മാനന്തവാടി: വയനാടന്‍ ജനത അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാക്ലേശത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും തയാറാകണമെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍നിന്ന് ഇതര പ്രദേശങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാണ്. ആരോഗ്യ, കാര്‍ഷിക, സാമ്പത്തിക, ടൂറിസം മേഖലകളെ ഇത് ബാധിച്ചു. ചുരം റോഡുകളില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. താമരശേരി ചുരം നവീകരണം മന്ദഗതിയിലാണ്.
നവീകരണ ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം.
കുറ്റിയാടി, പാല്‍ചുരം, നെടുംപൊയില്‍, നാടുകാണി, ചുരങ്ങളിലൂടെയുള്ള യാത്രയും ദുരിതപൂര്‍ണമാണ്. പ്രതികൂലകാലാവസ്ഥയില്‍ ദുരിതം ഇരട്ടിയാകും. വൈകുന്നേരം ആറ് കഴിഞ്ഞാല്‍ ബാവലിയിലൂടെയും രാത്രി ഒമ്പതിനുശേഷം മുത്തങ്ങയിലൂടെയും കര്‍ണാടകയിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും കച്ചവടക്കാരെയും കര്‍ഷകരെയും ബാധിക്കുകയാണ്.
രാത്രിയാത്രാ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണം. വയനാട് തുരങ്കപാത, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത എന്നിവ എത്രയും വേഗം യാഥാര്‍ഥ്യമാക്കണം. ബൈരക്കുപ്പ പാലം നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ജില്ലയില്‍നിന്നുള്ള മന്ത്രിയും എംപിയും എംഎല്‍എമാരും ഇക്കാര്യത്തില്‍ ഉദാസീനത അവസാനിപ്പിക്കണം.
പ്രിയങ്ക ഗാന്ധി എംപി കാര്യക്ഷമമായി ഇടപെട്ടാല്‍ വയനാടിന്റെ യാത്രാപ്രശ്നം അതിവേഗം പരിഹരിക്കാനാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, തോമസ് പട്ടമന, സാജു പുലിക്കോട്ടില്‍, മോളി മാമൂട്ടില്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ബീന കരിമാംകുന്നേല്‍, മെസിന തോട്ടത്തില്‍, ബെന്നി പുത്തന്‍പറമ്പില്‍ സേവ്യര്‍ കൊച്ചുകുടി, ജില്‍സ് മേക്കല്‍, സുനില്‍ പാലമറ്റം, ഷിജു കാരുണ്യമാതാ, റെനില്‍ കഴുതാടി, ജിജോ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.