരിവസ്തുക്കള്‍ വാഗമണ്‍ വിനോദസഞ്ചാര മേഖലയിലേക്ക് എത്തിച്ചതെന്നാണ് സൂചന.
എക്സൈസ് ഇന്‍സ്പെക്ടര്‍ അര്ജുന് ഷാജു, പ്രിവന്റീവ് ഓഫിസര്‍ പി.സി. റെജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മാനുവല്‍ ജേക്കബ്, ആര്. മുകേഷ്, പി.എസ്. അനൂപ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഷാജി ജയിംസ്, കെ.എസ്. അസീസ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.