ഇടുക്കി: ജില്ലയിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ നേരില്‍ക്കണ്ട് നിവേദനം നല്‍കുന്നതിനായി നിരവധിപ്പേരാണ് എത്തിയത്. കളക്ടറേറ്റിലെ യോഗത്തിനു ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി കടന്നുപോയ ഭാഗത്ത് സ്ത്രീകളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമടക്കം നിരവധിപ്പേര്‍ നിവേദനങ്ങളുമായി അദ്ദേഹത്തിന്റെ മുമ്പിലെത്തി. എല്ലാവരില്‍നിന്നും നേരിട്ട് നിവേദനം വാങ്ങുകയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഇടുക്കി ബിഷപ് ഹൗസിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി ഒട്ടേറെപ്പേര്‍ ഇവിടേയും എത്തിയിരുന്നു. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിനു ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായെത്തിയതോടെ നിങ്ങളെ ഇന്നു കാണുന്നില്ലെന്നായിരുന്നു മറുപടി.