വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിൽ സ്ഥിരമായ സൈനികതാവളങ്ങൾ സ്ഥാപിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇതിന് ഇസ്രയേൽ പച്ചക്കൊടി കാട്ടിയതായും വരുംദിവസങ്ങളിൽ വാഷിംഗ്ടണിൽ നടക്കുന്ന ചർച്ചകളിൽ ഇതിന്റെ അന്തിമ രൂപരേഖ തയാറാക്കുമെന്നും ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സുരക്ഷാസാഹചര്യം മുൻനിർത്തി അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം വർധിപ്പിക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. നിലവിൽ അമേരിക്കൻ സൈനികർ ഇസ്രയേലിൽ ഉണ്ടെങ്കിലും അതു താത്കാലിക സംവിധാനങ്ങൾ മാത്രമാണ്.
എന്നാൽ പുതിയ തീരുമാനമനുസരിച്ച് അത്യാധുനിക ആയുധശേഖരത്തോടുകൂടിയ സ്ഥിരം താവളങ്ങളാണു നിർമിക്കുക. മേഖലയിലെ സമാധാനത്തിന് അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇറാന്റെയും ഇറാൻ അനുകൂല ഭീകരസംഘടനകളുടെയും ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഈ സൈനിക വിന്യാസം ഉപകരിക്കുമെന്ന് ഇസ്രയേൽ കരുതുന്നു.
ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലോ മറ്റു തന്ത്രപ്രധാന ഇടങ്ങളിലോ ആയിരിക്കും താവളങ്ങൾ വരിക. അമേരിക്കൻ കോൺഗ്രസിന്റെ അനുമതികൂടി ലഭിച്ചാൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കും.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക നൽകുന്ന ഉറപ്പിന്റെ ഭാഗമായാണ് താവളങ്ങൾ നിർമിക്കുന്നത്. നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി അമേരിക്കയ്ക്ക് എട്ടു സൈനികതാവളങ്ങളും ഇവിടങ്ങളിൽ 40,000ത്തിലേറെ സൈനികരുമുണ്ട്.
Tags : US establish permanent military bases Israel