കൊച്ചി: നാടകപഠനവും പരിശീലനവും കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന് പ്രമുഖ നാടകസംവിധായകനും നടനുമായ പ്രഫ.ചന്ദ്രദാസൻ.
കെസിബിസി മീഡിയ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും സർഗാത്മക വ്യക്തികളാക്കി അവരെ മാറ്റാനും കൂടുതൽ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
‘നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം’എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഷേർളി സോമസുന്ദരം, വർഗീസ് പനക്കളം, ഡോ. തോ മസ് പനക്കളം, ടി.എം. ഏബ്രഹാം, ഗിരീഷ് സോപാനം, അമൽരാജ് ദേവ്, ഡോ.തോമസ് പനക്കളം, പൗളി വിത്സൺ, എം.എസ്. ശിവകുമാർ , ഡോ. സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ, സിജോ ആന്റണി, കെ. കരുൺ തുടങ്ങിയവരാണു സെഷനുകൾ നയിക്കുന്നത്. ശില്പശാല 22ന് സമാപിക്കും.