ആറ്റിങ്ങൽ: കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ മുൻ വിദേശകാര്യ മന്ത്രി വി.മുരളീധരൻ എംഎൽഎയെക്ക ണ്ടു നിവേദനം നൽകി.
അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ ലിയോണി (26)ന്റെ അമ്മ മേരിക്കുട്ടിയും അഞ്ചുതെങ്ങ് പള്ളിപ്പുരയിടം അമൻ ജെറോ(27)മിന്റെ അമ്മ മറിയക്കുട്ടിയുമാണു നിവേദനം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ 20 പേർ കമ്പോഡിയയിൽ കുടുങ്ങിക്കിടക്കുന്നതായി മൊബൈൽ സന്ദേശം ലഭിച്ചത്. ഇവരിൽ അഞ്ചുപേർ അഞ്ചുതെങ്ങ് സ്വദേശികളാണ്.
മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ വർഗീസ് (27), ഭാര്യ ആൻസി മറിയ (22), ഭാര്യാ സഹോദരൻ ആന്റണി എഡ്വിൻ (24) എന്നിവരും ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരാണ് ബാക്കിയുള്ളവർ. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതായാണു വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റുഫോണുകളിൽനിന്നും അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണു വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു. ഇതു രണ്ടാം തവണയാണ് അഞ്ചു തെങ്ങ് സ്വദേശികൾ കമ്പോഡിയയിൽ കുടുങ്ങുന്നത്. വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്നു കമ്പോഡിയയിൽ കുടുങ്ങിയത്. അന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വി. മുരളീധരന്റെ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.