ഇരിട്ടി: കോടികൾ മുടക്കി പ്രഖ്യാപനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്തിയ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം തന്നെ പാളിയതായി ആരോപണം. പടിയൂർ പഞ്ചായത്തിലെ കല്യാട് പറമ്പിൽ നിർമാണം നടക്കുന്ന കേന്ദ്രത്തിന്റെ ആദ്യഘട്ടം ആറുമാസം മുന്പ് ഉദ്ഘാടനം ചെയ്തെങ്കിലും തുടർനിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് നാളുകളായി.
111 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത ഭൂമിയും ഏകദേശം 88 കോടി രൂപ ചെലവിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളും ഇപ്പോൾ കാടുകയറി കിടക്കുകയാണ്. പൊടിയും മണ്ണും മാറാലയും നിറഞ്ഞ കെട്ടിട പരിസരം തെരുവുനായ്ക്കളുടെ താവളമായതായും നാട്ടുകാർ പറയുന്നു. നിർമാണത്തിലും പദ്ധതിയുടെ നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നതായാണ് പ്രദേശവാസികളുടെ ആരോപണം. നിർമാണം നടന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതിയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; നിർമാണം നിലച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ആശുപത്രി, ലൈബ്രറി, മാനുസ്ക്രിപ്റ്റ് കേന്ദ്രം, നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് തുടങ്ങിയവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയതായി അന്ന് പ്രഖ്യാപിച്ചിരുന്നു.1.60 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 100 കിടക്കകളുള്ള ആശുപത്രി, 19,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മാനുസ്ക്രിപ്റ്റ് കേന്ദ്രം, നഴ്സറി ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതായിരുന്നു ആദ്യഘട്ടം. 36 ഏക്കറിലാണ് ഇവ നിർമിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.
ആദ്യഘട്ട ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ട നിർമാണത്തിനും തുടക്കമിട്ടിരുന്നു. ഏകദേശം 300 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രധാന ആയുർവേദ ഗവേഷണ കേന്ദ്രങ്ങളിലൊന്നാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, തിയറ്റർ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗവേഷണ കേന്ദ്രത്തിന് സമീപം 33 കെവി സബ്സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള താമസ-യാത്രാ സൗകര്യങ്ങൾ, ഔഷധസസ്യത്തോട്ടം തുടങ്ങിയ അനുബന്ധ വികസന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാൽപ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങിയെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.
ആദ്യഘട്ടം പോലും കടക്കാതെ ഉദ്ഘാടനം
ഉദ്ഘാടനം കഴിഞ്ഞിട്ടും ആദ്യഘട്ട നിർമാണം പൂർത്തിയായിട്ടില്ല. ഏകദേശം 70 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായതെന്നാണ് വിവരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംന്പിംഗ് ജോലികൾ പോലും ആരംഭിച്ചിട്ടില്ല. പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ നിർമാണം ഉപേക്ഷിച്ച നിലയിലാണെന്നും ആരോപണമുണ്ട്. ഗവേഷണ കേന്ദ്രത്തിനായി സർക്കാർ 314 ഏക്കർ ഭൂമി ഏറ്റെടുത്തതായി അധികൃതർ പറയുമ്പോഴും ഇതിൽ മുഴുവൻ ഭൂമിയും ഏറ്റെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
286 ഏക്കർ നിർമാണത്തിനായി കൈമാറിയതായാണ് ഔദ്യോഗിക വിശദീകരണം. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി. ആദ്യഘട്ട നിർമാണം എറണാകുളം ആസ്ഥാനമായ സിൽപ്പ പ്രോജക്ട്സിനായിരുന്നു. റവന്യൂ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന നൂറിലേറെ ഏക്കറും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്ത 200 ഏക്കറിലേറെ ഭൂമിയും ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്.
റോഡും അടിസ്ഥാന സൗകര്യങ്ങളും തകർന്നു
ഗവേഷണ കേന്ദ്രത്തിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനവുംഎങ്ങുമെത്തിയിട്ടില്ല. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാതയിൽനിന്ന് പടിയൂർ പൂവ്വം വഴി ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്കുപോലും പ്രയാസപ്പെടുന്ന തരത്തിൽ തകർന്നുകിടക്കുകയാണ്. കേന്ദ്രത്തിന് ആവശ്യമായ ഹെലിപ്പാഡ്, ലബോറട്ടറി, താമസസൗകര്യങ്ങൾ തുടങ്ങിയവയുടെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല .
ആളുകളുടെ സാന്നിധ്യം കുറഞ്ഞതോടെ ഉദ്ഘാടന സമയത്ത് ഒരുക്കിയ പുൽത്തകിടിയും നട്ടുപിടിപ്പിച്ച ഔഷധസസ്യങ്ങളും ചെടികളും നശിച്ചുതുടങ്ങി. ആയുർവേദ ഗവേഷണത്തിനും ചികിത്സയ്ക്കുമായി കോടികൾ ചെലവഴിച്ച പദ്ധതി ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾപോലും പൂർത്തിയാക്കാനാകാത്ത അവസ്ഥയിലാണെന്നാണ് വിമർശനം.