മണ്ണുത്തി: ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുശേഷം മണ്ണുത്തിയിലുണ്ടാകുന്ന അതിരൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധസമിതിയെ നിയോഗിക്കും. വിദഗ്ധസമിതി തയാറാക്കുന്ന മാസ്റ്റർപ്ലാൻ മണ്ണുത്തിയിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയതിനുശേഷം നടപ്പാക്കുമെന്നും കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മണ്ണുത്തിയിലെ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്. കാനകൾ ശാസ്ത്രീയമായി നിർമിക്കാത്തതും പല സ്ഥലങ്ങളിലും കാനകളുടെ പണി പൂർത്തീകരിക്കാത്തതുമാണ് വെള്ളക്കെട്ടിനു കാരണം.
ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുമുമ്പ് പ്രദേശത്ത് വെള്ളം ഒഴുകിപ്പോകുന്ന നാലുകാനകൾ ഉണ്ടായിരുന്നു. ഇതിൽ ഒരു കാന ദേശീയപാത അഥോറിറ്റി നിർമിക്കാതിരുന്നതു നിലവിലെ വെള്ളക്കെട്ടിന് കാരണമായതായി മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.യു. മുത്തു പറഞ്ഞു.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ്, കോർപറേഷൻ കൗൺസിലർമാരായ സിന്റാമോൾ സോജൻ, നീതു സുമേഷ്, പോളി ജോസ് കുളങ്ങര, കോൺഗ്രസ് നേതാക്കളായ രവീന്ദ്രൻ കരുമത്തിൽ, വി.വി. ജോബി, സി.എ. ജോസ്, ലിസി ജോൺസൺ തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.